സ്‌ഫോടനം; ശ്രീലങ്കയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അടിയന്തരാവസ്ഥ

Relatives of a blast victim grieve outside a morgue in Colombo, Sri Lanka, Sunday, April 21, 2019. More than hundred were killed and hundreds more hospitalized with injuries from eight blasts that rocked churches and hotels in and just outside of Sri Lanka's capital on Easter Sunday, officials said, the worst violence to hit the South Asian country since its civil war ended a decade ago. (AP Photo/Eranga Jayawardena)

കൊളംബോ: സ്‌ഫോടന പരമ്പരയെ തുടര്‍ന്ന് ശ്രീലങ്കയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അതേസമയം, ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ ജനതയെ ഭീതിയിലാഴ്ത്തി രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നടന്ന ഭീകരാക്രമണത്തെക്കുറിച്ച് ഇന്ത്യ നേരത്തെ സൂചന നല്‍കിയിരുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തെത്തിയിരുന്നു. ഇന്ത്യ ഭീകരാക്രമണം സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും പക്ഷേ ജാഗ്രത പുലര്‍ത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയാണ് കുറ്റസമ്മതം നടത്തിയത്.

നാഷണല്‍ തൗഹീദ് ജമാഅത്ത് ഓഫ് ശ്രീലങ്കയുടെ സെഹ്റാന്‍ ഹസീമും കൂട്ടാളികളും ചാവേര്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് നേരത്തേ സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യ ശ്രീലങ്കയ്ക്ക് കൈമാറുകയും ചെയ്തിരുന്നു.ഏപ്രില്‍ നാലിനാണ് ഭീകരാക്രമണ പദ്ധതിയെ കുറിച്ച് തങ്ങള്‍ക്ക് ലഭ്യമായ വിവരങ്ങള്‍ ഇന്ത്യ ശ്രീലങ്കന്‍ സുരക്ഷാ ഏജന്‍സിയെ അറിയിച്ചത്.

പള്ളികളും ആഢംബര ഹോട്ടലുകളുമടക്കം എട്ടോളം സ്ഥലങ്ങളില്‍ തീവ്രവാദികള്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിടുന്നു എന്ന കൃത്യമായ വിവരങ്ങള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് ലഭിച്ചിരുന്നു. ഇന്ത്യയുടെ വിവരങ്ങള്‍ ലഭിച്ചതിന് പിന്നാലെ ഏപ്രില്‍ പത്തിന് ശ്രീലങ്കന്‍ പൊലീസ് മേധാവി ദേശീയ തലത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍, അക്രമികളെ കണ്ടെത്തി പദ്ധതി പരാജയപ്പെടുത്തുന്നതില്‍ സുരക്ഷ ഏജന്‍സികള്‍ പരാജയപ്പെടുകയായിരുന്നു. ഭീകരാക്രമണമുണ്ടായ ശേഷം പൊലീസ് നടത്തിയ അന്വേഷണത്തില്‍ പതിമൂന്ന് പേരെ അറസ്റ്റ് ചെയ്തു. രാജ്യത്തിന് പുറത്ത് നിന്നും ഭീകരാക്രമണത്തിന് സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കുന്നുണ്ട്.

ദിവസങ്ങള്‍ക്ക് മുന്നേ ആക്രമണ മുന്നറിയിപ്പ് കിട്ടിയിട്ടും കൃത്യമായ സുരക്ഷ ഒരുക്കാന്‍ ഭരണകൂടത്തിനായില്ല അതിന്റെ ഫലമായി ഈസ്റ്റര്‍ പ്രാര്‍ത്ഥനക്കായി പള്ളികളില്‍ എത്തിയ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലും നാല് പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ 290 പേര്‍ കൊല്ലപ്പെടുകയും 500 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.