തുലാമാസ പൂജയ്ക്ക് സാധാരണ എത്തുന്ന സ്ത്രീകള്‍ പോലും ഇത്തവണ എത്തിയില്ല; ശബരിമലയിലെ സ്ഥിതി ദൗര്‍ഭാഗ്യകരമെന്ന് മേല്‍ശാന്തിമാര്‍

പമ്പ:  ശബരിമലയിലെ യുവതീപ്രവേശത്തിനെതിരായ പ്രതിഷേധം ഇപ്പോഴും ശക്തമായി തുടരുകയാണ്. ഇതിനിടെ പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ സന്നിധാനത്തേക്ക് നടന്നു തുടങ്ങിയ ന്യൂയോര്‍ക്ക് ടൈംസ് സൗത്ത് ഏഷ്യ ബ്യൂറോ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ് തിരിച്ചിറങ്ങി. അപ്പാച്ചിമേടിനു സമീപം പ്രതിഷേധക്കാര്‍ തടഞ്ഞതോടെയാണ് ഇവര്‍ തിരച്ചിറങ്ങാന്‍ തീരുമാനിച്ചത്. മരക്കൂട്ടത്തിനു സമീപത്തുനിന്ന് വന്‍ പ്രതിഷേധമാണ് സുഹാസിനിക്കെതിരെ ഉയര്‍ന്നത്. തനിക്കെതിരെ കല്ലേറുണ്ടായെന്ന് സുഹാസിനി പറഞ്ഞു. ഉയര്‍ന്നത്. തുടര്‍ച്ചയായ ശരണം വിളികളോടെ ഇരുപതോളം പേരാണ് സുഹാസിനിയെ തടഞ്ഞത്. താന്‍ റിപ്പോര്‍ട്ടിങ്ങിനെത്തിയതാണെന്ന് ഇവര്‍ പറഞ്ഞെങ്കിലും പ്രതിഷേധക്കാര്‍ കണക്കിലെടുത്തില്ല. ഇതേത്തുടര്‍ന്ന് മനപ്പൂര്‍വം ഒരു പ്രശ്‌നത്തിനില്ലെന്ന് വ്യക്തമാക്കി സുഹാസിനി മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. എന്തു പ്രശ്‌നമുണ്ടെങ്കിലും മുന്നോട്ടു പോകാന്‍ വഴിയൊരുക്കാമെന്ന് പൊലീസ് അറിയിച്ചെങ്കിലും പിന്‍വാങ്ങാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.

പ്രതിഷേധത്തെത്തുടര്‍ന്ന് നിലയ്ക്കല്‍ അടക്കം നാലു സ്ഥലങ്ങളില്‍ ഇന്ന് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. അതിനിടെ ശബരിമല മേല്‍ശാന്തിയായി പാലക്കാട് വരിക്കശ്ശേരി ഇല്ലത്തെ വി.എന്‍.വാസുദേവന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. ബെംഗളൂരു ശ്രീജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് ഇദ്ദേഹം. മാമ്പറ്റം ഇല്ലത്തെ എം.എന്‍.നാരായണന്‍ നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. തുടര്‍ന്ന് തുലാമാസ പൂജയ്ക്ക് സാധാരണ എത്തുന്ന സ്ത്രീകള്‍ പോലും ഇത്തവണ എത്തിയില്ല. ഭക്തിയുടെ അന്തരീക്ഷം തിരികെ കൊണ്ടുവരണമെന്നും മേല്‍ശാന്തിമാര്‍ അഭ്യര്‍ഥിച്ചു. ശബരിമലയിലെ സ്ഥിതി ദൗര്‍ഭാഗ്യകരമാണെന്നും മേല്‍ശാന്തിമാര്‍ പറഞ്ഞു.

ഇന്ന് ശബരിമലയില്‍ വിളിച്ചുചൊല്ലി പ്രായശ്ചിത്തവും നടന്നു. ദേവപ്രശ്‌ന വിധിയുടെ ഭാഗമായിട്ടാണ് വിളിച്ചുചൊല്ലി പ്രായശ്ചിത്തം നടത്തിയത്.