പതിനാറുകാരിയുടെ മരണം: കഴുത്തു ഞെരിച്ച് കൊന്നതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: നെടുമങ്ങാട്ട് നിന്ന് കാണാതായ പതിനാറുകാരിയുടെ ദുരൂഹമരണം കൊലപാതകമെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തി. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പൊലീസ്. കുട്ടിയുടെ അമ്മക്കും കാമുകനും എതിരെ കൊലപാതക കുറ്റം ചുമത്തും.

അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യ നടന്നതിന്റ തെളിവുകളൊന്നും തന്നെ ലഭച്ചിട്ടില്ല. കുട്ടിയുടെ അമ്മയെയും കാമുകനേയും നിര്‍ത്തി വീട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഷാളില്‍ തൂങ്ങിയാണ് കുട്ടി മരിച്ചതെന്നാണ് ഇവര്‍ പറഞ്ഞരുന്നത്. എന്നാല്‍ വീട്ടില്‍ ബലപ്രയോഗങ്ങള്‍ നടന്നതിന്റെ ലക്ഷണങ്ങള്‍ പൊലീസിന് കണ്ടെത്താനായി.

മഞ്ജുവിന്റെ കാമുകന്‍ അനീഷിന്റെ വീടിന് സമീപമുള്ള പൊട്ടക്കിണറ്റിലാണ് പതിനാറുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. നെടുമങ്ങാട് പറണ്ടോട് സ്വദേശി മഞ്ജുഷയുടെ മകളായ പതിനാറുകാരിയെ ഈമാസം പത്തു മുതലാണ് കാണാതായത്. മകളെ അന്വേഷിക്കാന്‍ തിരുപ്പൂരിലേക്ക് പോകുകയാണെന്ന് വീട്ടില്‍ പറഞ്ഞശേഷം മഞ്ജുഷ കാമുകനായ അനീഷിനൊപ്പം നാടുവിട്ടു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിവരം ലഭിക്കാതിരുന്നതോടെ മഞ്ജുഷയുടെ അച്ഛന്‍ രാജേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

മഞ്ജുഷയേയും അനീഷിനേയും തമിഴ്‌നാട്ടില്‍ വച്ച് പിടികൂടി ചോദ്യംചെയ്തപ്പോഴാണ് മകള്‍ തൂങ്ങിമരിച്ചെന്നും മൃതദേഹം കിണറ്റില്‍ തള്ളിയെന്നും മൊഴിനല്‍കിയത്. മഞ്ജുഷയുടെ വീട്ടില്‍നിന്ന് നാലുകിലോമീറ്റര്‍ അകലെ കരിപ്പൂര്‍ കാരാന്തലയിലുള്ള അനീഷിന്റെ വീടിനടുത്താണ് മൃതദേഹം ഉപേക്ഷിച്ചത്. രാത്രി അനീഷിന്റെ ബൈക്കില്‍ ഇരുത്തിയാണ് മൃതദേഹം ഇവിടെ എത്തിച്ച് കിണറ്റില്‍ ഹോളോബ്രിക്‌സ് ഉപയോഗിച്ചാണ് കെട്ടിത്താഴ്ത്തിയത്. വഴക്കുപറഞ്ഞതിനാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നായിരുന്നു മഞ്ജുഷയുടെ മൊഴി. എന്നാല്‍ പെണ്‍കുട്ടിയുടേത് കൊലപാതകമാണെന്നാണ് ബന്ധുക്കളുടെയും ആരോപണം