തന്നെ സാംസ്‌ക്കാരിക നായകന്‍ എന്ന് വിശേഷിപ്പിക്കരുതെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്

തന്നെ സാംസ്‌ക്കാരിക നായകന്‍ എന്ന് വിശേഷിപ്പിക്കരുതെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്. തന്റെ സുഹൃത്തുക്കള്‍ക്കയച്ച കുറിപ്പിലാണ് തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.’ ഞാന്‍ ഒരുതരത്തിലും മലയാളികളുടെ സാംസ്‌കാരികനായകനല്ല. ജാതിബോധത്തിനും മതവിശ്വാസത്തിനും സമുദായബലത്തിനും സാമ്പത്തികശക്തിക്കും അധികാരത്തിനും പരമപ്രാധാന്യം നല്‍കുന്ന മലയാളികളുടെ സാംസ്‌കാരികനായകനാവാന്‍ ആവശ്യമായ യാതൊരു യോഗ്യതയും എനിക്കില്ല.’ എന്നാണ് ഇതിനുകാരണമായി ബാലചന്ദ്രന്‍ ചുള്ളിക്കാട് ചൂണ്ടിക്കാണിക്കുന്നത്. എഴുത്തുകാരന്‍ എന്ന നിലയിലാണെങ്കില്‍ യാതൊരുവിധ അവാര്‍ഡുകളോ ബഹുമതികളോ സ്ഥാനമാനങ്ങളോ ഇന്നേവരെ എനിക്കില്ല. ഇനി ഒരിക്കലും ഉണ്ടാവുകയുമില്ല.

എന്റെ സമാനഹൃദയരായ ചില വായനക്കാരുടെ കവി എന്നതിനപ്പുറം ഞാന്‍ മലയാളികളുടെ സര്‍വ്വസമ്മതനായ കവിയയുമല്ലെന്നും ചുള്ളിക്കാട് തന്റെ കുറിപ്പില്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണ്ണരൂപം: ഈയിടെ ചില മാദ്ധ്യമങ്ങൾ എന്നെ “സാംസ്ക്കാരിക നായകൻ” എന്നു വിശേഷിപ്പിച്ചുകണ്ടു. മലയാളികളുടെ എല്ലാത്തരം അവഹേളനങ്ങളും അസഭ്യങ്ങളും ഞാൻ നിശ്ശബ്ദം സഹിച്ചുപോന്നിട്ടുണ്ട്. പക്ഷേ ഈ വിശേഷണം സഹിക്കാനാവുന്നില്ല. ഞാൻ ഒരുതരത്തിലും മലയാളികളുടെ സാംസ്കാരികനായകനല്ല. ജാതിബോധത്തിനും മതവിശ്വാസത്തിനും സമുദായബലത്തിനും സാമ്പത്തികശക്തിക്കും അധികാരത്തിനും പരമപ്രാധാന്യം നൽകുന്ന മലയാളികളുടെ സാംസ്കാരികനായകനാവാൻ ആവശ്യമായ യാതൊരു യോഗ്യതയും എനിക്കില്ല. എഴുത്തുകാരൻ എന്ന നിലയിലാണെങ്കിൽ യാതൊരുവിധ അവാർഡുകളോ ബഹുമതികളോ സ്ഥാനമാനങ്ങളോ ഇന്നേവരെ എനിക്കില്ല. ഇനി ഒരിക്കലും ഉണ്ടാവുകയുമില്ല.

എന്റെ സമാനഹൃദയരായ ചില വായനക്കാരുടെ കവി എന്നതിനപ്പുറം ഞാൻ മലയാളികളുടെ സർവ്വസമ്മതനായ കവിയയുമല്ല. ഒരു പ്രസംഗകനോ പ്രഭാഷകനോ ആയി അറിയപ്പെടാൻ ഞാൻ ഒരുതരത്തിലും ആഗ്രഹിക്കുന്നില്ല. സുഹൃത്തുക്കളുടെ കഠിനമായ നിർബ്ബന്ധം മൂലം മാത്രമാണ് വല്ലപ്പോഴും പ്രസംഗിക്കേണ്ടിവരുന്നത്. ഞാൻ മലയാളികളുടെ പ്രസംഗകനോ പ്രഭാഷകനോ ഒന്നുമല്ല. ഒരിക്കൽക്കൂടി പറയട്ടെ, മലയാളികളെ പ്രതിനിധീകരിക്കാനോ അവരുടെ സംസ്കാരത്തെ നയിക്കാനോ ആവശ്യമായ യാതൊരുവിധ യോഗ്യത യും എനിക്കില്ല. അതിനാൽ എന്നെ “സാംസ്കാവരിക നായകൻ” എന്നുവിളിക്കരുതേ എന്നു എല്ലാവരോടും താഴ്മയായി അപേക്ഷിക്കുന്നു. -ബാലചന്ദ്രൻ ചുള്ളിക്കാട്.