കത്തിമുന പോലെ നമ്മിലേക്കാഴ്ന്നിറങ്ങുന്നതരം പുസ്തകങ്ങൾ മാത്രമേ നാം വായിക്കാവൂ

നമ്മെ മുറിപ്പെടുത്തുന്ന, കത്തിമുന പോലെ നമ്മിലേക്കാഴ്ന്നിറങ്ങുന്നതരം പുസ്തകങ്ങൾ മാത്രമേ നാം വായിക്കാവൂ എന്നെനിക്കു തോന്നുന്നു. നാം വായിക്കാനെടുക്കുന്ന പുസ്തകം തലയ്ക്കൊരിടി തന്ന് നമ്മെ ജാഡ്യത്തിൽ നിന്നുണർത്തുന്നില്ലെങ്കിൽപ്പിന്നെ നാമതെന്തിനു വായിക്കണം? നീ പറയുന്ന പോലെ നമ്മുടെ സന്തോഷത്തിനോ? എന്റെ ദൈവമേ, സന്തോഷമാണു വേണ്ടതെങ്കിൽ പുസ്തകങ്ങളില്ലാത്തതു കൊണ്ടുതന്നെ നമുക്കതു കിട്ടിയേനെ. തന്നെയുമല്ല, നമുക്കു സന്തോഷം തരുന്ന പുസ്തകങ്ങൾ നമുക്കുതന്നെ എഴുതിയുണ്ടാക്കാവുന്നതേയുള്ളുതാനും. പക്ഷേ നമുക്കു വേണ്ടത്‌ ഒരത്യാഹിതം പോലെ നമ്മെ വന്നു ബാധിക്കുന്ന പുസ്തകങ്ങളാണ്‌; നമ്മെക്കാളേറെ നാം സ്നേഹിക്കുന്ന ഒരാളുടെ വിയോഗം പോലെ, മനുഷ്യസാന്നിദ്ധ്യത്തിൽ നിന്നൊക്കെയകലെ ഏതോ കാട്ടിലേക്കു നാം ഭ്രഷ്ടരായ പോലെ, ഒരാത്മഹത്യ പോലെ നമ്മെ കഠിനമായി സങ്കടപ്പെടുത്തുന്ന പുസ്തകങ്ങളാണ്‌. നമ്മിലുറഞ്ഞ കടലിനെ ഭേദിക്കാനുള്ള മഴുവാകണം പുസ്തകം. ഇതാണെന്റെ വിശ്വാസം.

(കാഫ്ക്ക ഓസ്കാർ പൊള്ളാക്കിനെഴുതിയ കത്തിൽ നിന്ന്)

