സൗമ്യയുടെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കള്‍; മൃതദേഹം ഏറ്റുവാങ്ങാന്‍ വിസമ്മതിച്ചു

കണ്ണൂര്‍: കണ്ണൂര്‍ വനിതാ ജയിലില്‍ ആത്മഹത്യ ചെയ്ത പിണറായി കൂട്ടക്കൊലപാതകക്കേസിലെ പ്രതി സൗമ്യ(30)യുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കള്‍. ആത്മഹത്യ ചെയ്തതില്‍ അസ്വാഭാവികതയുണ്ടെന്നും മൃതദേഹം ഏറ്റുവാങ്ങില്ലെന്നുമാണ് ബന്ധുക്കള്‍ അറിയിച്ചത്. മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സിഐ കേസ് അട്ടിമറിക്കുകയായിരുന്നുവെന്നും കൂട്ടക്കൊലപാതകത്തില്‍ മറ്റു ചിലര്‍ക്കു കൂടി പങ്കുണ്ടെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

സൗമ്യ കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സമയത്ത് സന്ദര്‍ശനത്തിനെത്തിയ കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി (കെല്‍സ) പ്രവര്‍ത്തകരോട് കൊലപാതകങ്ങളില്‍ മറ്റു ചിലര്‍ക്കും പങ്ക് ഉണ്ടെന്നും അവരുടെ നിര്‍ദേശ പ്രകാരമാണു കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതെന്നും സൗമ്യ വെളിപ്പെടുത്തിയിരുന്നു. ഇതിനെക്കുറിച്ച് വിശദമായി കോടതിയില്‍ പറയുമെന്നും സൗമ്യ പറഞ്ഞിരുന്നു.

ഇതറിഞ്ഞ ബന്ധുക്കള്‍ കേസില്‍ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും ജില്ലാ പൊലീസ് മേധാവിക്കും മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് അന്വേഷണം അട്ടിമറിച്ചു എന്നും ബന്ധുക്കള്‍ പറഞ്ഞു.

സൗമ്യ നടത്തിയ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ മറ്റാരുടെയൊക്കെയോ കൈകള്‍കൂടിയുണ്ട് അത് കണ്ടെത്താന്‍ ഇതു വരെ പൊലീസിനു കഴിഞ്ഞിട്ടില്ല അതുകൊണ്ടു തന്നെ സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം സഹകരണ മെഡിക്കല്‍ കോളേജിലാണ് സൗമ്യയുടെ മൃതദേഹം ഇപ്പോള്‍. ബന്ധുക്കള്‍ നിരസിച്ച സാഹചര്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം പയ്യാമ്പലം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാനാണു പൊലീസ് ആലോചിക്കുന്നത്.

അതേസമയം സൗമ്യയുടെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലെന്നും മാനസിക സംഘര്‍ഷവും വീട്ടുകാരുടെ ഒറ്റപ്പെടുത്തലും കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് കുറിപ്പില്‍ പറയുന്നത്.