ഭരണപരിഷ്‌ക്കാരം പോകുന്ന പോക്ക്

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
പിണറായി സർക്കാറിന്റെ മൂന്നാം വാർഷികത്തിനു പിറകെ അടിയന്തരാവസ്ഥയുടെ 44-ാം വാർഷികംകൂടി കടന്നുപോയപ്പോൾ സംസ്ഥാന ഭരണത്തിന്റെ അവിശ്വസനീയവും അസാധാരണവുമായ മുഖമാണ് വെളിപ്പെടുന്നത്. തടവുശിക്ഷ അനുഭവിക്കുന്ന വാടകക്കൊലയാളി ജയിലിൽനിന്ന് വിദേശത്തുപോലും ‘ക്വട്ടേഷനെ’ടുക്കുന്നു. തടവുപുള്ളികളും മയക്കുമരുന്നു മാഫിയകളും രാഷ്ട്രീയക്കാരും ചേർന്ന് ജയിൽഭരണം നടത്തുന്നു. അടിയന്തരാവസ്ഥയിൽ നടത്തിയ കുപ്രസിദ്ധമായ ഉരുട്ടിക്കൊല പൊലീസ് സ്റ്റേഷനുകളിൽ നടക്കുന്നു. അധികാരം ജനങ്ങളിലേക്കെത്തിക്കാൻ നിയമ-ഭരണ നടപടികളെടുത്ത സംസ്ഥാനത്ത് ഉദ്യോഗസ്ഥ മേധാവിത്വം അരങ്ങു തകർക്കുന്നു.

രണ്ടുകാര്യങ്ങൾ മുഖ്യമന്ത്രിതന്നെ സമ്മതിക്കുന്നു ഒന്ന്, അടിയന്തരാവസ്ഥയുടെ വാർഷികദിനത്തിൽ പൊലീസ് മർദ്ദനത്തെക്കുറിച്ച് മറുപടി പറയേണ്ടിവന്നത് വിധിവൈപരീത്യമെന്ന്. രണ്ടാമത്തേത്, ഉദ്യോഗസ്ഥ മേധാവിത്വം നഗരസഭകളിൽ നടമാടുന്നുവെന്ന് ആന്തൂർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി പറഞ്ഞത്. നഗരസഭാ സെക്രട്ടറിമാരുടെ അധികാരം കുറയ്ക്കുന്ന നിയമനടപടി കൊണ്ടുവരുമെന്നാണ് മുഖ്യമന്ത്രി പരിഹാരമായി പറഞ്ഞത്.
ഖത്തറിൽ സ്വർണ്ണ വ്യാപാരികൂടിയായ കൊടുവള്ളിയിലെ നഗരസഭാ കൗൺസിലർ കോയിശ്ശേരി മജീദിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ മറ്റുരണ്ടു വാടകക്കൊലയാളികൾക്കൊപ്പം വിയ്യൂർ സെൻട്രൽ ജയിലിൽ ശിക്ഷയനുഭവിക്കുന്ന കൊടിസുനി സ്വർണ്ണക്കള്ളക്കടത്തിൽ സഹായിക്കണ മെന്നാവശ്യപ്പെട്ട് കഴിഞ്ഞ മെയ് 23ന് സ്വർണ്ണ വ്യാപാരിയെ ബന്ധപ്പെടുന്നു. തന്റെ ഏജന്റ് ഖത്തറിൽ എത്തിക്കുന്ന സ്വർണ്ണം രേഖകളില്ലാതെ വാങ്ങണമെന്നാണ് ആവശ്യം. അനുസരിച്ചില്ലെങ്കിൽ നാട്ടിലെ വീട്ടിൽകയറി ആക്രമിക്കുമെന്ന് ഭീഷണി. ഖത്തറിലെ ഇന്ത്യൻ എംബസിക്ക് സ്വർണ്ണ വ്യാപാരി പരാതി നൽകി.

സംരക്ഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ കേരളാ പൊലീസിലും പരാതി നൽകി. ഇതിന്റെ തുടർച്ചയായാണ് പുതിയ ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് കഴിഞ്ഞദിവസം കണ്ണൂർ ജയിലിലും അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം തൃശ്ശൂർ സിറ്റി പൊലീസ് കമ്മിഷണർ യതീഷ്ചന്ദ്ര ജൂൺ 22ന് പുലർച്ചെ വിയ്യൂർ സെൻട്രൽ ജയിലിലും പൊലീസ് സേനയുടെ പിൻബലത്തോടെ മിന്നൽ പരിശോധന നടത്തിയത്. യഥേഷ്ടം പുറംലോകവുമായി ബന്ധപ്പെടാനുള്ള സിം കാർഡുകളും മൊബൈൽ ഫോണുകളും കോടിസുനിയിൽനിന്നും മുഹമ്മദ് ഷാഫിയിൽനിന്നും പിടിച്ചെടുത്തു. കഞ്ചാവും മറ്റ് വിവിധ ആയുധങ്ങളും ജയിലിൽ ഒളിപ്പിച്ചതും കണ്ടെത്തി. സി.സി ടി.വി ഓഫ്ചെയ്തു വച്ചതായും കണ്ടു. ടി.പി വധക്കേസിലെ പ്രതികൾക്ക് ചട്ടം മറികടന്ന് യഥേഷ്ടം പരോൾ നൽകുന്നതിന്റെ വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ആഡംബരജീവിതത്തിനും സ്വർണ്ണം കള്ളക്കടത്ത്, കൊലപാതകങ്ങൾ, വീട് ആക്രമിക്കൽ തുടങ്ങി ക്രിമിനലുകളുടെ രാജ്യഭാരം നിർവ്വഹിക്കാനും കണ്ണൂർ വിയ്യൂർ ജയിലുകൾ ടി.പി വധക്കേസ് പ്രതികൾ ഉപയോഗിച്ചുവരികയാണെന്ന് ഋഷിരാജ്സിംഗിന് ബോധ്യപ്പെട്ടു.

