ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത ബന്ദ് പൂര്‍ണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. എല്ലായിടത്തും പൊതുഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. കാളവണ്ടിയും സ്‌കൂട്ടറുകള്‍ തള്ളിയുമാണു പ്രവര്‍ത്തകര്‍ പലയിടങ്ങളിലും പ്രതിഷേധിക്കുന്നത്. മുംബൈയില്‍ എംഎന്‍എസ് പ്രവര്‍ത്തകര്‍ ബലമായി കടകള്‍ അടപ്പിച്ചു. ഇവിടെ ലോക്കല്‍ ട്രെയിന്‍ ഗതാഗതവും ഭാഗമായി തടസ്സപ്പെട്ട സ്ഥിതിയിലാണ്.
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തുടങ്ങിയവര്‍ പ്രതിഷേധത്തിന് അണിചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ്ഘട്ടിലെ പ്രതിഷേധത്തിലാണ് പങ്കുചേര്‍ന്നത്. പശ്ചിമ ബംഗാളില്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണയുള്ളത് കൊണ്ട് പശ്ചിമ ബംഗാളിനെ ബന്ദ് ഭാഗികമായി ബാധിച്ചിട്ടുണ്ട്. ഒഡീഷയിലും വ്യാപക പ്രതിഷേധ പ്രകടനങ്ങള്‍ അരേങ്ങറി. ഭാരത് ബന്ദില്‍ അണി ചേര്‍ന്നത് 21 പാര്‍ട്ടികളാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള മാര്‍ച്ചിന് ആംആദ്മി പാര്‍ട്ടിയും പ്രതിനിധിയെ അയച്ചു.
അതേസമയം, വിലവര്‍ധനയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫും യുഡിഎഫും കേരളത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നു. പമ്പുകള്‍ കേന്ദ്രീകരിച്ചാണു യുഡിഎഫിന്റെ പ്രതിഷേധങ്ങള്‍ തുടരുന്നത്. സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തുന്നില്ല. ആശുപത്രികളിലേക്കും വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയവയിലേക്കും പോകേണ്ട യാത്രക്കാര്‍ ബുദ്ധിമുട്ടിലാണ്. സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങുന്നുണ്ടെങ്കിലും റോഡില്‍ തിരക്കുകുറവാണ്. കടകമ്പോളങ്ങളും സ്‌കൂളുകളും അടഞ്ഞുകിടക്കുന്നു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കാളവണ്ടി യാത്ര നടത്തിയപ്പോള്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്തുകൂടെ കാല്‍നടയായി നടന്നാണ് ഹര്‍ത്താലിനോട് അനുഭാവം പ്രകടിപ്പിച്ചത്.
ബന്ദിനെ തുടര്‍ന്ന് ബംഗളൂരു നഗരം പൂര്‍ണമായി സ്തംഭിച്ചു. നഗരത്തിലെ സ്‌കൂളുകളും കോളെജുകളും തുറന്നില്ല. കര്‍ണാടകയില്‍ ബന്ദിന് ഭരണകക്ഷിയായ ജനതാദളിന്റെ പിന്തുണയുമുണ്ട്. ഇതിനു പുറമെ യൂബര്‍, ഒല ഡ്രൈവേഴ്‌സ് അസോസിയേഷനും ടാക്‌സി ഡ്രൈവര്‍മാരും കര്‍ണാടക ആര്‍ടിസി തൊഴിലാളികളും ബന്ദിന് പിന്തുണയുമായി രംഗത്ത് വന്നതോടെ നഗരം സ്തംഭിച്ചു. സ്വകാര്യ വാഹനങ്ങള്‍ കര്‍ണാടകയില്‍ ഓടുന്നുണ്ട്.
ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ ബന്ദിനെ നേരിടുന്നതായി സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ക്രമീകരിച്ചിരിക്കുന്നത്. ഇന്ന് മഹാരാഷ്ട്രയിലെ പ്രധാന നഗരങ്ങളില്‍ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധം സംഘടിപ്പിക്കും. തമിഴ്‌നാട്ടില്‍ ബന്ദിന് ഡിഎംകെ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമാണ്.











































