റവ.മാത്യു ജോസഫിന്റെ പട്ടത്വ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു

ഷാജി രാമപുരം

ഡാളസ്: മാര്‍ത്തോമ്മ സഭയിലെ സീനിയര്‍ വൈദീകനായ റവ.മാത്യു ജോസഫ് പട്ടത്വ ശുശ്രുഷയില്‍ പ്രവേശിച്ചിട്ട് അന്‍പത് വര്‍ഷം പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി പട്ടത്വ സുവര്‍ണ്ണ ജൂബിലി വിപുലമായി ആഘോഷിച്ചു.റവ.മാത്യു ജോസഫ് അംഗമായിരിക്കുന്ന മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാളസ് കാരോള്‍ട്ടണ്‍ ഇടവകയുടെ നേതൃത്വത്തില്‍ ജൂണ്‍ 23 ഞായറാഴ്ച്ച ആരാധനയോട് അനുബന്ധിച്ച് ആയിരുന്നു സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ നടത്തപ്പെട്ടത്.1944 ഏപ്രില്‍ 26 ന് ചെങ്ങന്നൂര്‍ വെട്ടത്തേത്ത് പുത്തന്‍വീട്ടില്‍ ജോസഫിന്റെയും തങ്കമ്മയുടെയും മകനായി ജനിച്ച റവ.മാത്യു ജോസഫ് 1969 ജൂണ്‍ 28ന് മാര്‍ത്തോമ്മ സഭയുടെ വൈദീക ശുശ്രുഷയില്‍ പ്രവേശിച്ചു. സഭയുടെ റൂര്‍ക്കല, പൂയപ്പള്ളി, ജംഷഡ്പൂര്‍, വടശേരിക്കര, കനകമ്പലം, മേല്‍പ്പാടം, നിലമ്പൂര്‍, ചുണ്ടേല്‍, പള്ളിപ്പാട്, പരിമണം, പുന്നമൂട്, മുണ്ടത്താനം, കാരിക്കോട്, പിറവം തുടങ്ങിയ ഇടവകളില്‍ സേവനം അനുഷ്ഠിച്ചു.1993 ല്‍ അമേരിക്കയില്‍ എത്തിയ റവ.മാത്യു ജോസഫ് ടെക്‌സാസ് സ്‌റ്റേറ്റില്‍ ഉള്ള ലബക്ക്, ഓസ്റ്റിന്‍, ഡാലസില്‍ പുതിയതായി ആരംഭിച്ച ക്രോസ്‌വേ കോണ്‍ഗ്രിഗേഷന്‍ ഇടവക എന്നിവിടങ്ങളില്‍ വികാരിയായി സേവനം അനുഷ്ഠിച്ചതിനു ശേഷം കേരളത്തിലെ റാന്നിയില്‍ വിശ്രമജീവിതം നയിച്ചുവരികയാണ്. വത്സമ്മയാണ് സഹധര്‍മ്മിണി.

ഡാളസ് കാരോള്‍ട്ടണ്‍ മാര്‍ത്തോമ്മ ഇടവക വികാരി റവ.തോമസ് മാത്യു പരുവമൂട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഇടവക സെക്രട്ടറി പ്രകാശ് എബ്രഹാം, വൈസ്.പ്രസിഡന്റ് ജേക്കബ് സൈമണ്‍, ട്രസ്റ്റി മാരായ ബായ് എബ്രഹാം, ജോര്‍ജ് പി.തോമസ്, സീനിയര്‍ അംഗം എബ്രഹാം തോമസ് തുടങ്ങിയവര്‍ അനുമോദനങ്ങള്‍ നേര്‍ന്ന് സംസാരിച്ചു.ഇടവകയുടെ സ്‌നേഹോപകരമായി സുവര്‍ണ്ണ ജൂബിലി ഫലകം റവ.മാത്യു ജോസഫിന് സമ്മാനിച്ചു.സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഇടവകയുടെ നേതൃത്വത്തില്‍ സ്‌നേഹ വിരുന്നും നല്‍കി. ജൂനിയര്‍ ഗായകസംഘം ആലപിച്ച ഗാനങ്ങള്‍ സമ്മേളനത്തിന് മാറ്റുകൂട്ടി.