ഇതിന്റെ അടിസ്ഥാനത്തിൽ കൊടിസുനിയെയും മുഹമ്മദ് ഷാഫിയെയും തിരുവനന്തപുരം പൂജപ്പുര ജയിലിലേക്ക് മാറ്റി. പിടിച്ചെടുത്ത ഫോണുകൾ ജയിലിൽ എങ്ങനെ എത്തിയെന്നും അതിൽനിന്ന് ആരെയൊക്കെ ബന്ധപ്പെട്ടെന്നുമുള്ള വിവരം കണ്ടെത്തി അറിയിക്കാൻ ഡി.ജി.പി ലോക്നാഥ് ബഹ്റയോട് ഋഷിരാജ്സിങ് ആവശ്യപ്പെട്ടു. ജയിൽ ഉപദേശകസമിതി അംഗങ്ങളായ സി.പി.എം നേതാക്കളും പ്രതികളും ജയിൽ ഉദ്യോഗസ്ഥരും ചേർന്ന ജയിൽ വാഴ്ചയിലാണ് ഡി.ജി.പി ഋഷിരാജ് സിങ് ഇപ്പോൾ ഇടപെട്ടിരിക്കുന്നത്. മൂന്നാർ ഭൂമികൈയേറ്റം ഒഴിപ്പിക്കാൻ മുമ്പ് വി.എസ് നിയോഗിച്ച മൂന്ന് പൂച്ചകളിൽ ഒരാളായ ഋഷിരാജ്സിങ്ങിന് ജയിൽ ഡി.ജി.പി പദവി എന്ന പുതിയ ലാവണത്തിൽ എത്രനാൾ തുടരാൻ കഴിയുമെന്ന് കണ്ടറിയണം.
ആന്തൂരിൽ പ്രവാസി ആത്മഹത്യ ചെയ്തതിന്റെ ഉത്തരവാദിയായി ആരുമില്ലെന്ന അവസ്ഥയാണിപ്പോൾ. ആന്തൂർ നഗരസഭാ അദ്ധ്യക്ഷയാണ് കുറ്റവാളിയെന്നും അതല്ല, നഗരസഭാ സെക്രട്ടറിയും എഞ്ചിനീയറുമടക്കമുള്ള ഉദ്യോഗസ്ഥരാണ് കുറ്റവാളികളെന്നും സി.പി.എം നേതൃത്വം രണ്ട് തട്ടിലായിരുന്നു. സെക്രട്ടറിയടക്കമുള്ള നാല് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യുകയും തളിപ്പറമ്പ് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. തന്നെ അറസ്റ്റുചെയ്യുന്നത് തടയാനും മുൻകൂർ ജാമ്യം അനുവദിക്കാനുമാണ് നഗരസഭാ സെക്രട്ടറി എം.കെ ഗിരീഷ് ഹൈക്കോടതിയെ സമീപിച്ചത്. പൊലീസ് രജിസ്റ്റർചെയ്ത കേസിൽ ഗിരീഷിന്റെ പേരില്ലെന്ന് എ.ഡി.ജി.പി കോടതിയെ അറിയിച്ചതോടെ കോടതി കേസ് വ്യാഴാഴ്ച തീർപ്പാക്കി. ഒടുവിലിപ്പോൾ സാജനെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതിന്റെ ഉത്തരവാദികളാരെന്നുപോലും പറയാനാകാത്ത അവസ്ഥയിലായി സർക്കാറും സി.പി.എമ്മും. ജില്ലയിലും നഗരസഭകളിലും സർക്കാർ ഉദ്യോഗസ്ഥന്മാർ സർവ്വാധികാരികളായി തുടരുന്ന അവസ്ഥ ഇല്ലാതാക്കാനുള്ള നീക്കം കേരളത്തിൽ 1958ൽതന്നെ ആരംഭിച്ചതായിരുന്നു. അന്ന് മുഖ്യമന്ത്രി ഇ.എം.എസ് അദ്ധ്യക്ഷനായ ഭരണപരിഷ്‌ക്കാര കമ്മിഷൻ തയാറാക്കിയ റിപ്പോർട്ടിലെ ശുപാർശ ഇതിനുവേണ്ടിയായിരുന്നു. ഇതനുസരിച്ച് ജില്ലാ കൗൺസിൽ സംവിധാനത്തിൽ കളക്ടർ തൊട്ടുള്ള ഉദ്യോഗസ്ഥർ കൗൺസിലുകൾക്ക് കീഴ്പ്പെട്ട് പ്രവർത്തിക്കണമായിരുന്നു. ഐ.എ.എസ്‌കാർ അടക്കമുള്ള ഉദ്യോഗസ്ഥർ ജനപ്രതിനിധികൾക്ക് കീഴ്പ്പെടുകയും. എന്നാൽ കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിൽ പിന്നീട് കേരള നിയമസഭ പാസാക്കിയ പഞ്ചായത്തീരാജ് നഗരസഭാ സംവിധാനം അതു മാറ്റി. സർക്കാർ ഉദ്യോഗസ്ഥരെ വീണ്ടും സർവാധിപതികളാക്കി. പിന്നീട് 1996-98ൽ ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെയാണ് കേരളത്തിൽ അധികാര വികേന്ദ്രീകരണവും ഭരണത്തിന്റെ ജനാധിപത്യവത്ക്കരണവും പ്രയോഗത്തിൽ കൊണ്ടുവരാൻ ശ്രമിച്ചത് അധികാരം ജനങ്ങളിലേക്കെത്തിക്കുക എന്ന ആ കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടാണ് ഇടതുമുന്നണി- വലതുമുന്നണി ഭരണവ്യത്യാസമില്ലാതെ കേരളത്തിലിപ്പോൾ ഇല്ലാതാക്കിയത്. പ്രാദേശിക സർക്കാറുകൾ എന്ന നിലയിൽ അടിത്തട്ടിലേക്ക് ജനാധിപത്യവും അധികാരവും എത്തിക്കാനുള്ള ലക്ഷ്യമാണ് അധികാര കേന്ദ്രീകരണവും ഉദ്യോഗസ്ഥ രാഷ്ട്രീയ ഭരണ മേധാവിത്വവുമായി രൂപംമാറിയത്.

