കൊച്ചി: ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായി ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് അയ്യപ്പജ്യോതി തെളിയിച്ചു. ബിജെപിയുടെയും എന്‍എസ്എസിന്റെയും പിന്തുണയോടെ നടന്ന പരിപാടിയില്‍ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്തു. മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ ഒരേ സമയം ദീപങ്ങള്‍ തെളിഞ്ഞു.
സെക്രട്ടേറിയറ്റിന് മുന്നില്‍ ശോഭാ സുരേന്ദ്രന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള, ഒ. രാജഗോപാല്‍ എന്നിവര്‍ അയ്യപ്പജ്യോതി തെളിയിച്ചു. സിനിമാ നടി മേനക സുരേഷും ജ്യോതി തെളിയിച്ചു. പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വര്‍മ വിളക്ക് തെളിയിച്ചു. ചങ്ങനാശേരിയില്‍ എന്‍എസ്എസ് ആസ്ഥാനത്തിന് മുന്നിലാണ് അയ്യപ്പജ്യോതിയുടെ പ്രധാന വേദി. എന്‍എസ്എസ് അംഗങ്ങളും അയ്യപ്പജ്യോതിയില്‍ പങ്കെടുത്തു. എന്‍എസ്എസ് പ്രസിഡന്റ് സുകുമാരന്‍ നായര്‍ പരിപാടിയില്‍ പങ്കെടുക്കാതെ മന്നം സമാധിയിലെത്തി.ദേശീയപാതയിലും എംസി റോഡിലുമായി 795 കിലോമീറ്റര്‍ ദൂരത്തിലാണ് അയ്യപ്പജ്യോതി തെളിയിച്ചത്. ആറ്റിങ്ങലില്‍ നേതൃത്വം നല്‍കിയത് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ ആണ്.
കളിയിക്കാവിളയില്‍ സുരേഷ് ഗോപി എംപി നേതൃത്വം നല്‍കി. എംജിഎ രാമന്‍, കെഎസ് രാധാകൃഷ്ണന്‍, മാടമ്പ് കുഞ്ഞിക്കുട്ടന്‍ തുടങ്ങിയവരും പങ്കെടുത്തു.നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന ആശയം മുന്‍നിര്‍ത്തി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനു ബദലായാണ് വിശ്വാസവും ആചാരവും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ശബരിമല പ്രക്ഷോഭം നയിക്കുന്ന ശബരിമല കര്‍മസമിതി അയ്യപ്പജ്യോതി സംഘടിപ്പിച്ചത്.കാസര്‍ഗോട്ടെ ഹൊസങ്കടി ശ്രീധര്‍മ ശാസ്താക്ഷേത്രത്തില്‍ നിന്ന് തുടങ്ങി കളിയിക്കാവിളയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കുന്ന രീതിയിലാണ് ക്രമീകരിച്ചത്. അങ്കമാലി വരെ ദേശീയപാതയിലും അതിന് ശേഷം എം.സി റോഡിലുമാണ് ജ്യോതി തെളിയിച്ചത്.
ശബരിമല പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ ലിംഗനീതിക്ക് വേണ്ടിയുള്ള സര്‍ക്കാറിന്റെയും സിപിഐഎമ്മിന്റെയും വനിതാ മതിലിനെ പ്രതിരോധിക്കാനാണ് സംഘപരിവാര്‍ സംഘടനകള്‍ ജ്യോതി തെളിയിച്ചത്. ശബരിമലയിലെ യുവതി പ്രവേശത്തിനും സര്‍ക്കാര്‍ നിലപാടിനുമെതിരെ തുടക്കം മുതല്‍ സമരം ചെയ്യുന്ന ശബരിമല കര്‍മ സമിതിയാണ് സംഘാടകര്‍. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനെന്ന പേരില്‍ സര്‍ക്കാര്‍ വനിത മതില്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അയ്യപ്പജ്യോതിക്ക് തീരുമാനമായത്.
മുന്‍ പി എസ് സി ചെയര്‍മാന്‍ കെ.എസ് രാധാകൃഷ്ണന്‍, മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍, തുടങ്ങി നിരവധി പ്രമുഖര്‍ വിവിധയിടങ്ങളില്‍ പങ്കാളിയായി. തമിഴ്‌നാട്ടിലെ 69 കേന്ദ്രങ്ങളിലും ജ്യോതി തെളിയിച്ചു