ചില പുസ്തകങ്ങളുണ്ട്, ഇരുപതു കൊല്ലമായി വായിക്കാതെ നിങ്ങളോടൊപ്പമുള്ളവ; എപ്പോഴും കൈയകലത്തു തന്നെ നിങ്ങൾ വയ്ക്കുന്നവ; നഗരത്തിൽ നിന്നു നഗരത്തിലേക്ക്, ഒരു രാജ്യത്തു നിന്നു മറ്റൊരു രാജ്യത്തേക്ക് നിങ്ങൾ യാത്ര ചെയ്യുമ്പോൾ ഇല്ലാത്ത സ്ഥലമുണ്ടാക്കി, ഭദ്രമായി നിങ്ങൾ കൊണ്ടുപോകുന്നവ; പെട്ടിയിൽ നിന്നെടുക്കുമ്പോൾ നിങ്ങൾ അതൊന്നു മറിച്ചുനോക്കിയെന്നുകൂടി വരാം; പക്ഷേ ഒരു വാക്യം പോലും പൂർണ്ണമായി വായിക്കാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കുന്നുമുണ്ട്. അങ്ങനെ ഇരുപതു കൊല്ലം കഴിയുമ്പോൾ പെട്ടെന്നൊരു മുഹൂർത്തമെത്തുകയാണ്‌: ഉന്നതങ്ങളിൽ നിന്നൊരു കല്പന കിട്ടിയപോലെ നിങ്ങൾ ആ പുസ്തകം തുടക്കം മുതൽ ഒടുക്കം വരെ ഒറ്റയിരുപ്പിനു വായിച്ചുതീർക്കുന്നു. അതൊരു വെളിപാടു കിട്ടിയ പോലെയാണ്‌. ഇപ്പോൾ നിങ്ങൾക്കു മനസ്സിലാവുന്നു, ഈ കോലാഹലമൊക്കെ എന്തിനു വേണ്ടിയായിരുന്നുവെന്ന്. അത്രയധികം കാലം അതു നിങ്ങളോടോപ്പം വേണ്ടിയിരുന്നു; അതു യാത്ര ചെയ്യേണ്ടിയിരുന്നു; അതു നിങ്ങളുടെ സ്ഥലം അപഹരിക്കേണ്ടിയിരുന്നു; അതു നിങ്ങൾക്കൊരു ഭാരമാകേണ്ടിയിരുന്നു; ഇന്നത് യാത്രാലക്ഷ്യമെത്തിയിരിക്കുകയാണ്‌; അതു നിങ്ങൾക്കു സ്വയം വെളിപ്പെടുത്തുകയാണ്‌; നിങ്ങളോടൊപ്പം ഉരിയാട്ടമില്ലാതെ കഴിഞ്ഞ പൊയ്പ്പോയ ഇരുപതു കൊല്ലങ്ങൾക്കു മേൽ അതു വെളിച്ചം വീശുകയാണ്‌. ഇത്രയും കാലം നിശ്ശബ്ദമായി അതു നിങ്ങളോടൊപ്പമുണ്ടായിരുന്നില്ലെങ്കിൽ ഇത്രയൊക്കെ പറയുവാൻ അതിനു കഴിയുമായിരുന്നില്ല; അതൊക്കെത്തന്നെയാണ്‌ അതിലുണ്ടായിരുന്നതെന്ന് ഉറപ്പിച്ചു പറയാൻ ഏതു വിഡ്ഢിക്കു തന്റേടമുണ്ടാവും?

(ഇലിയാസ് കനേറ്റി )
ഏതെങ്കിലുമൊരു പുസ്തകമെടുക്കുക, അതിനി എത്ര മോശമായി എഴുതപ്പെട്ടതായാലും; താനിനി മറ്റൊരു പുസ്തകം വായിക്കാൻ പോകുന്നില്ല എന്ന ഉല്ക്കടവികാരത്തോടെ അതു വായിക്കുക- ഒടുവിൽ സർവതും നിങ്ങൾ അതിൽ നിന്നു വായിച്ചെടുക്കും, എന്നു പറഞ്ഞാൽ നിങ്ങളിലുള്ള സർവതും; ഇതിലധികം നിങ്ങൾക്കു വായനയിൽ നിന്നു കിട്ടാൻ പോകുന്നില്ല, അതിനി എത്ര മഹത്തായ പുസ്തകമായാലും.

(കീർക്കെഗോർ)
വായിക്കാതിരിക്കുക എന്ന കല വളരെ പ്രധാനപ്പെട്ട ഒന്നാണ്‌. ഒരു പ്രത്യേകകാലഘട്ടത്തിൽ പൊതുസമൂഹത്തിന്റെ ശ്രദ്ധയെ ആകർഷിക്കുന്നതെന്തായാലും അതിൽ താല്പര്യമെടുക്കാതിരിക്കലാണത്. രാഷ്ട്രീയക്കാരുടെയോ പള്ളിക്കാരുടെയോ വക ഒരിടയലേഖനം, ഒരു നോവൽ, ഒരു കവിത, ഇതേതെങ്കിലും സമൂഹത്തിൽ കോളിളക്കമുണ്ടാക്കുന്നെങ്കിൽ ഓർക്കുക- വിഡ്ഢികൾക്കു വേണ്ടി എഴുതുന്നവർക്ക് വേണ്ടത്ര വായനക്കാരെയും കിട്ടും. നല്ല പുസ്തകങ്ങൾ വായിക്കുന്നതിനുള്ള മുന്നുപാധിയാണ്‌ മോശം പുസ്തകങ്ങൾ വായിക്കാതിരിക്കുക എന്നത്: അല്പായുസ്സുകളല്ലേ നാം.

(ആർതർ ഷോപ്പൻഹോവർ)
അമിതവായന ആത്മാവിനെ ശ്വാസം മുട്ടിക്കും. അമിതമായ വളപ്രയോഗം വിളകളുടെ വേരുകളെ ശ്വാസം മുട്ടിക്കുമെന്നപോലെ തന്നെ.

