നെടുങ്കണ്ടം പെലീസ് സ്റ്റേഷനിൽ രാജ്കുമാറിന് ഏൽക്കേണ്ടിവന്നത് കടുത്ത മർദ്ദനമുറകളെന്ന് റിമാൻഡ് റിപ്പോർട്ട്. കസ്റ്റഡിയിലെടുത്ത ജൂൺ 12ന് വൈകിട്ട് അഞ്ചുമുതൽ അറസ്റ്റ് രേഖപ്പെടുത്തുന്ന 15 വരെക്രൂരമർദ്ദനം തുടർന്നതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇരു കാൽവെള്ളയിലും അതിക്രൂരമായി മർദ്ദിച്ചു. സ്റ്റേഷൻ രേഖകളിലടക്കം കൃത്രിമം കാണിച്ചു. പൊലീസ് ഡ്രൈവർ സജീവ് ആന്റണി വണ്ടിപ്പെരിയാറിൽ വച്ചാണ് മർദ്ദിച്ചത്. ഒപ്പമുണ്ടായിരുന്നിട്ടും എസ്.ഐ സാബു തടയാൻ ശ്രമിച്ചില്ലെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കേസിൽ നാലു പ്രതികളാണുള്ളത്. എസ്.പിക്കെതിരേ എസ്.ഐ രാജ്കുമാറിനെ അന്യായമായി കസ്റ്റഡിയിൽ വച്ചത് എസ്.പി കെ.ബി.വേണുഗോപാലിന്റെ നിർദ്ദേശപ്രകാരമാണെന്ന് അറസ്റ്റിലായ എസ്.ഐ സാബു മൊഴിനൽകി. രാജ്കുമാറിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ എസ്.പി നിർദ്ദേശിച്ചു. കസ്റ്റഡി വിവരം ഡി.ഐ.ജിയെ അറിയിച്ചതായും എസ്.പി പറഞ്ഞിരുന്നു. കട്ടപ്പന ഡിവൈ.എസ്.പിയെ വിവരം അറിയിച്ചിരുന്നെന്നും കെ.എ.സാബു ക്രൈംബ്രാഞ്ചിനോടു പറഞ്ഞു. ഉരുട്ടലിനു പിന്നാലെ ഉഴിച്ചിലും ഉരുട്ടലിന് വിധേയനാക്കിയ രാജ്കുമാറിന് പൊലീസ് സ്റ്റേഷനിൽ ഉഴിച്ചിൽ ചികിത്സയും നടത്തി. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിന് മുമ്പ് സ്റ്റേഷനിൽ വച്ചായിരുന്നു ചികിത്സ. പൊലീസ് കാന്റീനിൽ തൈലം ചൂടാക്കി. സി.പി.ഒ നിയാസ് എത്തിച്ച ഉഴിച്ചിലുകാരന് രണ്ടായിരം രൂപ പ്രതിഫലം നൽകി. രാജ്കുമാറിൽനിന്ന് പിടിച്ചെടുത്ത പണത്തിൽനിന്നാണ് പ്രതിഫലം നൽകിയതെന്നും എസ്.ഐ സാബു ക്രൈംബ്രാഞ്ചിനു മൊഴി നൽകി.