ക്രിക്കറ്റിൽ നിന്ന് ഉടൻ വിരമിക്കില്ലെന്ന് ഗെയ്ല്‍

ലോകകപ്പിനു തൊട്ടുപിറകേ അന്താരാഷ്‌ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കില്ലെന്ന് വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ൽ. കുറച്ചുകാലം കൂടി ക്രിക്കറ്റ് കളിക്കണമെന്നാണ് ആഗ്രഹമെന്ന് ഗെയ്ൽ പറഞ്ഞു. ലോകകപ്പിനു ശേഷം വിരമിക്കുമെന്നു ഗെയ്ൽ അറിയിച്ചിരുന്നു. വിരമിച്ച ശേഷം എന്താണു പദ്ധതിയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് ഗെയ്ൽ നിലപാട് വ്യക്തമാക്കിയത്. ‘ലോകകപ്പിനു ശേഷം വിരമിക്കുമെന്നു മുമ്പ് പറഞ്ഞിരുന്നു. പക്ഷേ, കുറച്ചുകാലം കൂടി ക്രിക്കറ്റ് കളിക്കണം. ലോകകപ്പിനുശേഷം ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റിലും ഏകദിനത്തിലും കളിക്കാൻ ആഗ്രഹമുണ്ട്. എന്നാൽ, ട്വന്റി20യിൽ ഇനി കളിക്കില്ല.’-

ഗെയിൽ പറഞ്ഞു. വിൻഡീസിന്റെ പ്രതിഭാധനരായ താരങ്ങൾക്കൊപ്പം ക്രിക്കറ്റിന്റെ ഭാഗമാകാൻ തനിക്കു കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഗെയ്ൽ പറഞ്ഞു. കോട്‌നി വാൽഷ്, കർട്ലി ആംബ്രോസ് തുടങ്ങിയവരുടെ കാലത്താണു കരിയർ തുടങ്ങിയത്. ബ്രയൻ ലാറയായിരുന്നു തന്റെ ആദ്യ ക്യാപ്റ്റൻ. ടെസ്റ്റിൽ നേടിയ രണ്ട് ട്രിപ്പിൾ സെഞ്ചുറികളും ലോകകപ്പിലെ ഇരട്ട സെഞ്ചുറിയുമാണ് എന്റെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങളെന്ന് ഗെയ്ൽ പറഞ്ഞു.ഇന്ത്യ വിൻഡീസ് മത്സരത്തിനു മുന്നോടിയായാണ് അദ്ദേഹം മാദ്ധ്യമങ്ങളെ കണ്ടത്. ഗെയ്‌ലിന്റെ അവസാന അന്താരാഷ്ട്ര പരമ്പര ഇന്ത്യക്കെതിരെ ആയിരിക്കുമെന്ന് വിൻഡീസ് ക്രിക്കറ്റ് ടീമിന്റെ മീഡിയ മാനേജർ ഫിലിപ്പ് സ്പൂണർ നേരത്തേ പറഞ്ഞിരുന്നു.

ഓഗസ്റ്റിലാണ് ഇന്ത്യ-വിൻഡീസ് പരമ്പര. മൂന്നു വീതം ഏകദിനങ്ങളും ട്വന്റി-20യും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ഗെയ്ലിന്റെ വെളിപ്പെടുത്തൽ തന്നെ അദ്ഭുതപ്പെടുത്തിയതായി വിൻഡീസ് ക്യാപ്റ്റൻ ജയ്‌സൻ ഹോൾഡർ പറഞ്ഞു. ഇത് നല്ല തീരുമാനമാണ്. ഗെയ്ൽ ടീമിലുള്ളത് മുതൽക്കൂട്ടാണ്. കുറച്ചുകാലം കൂടി വിൻഡീസിനായി കളിക്കാൻ കഴിയുമെന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണ്. അദ്ദേഹത്തിന് മികച്ച സംഭാവനകൾ നൽകാൻ സാധിക്കും. ഗെയ്ൽ ഒപ്പമുള്ളത് ടീമിന്റെ കരുത്തും ആത്മവിശ്വാസവും വർദ്ധിപ്പിക്കുമെന്നും ഹോൾഡർ പറഞ്ഞു