നിലയ്ക്കല്‍: പമ്പയിലും നിലയ്ക്കിലും ഒരു വിഭാഗം അക്രമം അഴിച്ചുവിട്ടതോടെ സംഘര്‍ഷാവസ്ഥ തുടരുന്നു. ഇതിനിടെ തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്നു. പമ്പയിലും നിലക്കലും സംഘര്‍ഷഭരിതമായ സാഹചര്യം നിലനില്‍ക്കേയാണ് സന്നിധാനത്ത് നടതുറന്നത്. ഇന്ന് കാര്യമായ പൂജകള്‍ ക്ഷേത്രത്തിലില്ല. നാളെ പുലര്‍ച്ചെ മുതല്‍ പതിവുരീതിയില്‍ നടതുറക്കും.
അതേസമയം, നിലയ്ക്കല്‍, പമ്പ, ഇലവുങ്കല്‍, സന്നിധാനം എന്നീ നാല് സ്ഥലങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. നാളെ മാത്രമാണ് നിരോധനാജ്ഞ. മുപ്പത് കിലോമീറ്ററോളം പ്രദേശത്ത് പ്രതിഷേധങ്ങള്‍ അനുവദിക്കില്ല. ആവശ്യമെങ്കില്‍ നിരോധനാജ്ഞ നീട്ടുമെന്നും പത്തനംതിട്ട ജില്ലാ കലക്ടര്‍ പറഞ്ഞു. തീര്‍ത്ഥാടനം സുഗമമായി നടക്കുന്നതിനാണ് മുന്‍ഗണനയെന്ന് കലക്ടര്‍ പറഞ്ഞു.
അക്രമികളെ പിരിച്ചുവിടാന്‍ പ്രതിഷേധക്കാര്‍ക്ക് നേരേ പൊലീസ് ലാത്തി വീശി. വാഹനങ്ങള്‍ തടയുന്നതിനപ്പുറം, മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നതിലേക്കും, കല്ലേറിലേക്കും കാര്യങ്ങള്‍ വഴുതിയതോടെയാണ് പൊലീസ് ലാത്തി ചാര്‍ജിലേക്ക് നീങ്ങിയത്.
അതിനിടെ ശബരിമലയിലേക്ക് കമാന്റോകളെ നിയോഗിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. 300 ഓളം കമാന്റോകളെയാണ് നിയോഗിക്കുന്നത്. പമ്പയിലും നിലയ്ക്കലിലുമായി 700 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പമ്പയിലും നിലയ്ക്കലും ക്രമസമാധാനം നിലനിര്‍ത്തുന്നതിനും തീര്‍ത്ഥാടകര്‍ക്ക് സുരക്ഷ നല്‍കുന്നതിനുമായി ദക്ഷിണ മേഖലാ എഡിജിപി അനില്‍കാന്ത്, തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നത്.

700 പേരില്‍ നൂറു വനിതാ പൊലീസ് ഉദ്യോഗസ്ഥരാണുള്ളത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി.നാരായണന്‍, കെഎപി മൂന്നാം ബറ്റാലിയന്‍ കമന്‍ഡാന്റ് കെ.ജി.സൈമണ്‍, പൊലീസ് ആസ്ഥാനത്തെ സ്‌പെഷല്‍ സെല്‍ എസ്പി വി.അജിത്, തിരുവനന്തപുരം സിറ്റി ഡപ്യൂട്ടി കമ്മിഷണര്‍ ആര്‍.ആദിത്യ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാസംവിധാനം ഒരുക്കിയിരിക്കുന്നത്. രണ്ട് എസ്പിമാര്‍, നാല് ഡിവൈഎസ്പിമാര്‍, ഒരു കമാന്‍ഡോ ടീം എന്നിവരെ ഉടന്‍തന്നെ ഇവിടെ നിയോഗിക്കും.

സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 11 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, 33 സബ് ഇന്‍സ്‌പെക്ടര്‍മാര്‍, വനിതകള്‍ ഉള്‍പ്പെടെ 300 പൊലീസുകാര്‍ എന്നിവരെയും ഉടന്‍തന്നെ നിയോഗിക്കും. കൂടാതെ ലോക്കല്‍ പൊലീസിനെയും സ്ഥലത്തു വിന്യസിച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
നിലയ്ക്കലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. ന്യൂസ് മിനിറ്റ്, ന്യൂസ്18, റിപ്പബ്ലിക് ടിവി, ഇന്ത്യ ടുഡേ, ഏഷ്യാനെറ്റ്, മാതൃഭൂമി, മനോരമ തുടങ്ങിയ ചാനലുകളിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തുടങ്ങിയ ആക്രമണം അവരുടെ വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുന്ന നിലയിലേക്കും നീങ്ങി. റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടറായ പൂജ പ്രസന്ന എത്തിയ കാര്‍ തകര്‍ത്തു. ദി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടര്‍ സരിതയെ ബസില്‍ നിന്ന് ഇറക്കി വിട്ടു. കെഎസ്ആര്‍ടിസി ബസിനു നേരെയും കല്ലേറുണ്ടായി. കെഎസ്ആര്‍ടിസി അടക്കമുള്ള വാഹനങ്ങള്‍ സമരക്കാര്‍ പരിശോധിക്കുന്നുണ്ട്. ന്യൂസ് 18 റിപ്പോര്‍ട്ടര്‍ രാധിക എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ വാഹനങ്ങളും തകര്‍ക്കപ്പെട്ടു.

