തിരുവനന്തപുരം: വനിതാ മതിലില്‍ മുപ്പത് ലക്ഷത്തിലധികം വനിതകളെ പങ്കെടുപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎമ്മിനോടൊപ്പം നവോത്ഥാന മതിലുമായി സഹകരിക്കുന്ന മറ്റു സംഘടനകളും വനിതകളെ എത്തിക്കും. വനിതാമതിലിന്റെ ഭാഗമായി ഗതാഗതക്കുരുക്ക് ഉണ്ടാവാതെ നോക്കണം എന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നവോത്ഥാന മുദ്രാവാക്യങ്ങളെഴുത്തിയ പ്ലക്കാര്‍ഡുകളുമേന്തിയാവും വനിതകള്‍ മതിലില്‍ അണിചേരുക. സ്ത്രീപുരുഷ സമത്വം ഉറപ്പാക്കുക എന്നതടക്കമുള്ള മുദ്രാവാക്യങ്ങള്‍ പ്ലാക്കാര്‍ഡുകളിലുണ്ടാവും. തിരുവനന്തപുരം വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമ വരെയാവും വനിതാ മതിലുണ്ടാവുക. ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്തായിരിക്കും മതില്‍ തീര്‍ക്കുകയെന്നും ഗിന്നസ് ബുക്കില്‍ ഇടം പിടിക്കാന്‍ സാധ്യത ഉള്ള രീതിയില്‍ മതില്‍ ലോക ശ്രദ്ധ നേടുമെന്നും കോടിയേരി അവകാശപ്പെട്ടു.
സിപിഐഎം നേതാക്കളായ വൃന്ദാ കാരാട്ട് തിരുവനന്തപുരത്തും സുഭാഷണി അലി എറണാകുളത്തും മതിലില്‍ പങ്കുചേരും. വനിതാ മതിലുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ ഫലത്തില്‍ ഗുണം ചെയ്‌തെന്നും മതിലിനുള്ള ജനപിന്തുണ ഇതിലൂടെ വര്‍ധിച്ചെന്നും കോടിയേരി പറഞ്ഞു. വനിതാ മതില്‍ ഏതെങ്കിലുമൊരു സമുദായത്തിന്റേതല്ലെന്ന് ആദ്യമേ വ്യക്തമാക്കിയതാണ്. എന്‍എസ്എസിന് സ്വന്തം നിലപാട് പറയാം എന്നാല്‍ അവര്‍ ആര്‍എസ്എസ് പാളയത്തിലേക്ക് പോകുന്നതിനെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം തങ്ങള്‍ക്കുമുണ്ടെന്നും പറഞ്ഞ കോടിയേരി സുകുമാരന്‍ നായരുടെ അതേ ഭാഷയില്‍ മറുപടി പറയാന്‍ അറിയാമെന്നും പക്ഷെ അത് ഉപയോഗിക്കാനുള്ള അവസരം ഇതല്ലെന്നും പറഞ്ഞു.
ഏപ്രില്‍-മെയ് മാസങ്ങളിലായി നടക്കാന്‍ സാധ്യതയുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പിനായി സിപിഐഎം തയ്യാറെടുപ്പുകള്‍ ആരംഭിക്കുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി അറിയിച്ചു. തിര!ഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായി സംസ്ഥാനതലത്തില്‍ ശില്‍പശാലകള്‍ സംഘടിപ്പിക്കു. ഇഎംഎസ് അക്കാദമിയുടെ ശില്‍പശാല വലതുപക്ഷ ശക്തികളുടെ കേരളത്തിലേക്കുള്ള കടന്നുവരവിനെക്കുറിച്ച് പഠിക്കാനായിരിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി പുതിയകര്‍മ്മ പദ്ധതി തയ്യാറാക്കും. തെരഞ്ഞെടുപ്പ് ഫണ്ടിലേക്കായി പതിവു പോലെ പിരിവ് ഉണ്ടാവും ഇലക്ഷന്‍ ഫണ്ടിലേക്കായി ഇലക്ട്രല്‍ ബോണ്ടുകള്‍ സ്വീകരിക്കില്ല.
2004ല്‍ സംഭവിച്ചതു പോലെ ആകെയുള്ള ഇരുപത് സീറ്റില്‍ പതിനെട്ടും എല്‍ഡിഎഫിന് നേടിയെടുക്കാവുന്ന തരത്തിലുള്ള അനുകൂലരാഷ്ട്രീയസാഹചര്യമാണ് കേരളത്തില്‍ ഉള്ളതെന്ന് കോടിയേരി പറഞ്ഞു. കേരളത്തോട് ഭീകരമായ അവഗണനയാണ് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നത്. പ്രളയപുനരുദ്ധാരണത്തിന്റെ ഭാഗമായി വായ്പാ പരിധി ഉയര്‍ത്താന്‍ സംസ്ഥാനത്തെ കേന്ദ്രം അനുവദിക്കാത്തത് പദ്ധതികള്‍ മുടക്കാനാണ് ഇതോടൊപ്പം കേരളത്തിന് കിട്ടേണ്ട അന്താരാഷ്ട്ര സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ മുടക്കുകയാണ്.
ജനുവരി 8,9 തീയതികളിലെ ദേശീയപണിമുടക്ക് വിജയിപ്പിക്കാന്‍ കോടിയേരി ആഹ്വാനം ചെയ്തു. കെഎസ്ആര്‍ടിസി പിഎസ്‌സി ലിസ്റ്റില്‍ നിന്നും നിയമനം നടത്തിയ ശേഷവും ബാക്കി വരുന്ന ഒഴിവുകളില്‍ എംപാനലുകാരെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വെടിവയ്പ്പും ലാത്തിച്ചാര്‍ജും നടത്തി ശബരിമലയിലെ പ്രശ്‌നം തീര്‍ക്കാന്‍ കഴിയില്ലെന്നായിരുന്നു കോടിയേരിയുടെ മറുപടി. മനിതി പ്രവര്‍ത്തകര്‍ വിശ്വാസികള്‍ ആണോ എന്ന് കടകംപള്ളി സംശയം പ്രകടിപ്പിച്ചതായി തനിക്ക് അറിയില്ല. ശബരിമല സ്ത്രീ പ്രവേശത്തില്‍ ഹൈക്കോടതി നിരീക്ഷണ സമിതിക്കും തീരുമാനം എടുക്കാന്‍ ചുമതലയുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
 
            


























 
				
















