കോട്ടയം: വാശിയേറിയ പോരാട്ടം നടക്കുന്ന കോട്ടയത്ത് അട്ടിമറി വിജയം നേടാനുള്ള ശ്രമത്തിലാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പി.സി തോമസ്. ശബരിമല വിഷയവും ചര്‍ച്ച് ആക്ടുമടക്കം ഉയര്‍ത്തിക്കാട്ടി മതസാമുദായിക സംഘടനകളുടെ വോട്ട് നേടാനാണ് പി.സിയുടെ പ്രധാന നീക്കം.തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പേ പ്രചരണം ആരംഭിച്ച സ്ഥാനാര്‍ഥിയാണ് പി.സി തോമസ്.
സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ മറ്റ് മുന്നണികള്‍ വിയര്‍ത്തപ്പോള്‍ കോട്ടയത്തിന്റെ കാര്യത്തില്‍ എന്‍.ഡി.എയ്ക്ക് അധികം വിയര്‍പ്പ് ഒഴുക്കേണ്ടി വന്നില്ല. ആയതുകൊണ്ട് തന്നെ പ്രചരണത്തില്‍ ബഹുദൂരം പോകാന്‍ സാധിച്ചുവെന്നാണ് പി.സി പറയുന്നത്.
മത സാമുദായിക സംഘടനകളുടെ പിന്തുണ തനിക്ക് തന്നെ ലഭിക്കുമെന്ന പ്രതീക്ഷയാണ് പി.സി തോമസിനുളളത്.യു.ഡി.എഫിലെ തര്‍ക്കങ്ങള്‍ തനിക്ക് അനുകൂലമാകുമെന്ന കണക്ക് കൂട്ടലും പി.സി തോമസിനുണ്ട്. അങ്ങനെ വന്നാല്‍ മൂവാറ്റുപുഴയിലെ അട്ടിമറി കോട്ടയത്തും നടത്താനാകുമെന്നാണ് പി.സിയുടെ വിലയിരുത്തല്‍.











