നൂറിലധികം വരുന്ന ജനക്കൂട്ടമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പബ്ലിക് ചാനലിന്റെ ട്വീറ്റില്‍ പറയുന്നത്. തങ്ങള്‍ക്കു നേരെ പ്രതിഷേധക്കാര്‍ കല്ലെറിയുകയും വാഹനം തല്ലിത്തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തതായും അവര്‍ വ്യക്തമാക്കുന്നു. ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടറായ സരിതയെ നിലയ്ക്കലില്‍ വച്ച് പ്രതിഷേധക്കാര്‍ തടയുകയും വാഹനത്തില്‍ നിന്ന് പുറത്തിറക്കി വിടുകയും ചെയ്തു. സിഎന്‍എന്‍ ന്യൂസ് 18 വാര്‍ത്താസംഘത്തിന് നേരെയും കയ്യേറ്റ ശ്രമമുണ്ടായതായാണ് റിപ്പോര്‍ട്ട്. അക്രമം ഉണ്ടായതോടെ മാധ്യമപ്രവര്‍ത്തകര്‍ നിലയ്ക്കലില്‍ നിന്നും മാറിയിട്ടുണ്ട്.

ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമമായ ന്യൂസ് മിനിട്ട്‌സ് റിപ്പോര്‍ട്ടര്‍ സരിതാ ബാലനു നേരെയാണ് ആക്രമണമുണ്ടായത്. പമ്പയിലേക്കുള്ള യാത്രാമധ്യേയാണ് സരിതയ്ക്കു നേരെ ആക്രമണമുണ്ടായത്. ബസിനകത്തുണ്ടായിരുന്ന അയ്യപ്പഭക്തന്മാര്‍ മാന്യമായി പെരുമാറിയപ്പോള്‍ നിലയ്ക്കല്‍ മേഖലയില്‍ തമ്പടിച്ച ആള്‍കൂട്ടമാണ് ആക്രമിച്ചതെന്ന് സരിത പറയുന്നു. ബസിനുള്ളില്‍ നിന്ന തന്നെ കണ്ടതോടെ ആള്‍ക്കൂട്ടം ഇരച്ച്കയറി അസഭ്യവര്‍ഷം നടത്തിയെന്നും ബസില്‍ നിന്ന് ഇറക്കിവിട്ടെന്നും സരിത പറഞ്ഞു. സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് മറച്ചു സ്ഥാപിച്ച ഫ്‌ളക്‌സ് പ്രതിഷേധക്കാര്‍ വലിച്ചു കീറിയിട്ടുണ്ട്.

അതിനിടെ, അക്രമം തുടര്‍ന്നാല്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. അതേസമയം പൊലീസിന് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് നിലവിലെ കാര്യങ്ങള്‍. ആള്‍ക്കൂട്ടത്തിന് അനുസരിച്ച് പൊലീസ് സന്നാഹം സ്ഥലത്തില്ലാത്ത അവസ്ഥയാണ്. ശബരിമലയില്‍ ഈ സീസണില്‍ യുവതികള്‍ക്കു സൗകര്യമൊരുക്കാന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. പമ്പയിലും നിലയ്ക്കലിലും ശുചിമുറിയും താമസ സൗകര്യവും ഏര്‍പ്പെടുത്തണമെന്നും സന്നിധാനത്തുചേര്‍ന്ന അവലോകന യോഗത്തില്‍ ദേവസ്വംമന്ത്രി നിര്‍ദ്ദേശം നല്‍കി. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയസമരമാണെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.

ശബരിമല യുവതി പ്രവേശനത്തിനെതിരെ സമരം ചെയ്തിരുന്ന പന്തളം രാജകുടുംബാംഗങ്ങളെയും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെയും അറസ്റ്റ് ചെയ്തു നീക്കി. പമ്പ ഗണപതി കോവിലിന് സമീപം നാമജപ സമരം നടത്തിവന്ന പന്തളം രാജകുടുംബാംഗങ്ങളും തന്ത്രി കുടുംബത്തിലെ അംഗങ്ങളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. നേരത്തെ സന്നിധാനത്തേക്കെത്തിയ യുവതിയെ പമ്പയില്‍ തടഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉടലെടുത്ത സാഹചര്യത്തിലാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്ന നടപടിയിലേക്ക് പൊലീസ് കടന്നത്. ആന്ധ്രയില്‍നിന്നുള്ള നാല്‍പത് വയസ്സുള്ള യുവതിയെയും കുടുംബത്തെയുമാണ് സമരക്കാര്‍ തടഞ്ഞത്. അയ്യപ്പ ധര്‍മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വറിനെ സന്നിധാനത്തു വച്ച് അറസ്റ്റ് ചെയ്തു. ആന്ധ്രയില്‍നിന്നു വന്ന സംഘത്തിലെ യുവതിയെ മല കയറുന്നതില്‍ നിന്നു ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്.











































