പ്രളയക്കെടുതിയില്‍ ഇന്ന് രക്ഷപ്പെടുത്തിയത് 20,000ത്തോളം പേരെ; നാല് ലക്ഷത്തോളം പേര്‍ ദുരിതാശ്വാസ ക്യാംപില്‍; ഭക്ഷണം കിട്ടാതെ നിരവധി പേര്‍; പലയിടങ്ങളിലും കുടുങ്ങിക്കിടക്കുന്നത് ആയിരങ്ങള്‍

സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ നിരവധി പേരെ രക്ഷപ്പെടുത്തി. എങ്കിലും രക്ഷാപ്രവര്‍ത്തനം പൂര്‍ണമായിട്ടില്ല. ഇപ്പോഴും ആയിരങ്ങളാണ് രക്ഷകാത്ത് കുടുങ്ങി കിടക്കുന്നത്. കുടുങ്ങി കിടക്കുന്നവരില്‍ ഇന്ന് 20,000 പേരെ രക്ഷപ്പെടുത്തി. നാല് ലക്ഷം പേരാണ് ദുരിതാശ്വാസ ക്യാംപിലുള്ളത്. രക്ഷാപ്രവര്‍ത്തനത്തിന് 23 ഹെലികോപ്ടറുകളെ കൂടുതലായി വിന്യസിച്ചു. മഴക്കെടുതി രൂക്ഷമായ ഇടങ്ങളിലും മറ്റുമായി സംസ്ഥാനത്ത് ഇന്ന് 30 പേര്‍ മരിച്ചു. അതേസമയം, കേരളത്തില്‍ പതിനൊന്ന് ജില്ലകളില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരത്തും കൊല്ലത്തും കാസര്‍കോട്ടും ഒഴികെ ബാക്കിയെല്ലാ ജില്ലകളിലും കനത്ത മഴ പെയ്യുമെന്നാണ് അറിയിപ്പ്. ഇതോടെ സംസ്ഥാനം വീണ്ടും അതീവ ഗുരുതരവസ്ഥയിലേക്ക് മാറും.

അതീവ ജാഗ്രതാ നിര്‍ദേശമാണ് വീണ്ടും പ്രഖ്യാപിച്ചിരിക്കുന്നത്. ആലുവയിലും ചാലക്കുടിയിലും ചെങ്ങന്നൂരിലും പന്തളത്തും ഭീതി കൂടുകയാണ്. കുട്ടനാട് പ്രളയ ഭീതിയിലാണ്. അതുകൊണ്ട് തന്നെ മഴ വീണ്ടുമെത്തുന്നത് സംസ്ഥാനത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. അതേസമയം, വെള്ളപ്പൊക്ക ദുരിതം ബാധിച്ച ചെങ്ങന്നൂരില്‍ വിവിധയിടങ്ങളിലായി അമ്പത് പേരെങ്കിലും മരിച്ചിട്ടുണ്ടെന്ന് എംഎല്‍എ സജി ചെറിയാന്‍ വ്യക്തമാക്കിയിരുന്നു. രാവിലെ കൂടുതല്‍ ബോട്ടുകള്‍ എത്തിച്ചു കൊണ്ട് യുദ്ധകാല അടിസ്ഥാനത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വിവിധയിടങ്ങളില്‍ നിരവധി ആളുകളാണ് കുടുങ്ങി കിടക്കുന്നതെന്നും സജി ചെറിയാന്‍ വിശദീകരിക്കുന്നു. ഇതോടെ ഏറ്റവും ദുരന്തമുണ്ടായ സ്ഥലമായി ചെങ്ങന്നൂര്‍ മാറുമെന്നാണ് സൂചന.

ആയിരക്കണക്കിന് ആളുകളാണ് ചെങ്ങന്നൂരില്‍ മാത്രം കുടുങ്ങി കിടക്കുന്നത്. ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്തനായി നാല് ഹെലികോപ്ടറുകളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. 15 സൈനിക ബോട്ടുകളും 65 മത്സ്യബന്ധന ബോട്ടുകളും ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. കരസേനയുടെ നൂറ് അംഗങ്ങളടങ്ങിയ നാല് ടീമുകളും ചെങ്ങന്നൂരില്‍ എത്തിയിട്ടുണ്ട്. ഒറ്റപ്പെട്ടു പോയവര്‍ക്ക് ഹെലികോപ്റ്ററില്‍ ഭക്ഷണം എത്തിക്കാനും സൈന്യം ശ്രമിക്കുകയാണ്. പന്തളവും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്.

ഭക്ഷണം കിട്ടാതെ നിരവധിപ്പേര്‍ കുടുങ്ങി കിടക്കുകയാണെന്ന് എറണാകുളം ജില്ലാ കലക്ടര്‍ അറിയിച്ചു. ബ്രഡ്, ബണ്‍, ഏത്തപ്പഴം, ബിസ്‌കറ്റുകള്‍, കുടിവെള്ളം എന്നിവയാണ് ക്യംപുകളില്‍ വേണ്ടത്.

സംസ്ഥാനത്ത് യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. രക്ഷാപ്രവര്‍ത്തനം വളരെ മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെന്നും കനത്ത മഴയും പ്രതികൂല കാലാവസ്ഥയുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നതെന്നും എന്‍ഡിആര്‍എഫ് അറിയിച്ചു. അതേസമയം, വെള്ളപ്പൊക്ക ദുരിതം രൂക്ഷമായതിനെ തുടര്‍ന്ന് വേമ്പനാട്ട് കായലില്‍ വെറുതെ കിടക്കുന്ന എല്ലാ ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനായി പിടിച്ചെടുക്കാന്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ നിര്‍ദേശിച്ചു. ബോട്ട് ഓടിക്കാന്‍ തയാറാകാത്ത ബോട്ട് ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മന്ത്രിയുടെ നിര്‍ദേശത്തിനു പിന്നാലെ വേമ്പനാട്ട് കായലില്‍ വെറുതെ കിടക്കുന്ന ബോട്ടുകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കാന്‍ തുടങ്ങി.

നെന്‍മാറ, നെല്ലിയാമ്പതി, തൃത്താല, അട്ടപ്പാടി മേഖലകളും ദുരിതത്തിലാണ്. നെല്ലിയാമ്പതിയില്‍ ഉരുള്‍പൊട്ടല്‍ മൂലം റോഡ് ഇടിഞ്ഞതിനാല്‍ മൂവായിരത്തോളം പേര്‍ വിവിധ ഗ്രാമങ്ങളില്‍ ഒറ്റപ്പെട്ടിരിക്കുന്നു. ഇവിടേയ്ക്ക് മരുന്നും ഭക്ഷ്യവസ്തുക്കളും എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. റോഡിലുണ്ടായ തടസങ്ങള്‍ നീക്കുന്നതിനായി വനം വകുപ്പ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ശ്രമം തുടരുന്നു. സി.ആര്‍.പി.എഫും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഈ റോഡിലൂടെ നെല്ലിയാമ്പതിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണം എത്തിക്കാനുളള നടപടികളും സ്വീകരിച്ചിട്ടുണ്ട്. കൂടാതെ ഹെലികോപ്ടര്‍ മുഖേന നെല്ലിയാമ്പതിയില്‍ ജീവന്‍ രക്ഷാമരുന്നുകളും ഭക്ഷണവും എത്തിക്കാനുളള ശ്രമം നടത്തുകയാണ്.