അപ്പാനി ശരത് അച്ഛനായി. തിരുവല്ല മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ ഇന്നലെ രാവിലെ പത്തരയോടെ ആയിരുന്നു കുഞ്ഞിന്റെ ജനനം തന്റെ മാലാഖയെത്തിയെന്ന വാര്‍ത്ത അപ്പാനി തന്നെയാണ് അറിയിച്ചത്. കുഞ്ഞിന്റെ ഫോട്ടോയും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. സുഖപ്രസവമായിരുന്നുവെന്നും അമ്മയും കുഞ്ഞും ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും പറഞ്ഞ ശരത് കുഞ്ഞിനിടാന്‍ തീരുമാനിച്ചിരുന്ന പേരും സന്തോഷത്തോടെ തന്നെ വെളിപ്പെടുത്തി.
പ്രളയക്കെടുതിയില്‍ അപ്പാനിയുടെ ഭാര്യയും അകപ്പെട്ടിരുന്നു. ഒന്‍പത് മാസം ഗര്‍ഭിണിയായ തന്റെ ഭാര്യയെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് അപ്പാനി ഫെയ്‌സ്ബുക്ക് ലൈവിലൂടെ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രളയ ജലം താണ്ടിയെത്തിയ തന്റെ ജീവന് ‘അവന്തിക ശരത്’ എന്ന് പേരിടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ശരത് പറഞ്ഞു.

തന്റെയും രേഷ്മയുടെയും വലിയ സ്വപ്നമായിരുന്നു തങ്ങളുടെ കുഞ്ഞെന്നും അതിനെ തിരിച്ചു തന്നത് ജനങ്ങളാണെന്നും അതുകൊണ്ട് തന്നെ ഒരാള്‍ക്കെങ്കില്‍ ഒരാള്‍ക്ക് തന്നാലാവുന്ന ഉപകാരം തനിക്ക് ചെയ്യണം എന്നും ശരത് പറഞ്ഞിരുന്നു. പ്രളയം തന്നെ പഠിപ്പിച്ച പാഠമെന്തെന്നും ശരത് അന്ന് പങ്കുവച്ചു.




 
            


























 
				
















