ശബരിമലയില്‍ നിന്ന് തിരിച്ചിറങ്ങിയ യുവതികള്‍ക്ക് നേരെ കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രതിഷേധവും ചീമുട്ടയേറും

കോട്ടയം: ശബരിമല ദര്‍ശനത്തിനെത്തി മടങ്ങിയ യുവതികള്‍ക്ക് നേരെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രതിഷേധവും ചീമുട്ടയേറും. വൈകീട്ട് നാല് മണിയോടെ ബിന്ദുവിനെയും കനകദുര്‍ഗയെയും മെഡിക്കല്‍ കോളെജില്‍ എത്തിച്ചു. അത്യാഹിത വിഭാഗത്തിനു സമീപത്തു പ്രതിഷേധക്കാര്‍ ശരണം വിളിച്ചു. തുടര്‍ന്ന് ചീമുട്ടയെറിയുകയും ചെയ്തു. സംഭവത്തില്‍ ആറ് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

തിങ്കളാഴ്ച ശബരിമല കയറാനെത്തിയ യുവതികളെ തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ കനകദുര്‍ഗ, കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബിന്ദു എന്നിവരാണ് ഇന്ന് മലകയറാന്‍ ശ്രമിച്ചത്. അപ്പാച്ചിമേടു മുതല്‍ ഇവര്‍ക്കെതിരെ ശക്തമായ പ്രതിഷേധം അലയടിച്ചിരുന്നു. എന്നിട്ടും പ്രതിഷേധക്കാരെ ബലം പ്രയോഗിച്ചു നീക്കി യുവതികളെ പൊലീസ് മരക്കൂട്ടം വരെയെത്തിച്ചു. മരക്കൂട്ടത്ത് പ്രതിഷേധക്കാര്‍ തമ്പടിച്ചതോടെ കനകദുര്‍ഗയ്ക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇവരെ മലയിറക്കുകയുമായിരുന്നു.

അതിനിടെ, മുഖ്യമന്ത്രിയെ കാണാന്‍ തിരുവനന്തപുരത്തിറങ്ങിയ മനിതി സംഘത്തെ റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. ഇവരെ റെയില്‍വേ പൊലീസ് പണിപ്പെട്ടാണു മറ്റൊരു ട്രെയിനില്‍ കയറ്റി തിരിച്ചയച്ചത്. സംഘത്തെ ഭിന്നശേഷിക്കാരുടെ കംപാര്‍ട്ട്‌മെന്റിലാണു കയറ്റിവിട്ടതെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ മാസ്റ്ററുടെ റൂം ഉപരോധിച്ചു. യാത്രയ്ക്കിടെ ഇവര്‍ക്കുനേരെ മുട്ടയേറുമുണ്ടായി.