മാസവരുമാനമില്ല; ദുരിതാശ്വാസ നിധിയിലേക്ക് റോയല്‍റ്റി തുക നല്‍കി കെ ആര്‍ മീര

പുതിയ നോവലിന്റെ ഒരു പതിപ്പിന്റെ റോയല്‍റ്റി തുകയായ 1,71,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി സാഹിത്യകാരി കെ ആര്‍ മീര. കേരളത്തിന്റെ പുനഃനിര്‍മാണത്തിനായി ഒരുമാസത്തെ ശമ്പളം സംഭാവന നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തിരുന്നു. മാസവരുമാനം ഇല്ലാത്തിനാലാണ് റോയല്‍റ്റി തുക നല്‍കാന്‍ തീരുമാനിച്ചതെന്ന് മീര പറയുന്നു. തീരുമാനം നേരത്തെയെടുത്തിരുന്നു. മുഖ്യമന്ത്രി പറഞ്ഞ ഉദ്യമത്തില്‍ പങ്കാളിയാകുക എന്ന ഉദ്ദേശ്യത്തോടെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റെന്ന് മീര വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘ മാസവരുമാനമില്ല. അതുകൊണ്ട്, ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’ എന്ന പുതിയ നോവലിന്റെ ഒരു പതിപ്പിന്റെ റോയല്‍റ്റിയായ 1,71000/ ( ഒരു ലക്ഷത്തി എഴുപത്തിയോരായിരം ) രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അടയ്ക്കാന്‍ ഡിസി ബുക്‌സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.’

പ്രളയക്കെടുതിയില്‍പ്പെട്ട കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ഗവര്‍ണര്‍ പി സദാശിവം സംഭാവന നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം ഗവര്‍ണര്‍ നല്‍കി. ചീഫ് സെക്രട്ടറി ടോം ജോസിന് രാജ് ഭവനില്‍വെച്ചാണ് 2,50,000 രൂപയുടെ ചെക്ക് ഗവര്‍ണര്‍ കൈമാറിയത്. മുഖ്യമന്ത്രിയുടെ ആശയം മികച്ചതാണെന്നും സംസ്ഥാനത്ത് ഉന്നത ഔദ്യോഗിക സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഒരു മാസത്തെ ശമ്പളം ദിരിതാശ്വസ നിധിയിലേക്ക് നല്‍കണമെന്നും ഗവര്‍ണര്‍ അറിയിച്ചു. നേരത്തെ ആഗസ്റ്റ് 14ന് ഗവര്‍ണര്‍ ഒരു ലക്ഷം രൂപ നല്‍കിയിരുന്നു.

നവകേരള സൃഷ്ടിക്കായി ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതനുസരിച്ചാണ് ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതത്. ഒരു മാസത്തെ ശമ്പളം ഒന്നിച്ച് നല്‍കാനല്ല പത്ത് മാസം കൊണ്ട് നല്‍കിയാല്‍ മതിയെന്നും ഒരു മാസം മൂന്ന് ദിവസത്തെ വേതനം വച്ച് നല്‍കാനാകുമോ എന്ന് എല്ലാവരും ചിന്തിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രിയുടെ ആഹ്വാനം അനുസരിച്ച് ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും അറിയിച്ചു. സാലറി ചലഞ്ച് ഏറ്റെടുക്കാന്‍ തന്റെ സഹപ്രവര്‍ത്തരേയും അദ്ദേഹം ക്ഷണിച്ചു. എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ്, ഡിജിപി എ ഹേമചന്ദ്രന്‍ എന്നിവരും ഒരു മാസത്തെ ശമ്പള തുക നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. മറ്റു ഐപിഎസ് ഉദ്യോഗസ്ഥരും ശമ്പളം നല്‍കുമെന്ന് അറിയിച്ചതായി ഡിജിപി പറഞ്ഞു.

ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ ഓഫീസ് ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ അഭ്യര്‍ത്ഥന മാനിച്ച് ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ കൂടിയ ജീവനക്കാരുടെ യോഗത്തിലാണ് ഐകകണ്‌ഠേന തീരുമാനമെടുത്തത്. മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്റ്റാഫ് അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കാന്‍ തീരുമാനിച്ചു.