പ്രസാദ് പി
ലോസ് ആഞ്ചെലെസ് :ശബരിമയിലെ ആചാരസംരക്ഷണത്തിനായി കേരളത്തിലും ലോകത്തിന്റെ വിവിധഭാഗങ്ങളിലുമായി തെളിയിക്കുന്ന അയപ്പജ്യോതി ലോസ്ആഞ്ചെലെസിലും തെളിഞ്ഞു. ജനുവരി ഇരുപത്തിയാറിന് വൈകിട്ട് ഏഴുമണിക്ക് (ഇന്ത്യന്‍ സമയം ജനുവരി ഇരുപത്തിയേഴിനു കാലത്തു എട്ടുമണിക്ക്) ലോസ്ആഞ്ചലസിലെ ഇര്‍വൈനില്‍ ഏകദേശം നൂറ്റിയന്പതോളം പേര്‍ ശരണമന്ത്രങ്ങളോടെ അയ്യപ്പജ്യോതി തെളിയിച്ചു.
പൂജാദ്രവ്യങ്ങള്‍നിറച്ച താലങ്ങളിലെ മണ്‍ചിരാതുകളുമായി കേരളീയ വേഷങ്ങളില്‍ വീഥികളില്‍ അണിനിരന്നവര്‍ വഴിയാത്രക്കാര്‍ക്കും പുത്തന്‍ അനുഭവമായിരുന്നു.
സിറ്റി ഫയര്‍ നിബന്ധനകള്‍ക്കു വിധേയമായി പലബാച്ചുകളിലായാണ് ജ്യോതി തെളിയിച്ചത്.
കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങിന് ഓം ഡയറക്ടര്‍ രവിവെള്ളത്തേരി, പ്രസിഡന്റ് രമ നായര്‍, സെക്രട്ടറി വിനോദ് ബാഹുലേയന്‍, അമേരിക്കയിലെയും കാനഡയിലെയും ഹിന്ദുകൂട്ടായ്മയായ കെഎച്ഛ്എന്‍എയുടെ ട്രസ്റ്റിയും മുന്‍ വൈസ്പ്രസിഡന്റ്‌റുമായ പ്രൊഫസര്‍ ജയകൃഷ്ണന്‍ എന്നിവര്‍ നേതൃത്വംനല്‍കി.
സുരേഷ് എഞ്ചൂരിന്‍റെ കാര്‍മികത്വത്തില്‍ അയ്യപ്പപൂജയും രാമപ്രസാദിന്റെ നേതൃത്വത്തില്‍ അയ്യപ്പഭജനയും നടത്തിയശേഷം പ്രസാദവിതരണത്തോടെ ജ്യോതിതെളിയിക്കല്‍ ചടങ്ങുകള്‍ സമാപിച്ചു.വലിയ മുന്നൊരുക്കങ്ങളൊന്നുമില്ലാതെയും പ്രവര്‍ത്തിദിവസമായിരുന്നിട്ടുകൂടിയും ചടങ്ങിനെത്തിയ ഭക്തര്‍ക്ക് ഓം ഭാരവാഹികള്‍ നന്ദിഅറിയിച്ചു.














