(ഉലാവ് എച്ച്. ഹേഗ്)
(പുസ്തകക്കടയിലെ വിഭാഗങ്ങൾ)

-നിങ്ങൾ വായിച്ചിട്ടില്ലാത്ത പുസ്തകങ്ങൾ
-നിങ്ങൾ വായിക്കേണ്ടതില്ലാത്ത പുസ്തകങ്ങൾ
-വായന എന്ന ഉദ്ദേശ്യത്തിനല്ലാതെ എഴുതപ്പെട്ടിട്ടുള്ള പുസ്തകങ്ങൾ
-എഴുതപ്പെടും മുമ്പേ വായിക്കപ്പെട്ട പുസ്തകങ്ങൾ എന്ന വിഭാഗത്തിൽ പെടുന്നതിനാൽ കൈയിലെടുത്തു മറിക്കും മുമ്പേ നിങ്ങൾ വായിച്ചുകഴിഞ്ഞ പുസ്തകങ്ങൾ
-ഒന്നിൽക്കൂടുതൽ ജന്മമുണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും വായിച്ചിരിക്കുമായിരുന്ന പുസ്തകങ്ങൾ (നിർഭാഗ്യത്തിന്‌ നിങ്ങളുടെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞു)
-നിങ്ങൾ വായിക്കാനുദ്ദേശിക്കുന്ന പുസ്തകങ്ങൾ (എന്നാൽ നിങ്ങൾ ആദ്യം വായിക്കേണ്ട പുസ്തകങ്ങൾ വേറെയുണ്ട്)
-ഇപ്പോൾ പൊള്ളുന്ന വിലയായതിനാൽ തള്ളുവിലയ്ക്കു കിട്ടുന്നതു വരെ നിങ്ങൾ കാത്തിരിക്കുന്ന പുസ്തകങ്ങൾ
-പേപ്പർ ബായ്ക്ക് ഇറങ്ങുന്നതു വരെ നിങ്ങൾ കാത്തിരിക്കാൻ തയാറായ പുസ്തകങ്ങൾ
-ആരോടെങ്കിലും നിന്ന് നിങ്ങൾക്കു വായ്പ വാങ്ങാവുന്ന പുസ്തകങ്ങൾ
-എല്ലാവരും വായിച്ചുകഴിഞ്ഞതിനാൽ നിങ്ങളും വായിച്ചെന്ന പോലുള്ള പുസ്തകങ്ങൾ
-വായിക്കാൻ യുഗങ്ങളായി നിങ്ങൾ പ്ലാനിടുന്ന പുസ്തകങ്ങൾ
-കൊല്ലങ്ങളായി തേടി നടന്നിട്ടും കൈയിൽ കിട്ടാത്ത പുസ്തകങ്ങൾ
-ഈ നേരത്ത് നിങ്ങൾ ചെയ്യുന്ന പ്രവൃത്തി പ്രതിപാദിക്കുന്ന പുസ്തകങ്ങൾ
-ആവശ്യം വരുമ്പോൾ എടുത്തു നോക്കാനായി നിങ്ങൾ വാങ്ങിവയ്ക്കാൻ ആഗ്രഹിക്കുന്ന പുസ്തകങ്ങൾ
-വരുന്ന വേനല്ക്കാലത്തു വായിക്കാനായി നിങ്ങൾക്കു മാറ്റിവയ്ക്കാവുന്ന പുസ്തകങ്ങൾ
-അലമാരയിലെ മറ്റു പുസ്തകങ്ങൾക്കൊപ്പം അടുക്കിവയ്ക്കാൻ പറ്റിയ പുസ്തകങ്ങൾ
-അപ്രതീക്ഷിതവും വിശദീകരണമില്ലാത്തതുമായ ഒരു കൗതുകം നിങ്ങളിൽ നിറയ്ക്കുന്ന പുസ്തകങ്ങൾ
-പണ്ടു വായിച്ചതും പുനർവായനയ്ക്കു സമയമായതുമായ പുസ്തകങ്ങൾ
-വായിച്ചെന്നു നിങ്ങൾ നടിച്ചുനടന്നതും എന്നാൽ കുത്തിയിരുന്നു ശരിക്കും വായിക്കാൻ സമയമായതുമായ പുസ്തകങ്ങൾ.

(ഇറ്റാലോ കാൽവിനോ )