തിരുവനന്തപുരം:റിമാന്റ് പ്രതിയായിരുന്ന ഇടുക്കി സ്വദേശി രാജ് കുമാര്‍ പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് സബ് ജയിലില്‍ മരിച്ച പശ്ചാത്തലത്തില്‍ സംഭവവുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് മേധാവി അടിയന്തിരമായി ഹാജരാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. . നാലു ദിവസത്തെ തുടര്‍ച്ചയായ മര്‍ദ്ദനത്തിന്റെ ഫലമായി രാജ് കുമാറിന്റെശരീരത്തിന്‍ 32 മുറിവുകള്‍ ഉണ്ടായിരുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ. ഗിന്നസ് മാടസ്വാമി നല്‍കിയ പരാതിയില്‍ പറയുന്നു.
കസ്റ്റഡി മരണങ്ങളും ലോക്കപ്പ് മര്‍ദ്ദനങ്ങളും അവസാനിപ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ കാലാകാലങ്ങളില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തിയതിന്റെ പുതിയ ഉദാഹരണമാണ് രാജ് കുമാറിന്റെ മരണമെന്ന്പരാതിയില്‍ പറയുന്നു. ഇതിനിടെ നെടുങ്കണ്ടം കസ്റ്റഡി മരണകേസില്‍ ജൂലായ് 10 നകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് ക്രൈംബ്രാഞ്ചിനോട് ഡിജിപി ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളിനാണ് ഡിജിപി നിര്‍ദേശം നല്‍കിയത്. കേസില്‍ വീഴ്ച ഉണ്ടായ എല്ലാവര്‍ക്കെതിരെയും നടപടി ഉണ്ടാകും. വഞ്ചനക്കേസ് ഉള്‍പ്പെടെ എല്ലാകാര്യങ്ങളും വിശദമായി അന്വേഷിക്കുമെന്നും ഡിജിപി പറഞ്ഞു. രാജ്കുമാറിനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ ചട്ടങ്ങള്‍ പാലിച്ചോ എന്നതും പരിശോധിക്കും
 
            


























 
				
















