വയനാടിന്റെ വികസനം: രൂപരേഖ തയ്യാറാക്കാന്‍ കേരള നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് രാഹുല്‍

ന്യൂഡല്‍ഹി: വയനാടിന്റെ വികസന പദ്ധതികള്‍ക്ക് രൂപരേഖ തയ്യാറാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെ നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചു.പരിസ്ഥിതിക്ക് ഇണങ്ങുന്ന രീതിയിലെ വികസനമാണ് ലക്ഷ്യം വെക്കുന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, വയനാട് മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന മൂന്നു ഡിസിസികളുടെ അധ്യക്ഷന്മാര്‍ മുസ് ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ അടക്കം 23 നേതാക്കളെയാണ് ചര്‍ച്ചയ്ക്കായി വിളിപ്പിച്ചത്.വയനാടിന്റെ വികസനവുമായി ബന്ധപ്പെട്ട് അഭിപ്രായം അറിയുന്നതിന് വേണ്ടിയാണ് കൂടിക്കാഴ്ച.

പരിസ്ഥിതിക്ക് ഇണങ്ങുന്ന സുസ്ഥിര വികസന സങ്കല്‍പം മാത്രമേ വയനാടിന് ഗുണപ്രദമാകൂവെന്ന് രാഹുല്‍ നേതാക്കളെ അറിയിച്ചതായാണ് വിവരം. അതിനനുസരിച്ച് മണ്ഡലത്തിന്റെ വികസനത്തിന് ഉതകുന്ന പദ്ധതികള്‍ തയ്യാറാക്കുന്നതിന് മുന്നോടിയായാണ് കൂടിക്കാഴ്ച. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി അടക്കം വയനാട് പര്യടനവേളയില്‍ രാഹുലിനും പ്രിയങ്കയ്ക്കും ലഭിച്ച നിവേദനങ്ങളില്‍ പരിഹാരമുണ്ടാക്കുന്നതിന് പ്രത്യേക സംവിധാനം ഉണ്ടാക്കുമെന്നും വിവരമുണ്ട്.