ജോതിരാദിത്യ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

ഭോപ്പാല്‍: തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ച രാഹുല്‍ ഗാന്ധിയുടെ ചുവടുപിടിച്ച് ഉന്നത കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. രാഹുലിന്റെ രാജിയ്ക്കു പിന്നാലെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചിരിക്കുകയാണിപ്പോള്‍ ജ്യോതിരാദിത്യ സിന്ധ്യ. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറിയായിരുന്നു സിന്ധ്യ.

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയെ തുടര്‍ന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരുന്നു. ഇതേ കാരണം ചൂണ്ടിക്കാട്ടി ദീപക് ബാബ്‌റിയ, വിവേക് തന്‍ഖ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും രാജിവച്ചിരുന്നു.

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിരവധി നേതാക്കള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും താന്‍ ആദ്യം രാജിവയ്ക്കാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും രാഹുല്‍ തന്റെ രാജിക്കത്തില്‍ വ്യക്തമാക്കിയിരുന്നു. പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനമൊഴിയാത്ത നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ഇത്.

എന്നാല്‍ രാഹുല്‍ ഗാന്ധിയ്ക്കു പകരം കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കു പരിഗണിക്കുന്ന പേരുകളില്‍ ജ്യോതിരാദിത്യ സിന്ധ്യയും ഇടംപിടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സിന്ധ്യയുടെ രാജി.