മനിതി സംഘത്തെ തടഞ്ഞവര്‍ക്കെതിരെ കേസ്; പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തു

പമ്പ: മനിതിക്കും മല കയറാനായില്ല. തമിഴ്‌നാട്ടില്‍ നിന്നെത്തിയ യുവതികളുടെ സംഘത്തെ വന്‍ പ്രതിഷേധത്തെത്തുടര്‍ന്ന് പമ്പയില്‍ നിന്ന് തിരിച്ചയച്ചു. യുവതീപ്രവേശത്തെ എതിര്‍ക്കുന്നവര്‍ കൂട്ടമായി ഇരച്ചെത്തിയതോടെയാണ് മലകയറാനുള്ള ശ്രമം ഉപേക്ഷിച്ച് മനിതി സംഘം മടങ്ങിയത്. യുവതികളെ തടഞ്ഞവര്‍ക്കെതിരെ പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പതിനൊന്നുപേരെ അറസ്റ്റ് ചെയ്തു.

മധുരയില്‍ നിന്ന് ഇടുക്കി കമ്പംമേട് വഴിയാണ് പതിനൊന്നുപേരടങ്ങിയ മനിതി സംഘം ശബരിമലദര്‍ശനത്തിനെത്തിയത്. വഴിനീളെ പ്രതിഷേധം മറികടന്നായിരുന്നു യാത്ര. പമ്പ ഗണപതി ക്ഷേത്രത്തിലെത്തി കെട്ടുനിറയ്ക്കാന്‍ രസീതെടുത്തെങ്കിലും ക്ഷേത്രത്തിലെ പരികര്‍മികള്‍ സഹകരിച്ചില്ല. തുടര്‍ന്ന് യുവതികള്‍ സ്വയം കെട്ടുനിറച്ചു.

യുവതികള്‍ ശരണപാതയിലേക്ക് നീങ്ങിയപ്പോള്‍ത്തന്നെ പ്രതിഷേധം തുടങ്ങി. മുന്നോട്ടുപോകാനാകാതെ മനിതി സംഘവും റോഡില്‍ കുത്തിയിരുന്നു. പൊലീസ് യുവതികളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ദര്‍ശനം നടത്തണമെന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നു. സര്‍ക്കാരും ഹൈക്കോടതി നിരീക്ഷണസമിതിയും കയ്യൊഴിഞ്ഞതോടെ തീരുമാനമെടുക്കേണ്ട ബാധ്യത പൊലീസിനായി. പ്രതിഷേധം ആറുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ വഴിതടഞ്ഞവരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി.

തൊട്ടുപിന്നാലെ പൊലീസ് യുവതികളെ മലകയറാന്‍ അനുവദിച്ചു. സുരക്ഷയ്ക്ക് അന്‍പതോളം പൊലീസുകാരും. ശരണപാതയിലെത്തിയ മനിതി സംഘം പൊടുന്നനേ തിരിച്ചോടുന്നതാണ് കണ്ടത്.

മലയിറങ്ങിവന്ന ഇരുനൂറോളം പേര്‍ ആക്രോശവുമായി ഇരച്ചെത്തിയതോടെയാണ് യുവതികള്‍ ഭയന്നോടിയത്. ഗാര്‍ഡ് റൂമിലേക്ക് ഓടിക്കയറിയ ഇവരെ പൊലീസ് അതിവേഗം പമ്പയില്‍ തയാറാക്കി നിര്‍ത്തിയ ബസിലേക്ക് മാറ്റി.

പമ്പയിലെ സുരക്ഷാചുമതലയുള്ള എസ്പി കാര്‍ത്തികേയന്‍ യുവതികളുമായി വീണ്ടും ചര്‍ച്ചനടത്തി. സന്നിധാനത്ത് വന്‍തിരക്കുള്ളതിനാല്‍ സുരക്ഷയൊരുക്കല്‍ വെല്ലുവിളിയാണെന്ന് എസ്പി മനിതി സംഘത്തെ ധരിപ്പിച്ചു.എന്നാല്‍ പൊലീസ് നിര്‍ബന്ധിച്ച് തിരിച്ചുവിടുകയാണെന്നായിരുന്നു മനിതി പ്രവര്‍ത്തകരുടെ പ്രതികരണം.

യുവതികളുടെ പരാതിയില്‍ പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒരു കേസില്‍ പതിനൊന്നുപേരെ അറസ്റ്റ് ചെയ്തു. പതിനായിരക്കണക്കിന് ഭക്തര്‍ സന്നിധാനത്തുള്ളപ്പോഴാണ് പൊലീസിനെ വെട്ടിലാക്കി യുവതികള്‍ ദര്‍ശനത്തിനെത്തിയത്. അനിഷ്ടസംഭവങ്ങളൊഴിവാക്കി തന്ത്രപരമായി പ്രതിസന്ധി മറികടക്കാന്‍ ഒരിക്കല്‍ക്കൂടി അവര്‍ക്ക് കഴിഞ്ഞു. എന്നാല്‍ മകരവിളക്കിനുശേഷം നടയടക്കുംവരെ ഇത്തരം ശ്രമങ്ങള്‍ പൊലീസിന് വെല്ലുവിളിയായി തുടരും.