ബിജെപിയ്‌ക്കേറ്റത് കനത്ത തിരിച്ചടി

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്‌ക്കേറ്റത് കനത്ത തിരിച്ചടി. ബി.ജെ.പി.കോണ്‍ഗ്രസ്സിനോട് അടിയറവ് പറഞ്ഞു. മധ്യപ്രദേശിലെ തോല്‍വി ബി.ജെ.പി.യ്ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത്. ഇത് രാഹുല്‍ ഗാന്ധി എന്ന നേതാവിന്റെ രാഷ്ട്രീയ തന്ത്രത്തിന്റെ വിജയമാണ്.

സ്വതന്ത്ര ഇന്ത്യയില്‍ നടന്നത 371 നിയമസഭാ തിരഞ്ഞെടുപ്പുകളാണ്. അതിനിടെ, ഒരു സംസ്ഥാനത്ത് ഒരേ കക്ഷി തുടര്‍ച്ചയായി 4 പ്രാവശ്യം അധികാരമേറിയത് 26 തവണയും.

മധ്യപ്രദേശ്, ചത്തീസ്ഗഡ്

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും നാലാമതും വിജയിക്കുമെന്നതു ബിജെപിയുടെ അമിത പ്രതീക്ഷയായിരുന്നു. മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ കഠിനാധ്വാനത്തിനും മുഖ്യമന്ത്രിമാരായ ശിവ്‌രാജ് സിങ് ചൗഹാനും രമണ്‍ സിങ്ങും പിന്തുടര്‍ന്ന വികസനരാഷ്ട്രീയത്തിനും അതു സഫലീകരിക്കാനായില്ല.

എങ്കിലും അവസാന പന്തു വരെ ഉദ്വേഗം നിലനിന്ന ട്വിന്റി20 മത്സരത്തെ ഓര്‍മിപ്പിച്ചു മധ്യപ്രദേശിലെ ഫലപ്രഖ്യാപനം. കമല്‍നാഥിന്റെ തന്ത്രജ്ഞതയും ജ്യോതിരാദിത്യയുടെ ഊര്‍ജസ്വലതയും ഭരണവിരുദ്ധ വികാരവും എതിരു നിന്നിട്ടും ചൗഹാനെന്ന സൗമ്യനായ പോരാളി പിടിച്ചുനിന്നു.

രാജസ്ഥാന്‍

കാല്‍ നൂറ്റാണ്ടായി രാജസ്ഥാന്റെ മനോഗതി കേരളത്തിന്റേതു തന്നെ. അധികാരത്തിന്റെ കറങ്ങുന്ന വാതില്‍ 5 വര്‍ഷത്തിനു ശേഷം പുറത്തേയ്ക്കാണു തുറക്കുക. പോരാത്തതിന്, മുഖ്യമന്ത്രി വസുന്ധര രാജെ സീറ്റു നിര്‍ണയത്തിലും തന്ത്രരൂപീകരണത്തിലും മറ്റാര്‍ക്കും ചെവികൊടുക്കാതെ ഒറ്റയാനായത് പാര്‍ട്ടിക്ക് തിരിച്ചടിയായി.

അടിയൊഴുക്കുകള്‍

കര്‍ഷകരോഷത്തിന്റെ അടിയൊഴുക്കു 3 സംസ്ഥാനങ്ങളിലും തെളിഞ്ഞു കണ്ടു. തിരഞ്ഞെടുപ്പിനു ശേഷം രാജ്യമെങ്ങും തലയുയര്‍ത്തിയ കര്‍ഷക പ്രതിഷേധങ്ങളായിരുന്നു പ്രതിപക്ഷത്തിന്റെ പ്രചാരണായുധം.

നോട്ട് റദ്ദാക്കല്‍, ജിഎസ്ടി

നോട്ട് റദ്ദാക്കലിലൂടെയും ജിഎസ്ടിയിലൂടെയും നല്‍കപ്പെട്ട വാഗ്ദാനങ്ങള്‍ വീണ്ടും വിലയിരുത്താന്‍ ജനങ്ങള്‍ക്ക് അവസരം കിട്ടി. ചെറുകിട, ഇടത്തരം വ്യവസായ മേഖല തകര്‍ന്നതും ലക്ഷങ്ങള്‍ക്കു തൊഴിലില്ലാതായതും ജനങ്ങളെ നിരാശരാക്കിയിരുന്നു.

ഡീസല്‍, പെട്രോള്‍

ഡീസല്‍, പെട്രോള്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ ക്രിയാത്മക നടപടിയുണ്ടാകാത്തതില്‍ പിണങ്ങിയതു മധ്യവര്‍ഗമാണ്. വികസനത്തിനു പണം കണ്ടെത്താന്‍ സാധാരണക്കാരനെ ചൂഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷ നിലപാടിനു പിന്തുണ കിട്ടി. റഫാല്‍ അഴിമതിയും സാമ്പത്തിക കെടുകാര്യസ്ഥതയും അനുബന്ധ വിഷയങ്ങള്‍ മാത്രമായിരുന്നു.

പട്ടികവിഭാഗ നിയമം

സുപ്രീം കോടതി വിധിയിലൂടെ ദുര്‍ബലമായ പട്ടികവിഭാഗ പീഡനവിരുദ്ധ നിയമം പുനഃസ്ഥാപിച്ചത് ഉയര്‍ന്ന ജാതിക്കാരെ പിണക്കി. പീഡനവിരുദ്ധ നിയമം ദുര്‍ബലപ്പെടുത്തിയതിനു പിന്നില്‍ സര്‍ക്കാരാണെന്നു വിലയിരുത്തിയ ദലിതര്‍ തിരികെയെത്തിയതുമില്ല. ഇതിനു ഛത്തീസ്ഗഡിലെ പട്ടികവര്‍ഗ മണ്ഡലങ്ങള്‍ തെളിവ്.

രാമക്ഷേത്ര പ്രക്ഷോഭം

രാമക്ഷേത്രനിര്‍മാണ പ്രക്ഷോഭം പുനരാരംഭിച്ചതു ബിജെപിയെ തുണച്ചില്ലെന്നു കൂടിയാണു തിരഞ്ഞെടുപ്പു ഫലം പറയുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തീവ്രപ്രചാരണത്തിലെ ആള്‍ക്കൂട്ടങ്ങള്‍ വോട്ടായില്ല.