തൃശൂർ പൂര ലഹരിയിൽ

തൃശ്ശൂര്‍: ഇന്ന് മുതല്‍ മൂന്നു ദിവസം പൂരലഹരിയിലായിരിക്കും തൃശ്ശൂര്‍. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി കൊമ്പന്‍ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍ തെക്കേഗോപുര തള്ളിത്തുറന്ന് പൂര വിളമ്പരം നടത്തിയതോടെ തൃശ്ശൂര്‍ പൂരത്തിന് തുടക്കമായി. വന്‍ ജനാവലിയാണ് പൂര വിളമ്പരത്തിന് സാക്ഷിയായത്. തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ കാണാന്‍ നിരവധി ആരാധകരാണ് എത്തിയത്. പൊതുജനങ്ങളെ 10 മീറ്റര്‍ ചുറ്റളളവില്‍ ബാരിക്കേഡ് കെട്ടി നിയന്ത്രിച്ചെങ്കിലും പൂരാവേശത്തിന് അത് തെല്ലും മങ്ങലേല്‍പ്പിച്ചില്ല. ബാരിക്കേഡ് കടന്ന് പൊതുജനം ആനയുടെ അടുത്തേക്ക് നീങ്ങാതിരിക്കാന്‍ പൊലീസിനും നന്നായി പരിശ്രമിക്കേണ്ടിവന്നു. മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു മണിക്കൂര്‍ സമയമാണ് എഴുന്നള്ളത്തിനായി അനുവദിച്ചിരുന്നത്. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തുന്നത്.