പരീക്ഷാഭവനില്‍ കൂട്ടിയിട്ട് കത്തിച്ചത് ലക്ഷക്കണക്കിന് എസ്എസ് എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍

തിരുവനന്തപുരം: ലക്ഷങ്ങളുടെ നഷ്ടം വരുത്തിവെച്ച് തിരുവന്തപുരം പരീക്ഷാഭവനില്‍ കൂട്ടിയിട്ട് കത്തിച്ചത് ലക്ഷക്കണക്കിന് എസ്എസ് എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍. പ്രിന്റിംഗ് തകരാറിനെ തുടര്‍ന്ന് തിരിച്ചെത്തിയ സര്‍ട്ടിഫിക്കറ്റുകളാണ് കത്തിച്ചത്. കഴിഞ്ഞകൊല്ലം വിതരണം ചെയ്ത സര്‍ട്ടിഫിക്കറ്റിലാണ് ഗുരുതര പിഴവുകള്‍ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം അഞ്ചരലക്ഷം വിദ്യാര്‍ത്ഥികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്.

വടക്കന്‍ ജില്ലകളില്‍ വിതരണം ചെയ്ത സര്‍ട്ടിഫിക്കറ്റുകളിലാണ് പിഴവുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവ പരീക്ഷാഭവനില്‍ തിരിച്ചെത്തിച്ച് പകരം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഒരു സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്യുന്നതിന് നാലര രൂപയാണ് ചെലവ്. പിഴവ് വന്ന സര്‍ട്ടിഫിക്കറ്റുകള്‍ പ്രിന്റ് ചെയ്യാന്‍ ചെലവഴിച്ച തുകയും കൂടാതെ പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ പ്രിന്റ് ചെയ്യാനുള്ള ചെലവും കൂടി ആകുമ്പോള്‍ ഭീമമായ തുക തന്നെയാണ് സര്‍ക്കാരിന് നഷ്ടമായിരിക്കുന്നത്.

ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്വപരമായ ഇടപെടലാണ് ഇത്രയും സര്‍ട്ടിഫിക്കറ്റുകളില്‍ പിഴവ് സംവഭിക്കാന്‍ കാരണം എന്നാണ് ആക്ഷേപം ഉയരുന്നത്. എന്നാല്‍, ഇതേക്കുറിച്ച് അന്വേഷണമൊന്നും ഉണ്ടായില്ലെന്നും സൂചനയുണ്ട്.

സെക്യൂരിറ്റി പ്രസില്‍ നിന്ന് കാര്‍ഡ് വാങ്ങി പരീക്ഷാഭവനിലെ പ്രത്യേക പ്രസിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ പ്രിന്റ് ചെയ്യുന്നത്. പ്രിന്റിംഗ് പിഴവുമൂലം കാര്‍ഡില്‍ നിന്ന് മഷി ഇളകി പോകുന്നതായിരുന്നു പ്രശ്‌നം. ഗുണനിലവാരമില്ലാത്ത ടോണര്‍ പ്രിന്റിംഗിന് ഉപയോഗിച്ചതാണ് ഇതിന് കാരണം.

സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മാര്‍ക്കുള്‍പ്പെടെയുളള വിവരങ്ങള്‍ അപ്രത്യക്ഷമായതോടെ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ പരാതിയുമായി പരീക്ഷാഭവനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ മേധാവികള്‍ തകരാറുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അതാത് സ്‌കൂളുകളില്‍ നിന്ന് തിരികെ വാങ്ങി. പകരം പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ പ്രിന്റ് ചെയ്ത് നല്‍കുകയായിരുന്നു.ചില വിദ്യാര്‍ത്ഥികള്‍ക്ക് ഡ്യൂപ്‌ളിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് കിട്ടാനായി 350 രൂപ ഫീസ് നല്‍കേണ്ടിവരുകയും ചെയ്തു. ഗുണനിലവാരമില്ലാത്ത ടോണര്‍ വിതരണം ചെയ്തതിന് കരിമ്പട്ടികയിലായ അതേ കമ്പനിയാണ് ഇപ്പോഴും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ വിതരണം ചെയ്ത ഒരു ലക്ഷത്തോളം സര്‍ട്ടിഫിക്കറ്റുകളാണ് പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരിച്ചെത്തിയത്.