സുപ്രിം കോടതി ജഡ്ജിമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നു മോദിയോട് സുപ്രിം കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി:സുപ്രിം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ അഭ്യര്‍ത്ഥിച്ചു. ഹൈക്കോടതി ജഡിമാരുടെ വയസ്സ് 62 ല്‍ നിന്ന് 65 ആയി ഉയര്‍ത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. കൂടുതല്‍ കേസുകള്‍ സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്യപ്പെടുന്നതിനാല്‍ അവ കെട്ടിക്കെടുക്കുകയാണ്. നിലവില്‍ അവയുടെ എണ്ണം 58,669 ഓളം വരും. കേസുകള്‍ സുഗമായും വേഗത്തിലും പരിഗണിക്കണമെങ്കില്‍ കൂടുതല്‍ ജഡ്ജിമാരുണ്ടാവണം. എങ്കിലേ പൊതുജനങ്ങള്‍ക്ക് ശരിയായ സമയത്ത് നീതി നല്‍കാന്‍ കഴിയൂ. അതുകൊണ്ട് കൂടുതല്‍ ജഡ്ജിമാരെ നിയമക്കുന്ന കാര്യം മുഖ്യ പരിഗണനയിലെടുക്കണം – രഞജന്‍ ഗൊഗോയ് പ്രധാനമന്ത്രിക്കുള്ള കത്തില്‍ എഴുതി.

നിലവില്‍ സുപ്രിം കോടതിയില്‍ 31 ജഡ്ജിമാരാണുള്ളത്. 2009ലാണ് അത് 26 ല്‍ നിന്ന് 31 ആയി വര്‍ദ്ധിപ്പിച്ചത്. എണ്ണം കുറവായതുകൊണ്ട് 5 അംഗ ഭരണഘടനാ ബെഞ്ചു പോലും രൂപീകരിക്കാനാവുന്നില്ല. ഭരണഘടനാപരമായ വ്യാഖ്യാനങ്ങളില്‍ വിധി പുറപ്പെടുവിക്കുന്നതിലും ഇത് തടസ്സമാണ്. കഴിഞ്ഞ ദശകത്തില്‍ ഹൈക്കോടതി ജഡ്ജിമാരുടെ എണ്ണം 895 ല്‍ നിന്ന് 1079 ആയി വര്‍ദ്ധിപ്പിച്ചിരുന്നു. അതിനാനുപാതികമായി സുപ്രിം കോടതിയില്‍ 31 ല്‍ നിന്ന് 37 ആക്കി ജഡ്ജിമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കണം. ഏകദേശം 26 കേസുകള്‍ സുപ്രിം കോടതിയില്‍ 25 വര്‍ഷമായി കെട്ടിക്കെടുക്കുകയാണ്. 593 എണ്ണം 15 വര്‍ഷമായും 4977 എണ്ണം 10 വര്‍ഷമായും കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതിയില്‍ 43 ലക്ഷം കേസുകളാണ് പരിഗണിക്കാതെ കിടക്കുന്നത്- അദ്ദേഹം തുടരുന്നു. ഹൈക്കോടതിയിലെ ജഡ്ജിമാരുടെ എണ്ണത്തിലുള്ള കുറവാണ് കേസുകള്‍ കെട്ടിക്കെടുക്കുന്നതിനുള്ള മറ്റൊരു കാരണം.

ഈ പ്രവണത വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയുമാണ്. നിലവില്‍ 37 ശതമാനം വരുന്ന 399 പോസ്റ്റുകള്‍ ഹെക്കോടതിയില്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഇക്കാര്യം പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മറ്റിയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജഡ്ജിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചാണ് ഓരോരുത്തരും വേണ്ട പരിചയവും പ്രാവീണ്യവുമാര്‍ജ്ജിക്കുന്നത്. അപ്പോഴേക്കും പിരിഞ്ഞുപോവേണ്ടിവരുന്നു. പെന്‍ഷന്‍ പ്രായമ ഉയര്‍ത്തി ഇത് പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം മോദിക്കുള്ള കത്തില്‍ എഴുതുന്നു. പെന്‍ഷനായി പിരിഞ്ഞ ജഡ്ജിമാരെ നിയമിച്ച് ദീര്‍ഘകാലമായി കെട്ടിക്കെടുക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്ന പഴയ രീതി തിരിച്ചുകൊണ്ടുവരണമെന്നും അദ്ദേഹം മറ്റൊരു കത്തില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 128, 224 എ എന്നീ വകുപ്പുകള്‍ പിരിഞ്ഞുപോകുന്ന ജഡ്ജിമാരുടെ അനുവാദത്തോടെ അവരുടെ സേവനം തുടരാന്‍ ചീഫ് ജസ്റ്റിസിന് അനുമതി നല്‍കുന്നു.