സഭാതര്‍ക്ക കേസില്‍ സുപ്രിംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സഭാതര്‍ക്ക കേസില്‍ സുപ്രിംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി. വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് കടമയുണ്ട്. അത് നടപ്പിലാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ആന്റണി ജോണ്‍ എംഎല്‍എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

സഭാതര്‍ക്കകേസില്‍ കോടതി വിധി നടപ്പാക്കുന്നത് വൈകിക്കുന്നത് ഇനിയും ക്ഷമിക്കാനാവില്ലെന്നും, ഇനിയും ഈ നില തുടര്‍ന്നാല്‍ ചീഫ് സെക്രട്ടറിയെ ജയിലില്‍ അടയ്ക്കുമെന്നും സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. സുപ്രിംകോടതിയുടെ ഈ താക്കീത് സര്‍ക്കാരിനേറ്റ തിരിച്ചടിയായാണ് പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ അഭിപ്രായപ്പെട്ടത്.

സഭാ തര്‍ക്കത്തില്‍ സുപ്രിം കോടതി വിധി നടപ്പാക്കുന്നതില്‍ കാലതാമസം നേരിടുന്നതില്‍ സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്സ് സഭ രംഗത്തെത്തിയിരുന്നു. ശബരിമല കേസില്‍ സര്‍ക്കാര്‍ കാണിച്ച ശുഷ്‌കാന്തി, സഭാകേസില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്നില്ലെന്ന് കാതോലിക്ക ബാവ ആരോപിച്ചു. സുപ്രിംകോടതി വിധി അനുസരിച്ച് കട്ടച്ചിറ, വരിക്കോലി പള്ളികള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഇനിയും കാലതാമസം തുടര്‍ന്നാല്‍ ഓര്‍ത്തഡോക്സ് സഭ കോടതിയെ സീമപിക്കുമെന്നും കാതോലിക്ക ബാവ പറഞ്ഞു.