പി. പി .ചെറിയാന്‍
ഹൂസ്റ്റണ്‍: കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഗള്‍ഫ് ഫ്രീവേ ഫിഡര്‍ റോഡിലുണ്ടായ അപകടത്തില്‍ മുപ്പത്തിയാറ് വയസ്സുള്ള ഷൈയ്‌ല ജോസഫും അവരുടെ മൂന്ന് മാസം പ്രായമുള്ള മകനും മരിച്ച കേസ്സില്‍ 21 വയസ്സുള്ള വെറോനിക്കാ റിവാഡിന് 19 വര്‍ഷത്തേക്ക് ശിക്ഷിക്കുമെന്ന് ഹാരിസ് കൗണ്ടി പ്രോസിക്യൂട്ടര്‍ അറിയിച്ചു.ജൂണ്‍ 26 ബുധനാഴ്ച കേസ് കോടതിയിലെത്തിയപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
മദ്യപിച്ച് വാഹനം ഓടിക്കുകയും തുടര്‍ന്നുള്ള അപകടത്തില്‍ രണ്ട്‌പേര്‍ മരിക്കുകയും ചെയ്തതില്‍ ഇവര്‍ക്കെതിരെ മാന്‍ സ്ലോട്ടര്‍ കേസ്സാണ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. അപകടം നടക്കുമ്പോള്‍ ഇവര്‍ക്ക് 19 വയസ്സായിരുന്നു.അപകട സമയത്ത് വെറോനിക്ക 90 മൈല്‍ വേഗതയിലാണ് വാഹനം ഓടിച്ചിരുന്നതെന്നും ആല്‍ക്കഹോള്‍ സാധാരണയില്‍ കവിഞ്ഞ് 0.21 ശതമാനം അധികമായിരുന്നുവെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.ശിക്ഷ ഔദ്യോഗികമായ് ജൂലായില്‍ 12 ന് പ്രഖ്യാപിക്കും.മദ്യപിച്ച് വാഹനം ഓടിക്കുന്നത് കുറ്റകരമാണെന്നും അപകടം സംഭവിച്ചാല്‍ ശിക്ഷ ഗുരുതരമായിരിക്കുമെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.


 
            


























 
				
















