നോട്ട് ക്ഷാമം ഗുരുവായൂരപ്പനെയും ബാധിച്ചു

ഗുരുവായൂര്‍ : നോട്ട്ക്ഷാമം പ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രത്തിനെയും പിടികൂടി. അമ്പലത്തിനു ചുറ്റുമുള്ള ആറ് എ.ടി.എമ്മുകളിലും പണമില്ലാത്തത് ഭക്തരെയും ക്ഷേത്രം ജീവനക്കാരെയും ഒരു പോലെ വലയ്ക്കുന്നുണ്ട്. കാണിക്ക വഴിയും മറ്റ് പൂജകളിലൂടെയും ലഭിക്കുന്ന ക്ഷേത്രത്തിന്റെ വരുമാനത്തില്‍ വന്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. ചുറ്റമുള്ള ബാങ്കുകളിലായി 1500 കോടി രൂപയുടെ സ്ഥിര നിക്ഷേപം, ഇതിനു പുറമേ 500 കിലോ സ്വര്‍ണ്ണം, 53 ആനകള്‍ ഒക്കെ സ്വന്തമായുള്ള ഈ ക്ഷേത്രത്തിന്റെ പരിസരത്തുള്ള എ.ടി.എമ്മുകളില്‍ മിക്കപ്പോഴും പണമില്ലാത്ത അവസ്ഥയാണുള്ളത്.

ദൈവം വിചാരിച്ചാല്‍ പോലും സഹായിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളതെന്ന് ഒരു ബാങ്ക് ഉദ്യോഗസ്ഥന്‍ ദേശീയ ദിനപ്പത്രത്തോട് പറഞ്ഞു. ഒന്നും രണ്ടും മണിക്കൂറുകള്‍ക്കിടയില്‍ എ.ടി.എമ്മുകള്‍ നിറയ്‌ക്കേണ്ടി വരുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നോട്ട് പിന്‍വലിക്കലിന് ശേഷം ക്ഷേത്രത്തിന്റെ വരുമാനത്തില്‍ 40 ശതമാനം കുറവുണ്ടായിട്ടുണ്ട്. പ്രതിമാസം ആറും ഏഴും കോടി രൂപ വരുമാനമുണ്ടായിരുന്നിടത്ത് നവംബറില്‍ നാലു കോടി രൂപ മാത്രമാണ്  ക്ഷേത്രത്തിന് ലഭിച്ചത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന മൂന്നു പ്രധാന ക്ഷേത്രങ്ങളാണുള്ളത്. ശബരിമല, പത്മനാഭസ്വാമി ക്ഷേത്രം, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രതിവര്‍ഷം ആയിരം കോടി രൂപ വരുമാനമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ കേരളത്തിലെ 42 പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് കേവലം 200 കോടി രൂപ മാത്രമാണ് വരുമാനമായി ലഭിക്കുന്നത്.

നവംബര്‍ എട്ടാം തീയതി പ്രധാനമന്ത്രിയുടെ നോട്ട് പിന്‍വലിക്കല്‍ നടപടി വന്നതോടു കൂടി ക്ഷേത്രത്തിന്റെ വരുമാനത്തിലും വലിയ ഇടിവാണുണ്ടായിരിക്കുന്നതെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പീതാംബരകുറുപ്പ് പറഞ്ഞു. ബാങ്ക് ദേശസാല്‍ക്കരണത്തിലൂടെ  ഇന്ദിരാഗാന്ധിയെ പോലെ കരുത്തുറ്റ പ്രധാനമന്ത്രിയാകാനുള്ള ശ്രമമാണ് മോദി നോട്ട് പിന്‍വലിക്കലിലൂടെ നടത്തിയത്. പക്ഷേ മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ നിലവാരത്തിലേക്ക് അദ്ദേഹം അധഃപതിച്ചുവെന്നും കുറുപ്പ് ചൂണ്ടിക്കാട്ടി. ക്ഷേത്രപരിസരത്തുള്ള കച്ചവടക്കാരെയും മറ്റ് അനുബന്ധ കച്ചവടം നടത്തുന്നവരെയും നോട്ട്ക്ഷാമം സാരമായി ബാധിച്ചിട്ടുണ്ട്. പൂക്കച്ചവടം, പപ്പടം ബിസിനസ് നടത്തിയിരുന്നവര്‍ കടുത്ത പട്ടിണിയിലേക്ക് നീങ്ങുകയാണ്.