ഗതിതെറ്റി ജി.പി.എസ്

കൊച്ചി: ഈ അദ്ധ്യയനവർഷവും ജി.പി.എസ് സംവിധാനം ഇല്ലാതെ സ്കൂൾ ബസുകള്‍ ഓടും. വിദ്യാര്‍ത്ഥികളുടെ സുരക്ഷയും യാത്രാ റൂട്ടും ഉറപ്പുവരുത്താന്‍ മുഴുവന്‍ സ്കൂള്‍ ബസ്സുകളിലും ഇക്കൊല്ലം തന്നെ ജി.പി.എസ് ഘടിപ്പിക്കണമെന്ന് മുഴുവന്‍ സ്കൂള്‍ അധികൃതര്‍ക്കും മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. അദ്ധ്യയനവർഷം തുടങ്ങി ഒരു മാസവും രണ്ടു ദിവസവുമായെങ്കിലും സംസ്ഥാനത്ത് 9,745 സ്കൂളുകൾ മാത്രമാണ് ബസുകളിൽ ജി.പി.എസ് ഘടിപ്പിച്ചത്. ജി.പി.എസ് ഘടിപ്പിക്കുന്നതിനുള്ള അനുബന്ധ ഉപകരണങ്ങളുടെ അഭാവത്തെ തുടർന്നാണ് പദ്ധതി വൈകുന്നതെന്നാണ് വിവരം. സുരക്ഷാമിത്രം പദ്ധതിയിൽ ഉൾപ്പെടുത്തിയ സംവിധാനങ്ങൾ ബസുകളിൽ ഘടിപ്പിക്കാൻ വൻ തുക വേണമെന്നതിനാൽ ചില സ്കൂളുകൾ പിന്നോട്ടുപോയതായും സൂചനയുണ്ട്. സംസ്ഥാനത്തെ 14,479 സ്കൂളുകളിൽ ഭൂരിഭാഗത്തിനും സ്വന്തമായി വാഹനങ്ങളുണ്ട്. ഡിസംബർ 30 വരെയാണ് ബസുകളിൽ സുരക്ഷാക്രമീകരണം ഒരുക്കാൻ സ്കൂളുകൾക്ക് സമയം അനുവദിച്ചിരുന്നതെങ്കിലും പൂർത്തിയായില്ല. തുടർന്ന് ജൂൺ ആദ്യവാരത്തിൽ പൂർത്തിയാക്കണമെന്നു നിർദ്ദേശം നൽകി. പദ്ധതി നടപ്പാക്കുന്നതിന് വെഹിക്കിൾ ട്രാക്കിങ് മാനേജ്‌മെന്റ് സിസ്റ്റം എന്ന പേരിൽ സോഫ്റ്റ് വെയറിനും രൂപം നൽകി. കൂടാതെ വാഹനങ്ങൾ നിരീക്ഷിക്കാൻ കേന്ദ്രീകൃത സംവിധാനം സജ്ജീകരിച്ച് ജില്ലാ ആർ.ടി ഓഫീസുകളിലും നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തി. ജീവനക്കാർക്ക് പരിശീലനവും നൽകി. എന്നാൽ സ്കൂളുകൾ വീണ്ടും കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു. ജി.പി.എസ് സംവിധാനം ‘സുരക്ഷാമിത്ര’ പദ്ധതിയുടെ ഭാഗമായാണ് ജി.പി.എസ് സംവിധാനം ഘടിപ്പിക്കുന്നത്. ഇതിലൂടെ സ്കൂൾ ബസുകളുടെ വേഗം, യാത്രാപഥം എന്നിവയെല്ലാം നിരീക്ഷിക്കാനാകും. കുട്ടികൾക്കു നേരെ മോശം പെരുമാറ്റം ഉണ്ടായാൽ വാഹനത്തിലെ ബസർ അമർത്തിയാൽ അടുത്തുള്ള മോട്ടോർവാഹന വകുപ്പ് ഓഫീസിൽ നിന്ന് സഹായം ലഭിക്കുന്നതിനുള്ള സംവിധാനവും ജി.പി.എസിലുണ്ട്. യാത്രയ്ക്കിടെ അപകടമുണ്ടായാൽ ഉടൻ കൺട്രോൾ റൂമിൽ വിവരം ലഭിക്കും. ബസ് 40 ഡിഗ്രിയിൽ കൂടുതൽ ചെരിഞ്ഞാൽ അപായമണി പ്രവർത്തിക്കും. വേഗം കൂട്ടിയാലും ജി.പി.എസ് വേർപെടുത്തിയാലും ഉടൻ കൺട്രോൾ റൂമിൽ വിവരമെത്തും.