ഒരു തട്ടിപ്പുകേസിൽ വാഗമണ്ണിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത 49കാരനായ രാജ്കുമാറിനെയാണ് നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാരുടെ വിശ്രമമുറിയിൽ നാലുദിവസം മർദ്ദനത്തിനും ചോദ്യംചെയ്യലിനും വിധേയനാക്കിയത്. അവശനിലയിൽ മജിസ്ട്രേറ്റിനു മുമ്പാകെയും പിന്നീട് അത്യാസന്നനിലയിൽ ഡോക്ടർമാരുടെ നിർദ്ദേശം അവഗണിച്ച് ജയിലിലുമെത്തിച്ചത്. തുടർന്ന് രാജ്കുമാർ മരണപ്പെട്ടു. മർദ്ദനത്തിൽ വാരിയെല്ലുകൾ തകർന്നെന്നും മൃതദേഹത്തിൽ മുപ്പത്തിരണ്ട് മുറിവുകളും കാലിലും കാൽവണ്ണയിലും ലോക്കപ്പ് മർദ്ദനത്തിന്റെ പാടുകൾ ഉണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് വെളിപ്പെടുത്തുന്നു. പിണറായി സർക്കാറിന്റെ ഭരണത്തിലെ അഞ്ചാമത് കസ്റ്റഡിമരണമാണിത്. അടിയന്തരാവസ്ഥയിലെ ഉരുട്ടിക്കൊല ഇടതുമുന്നണി ഭരണത്തിലും ആവർത്തിച്ചു. അടിയന്തരാവസ്ഥയിൽ പൊലീസിൽനിന്ന് മർദ്ദനമേൽക്കേണ്ടിവന്ന താൻ ഇതിന് മറുപടി പറയേണ്ടിവരുന്നത് വിധിവൈപരീത്യമാണന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. താൻ കൈയാളുന്ന പൊലീസ് വകുപ്പിൽ ഇനി ഈ ക്രൂരത അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കാൻ പക്ഷെ, മുഖ്യമന്ത്രി തയാറായില്ല. തന്റെ നേതൃത്വത്തിൽ പൗരന്റെ മൗലികാവകാശങ്ങൾ പരിരക്ഷിക്കേണ്ട ഭരണഘടനാവ്യവസ്ഥകൾ നിലനിൽക്കെയാണ് അടിയന്തരാവസ്ഥയിലെ കൊലയറകളായി പൊലീസ് സ്റ്റേഷനുകൾ മാറുന്നത്. ആ തിരിച്ചറിവും കുറ്റബോധവും മുഖ്യമന്ത്രി പ്രകടിപ്പിച്ചില്ല. തിരുവനന്തപുരത്തും കൊച്ചിയിലും പൊലീസ് കമ്മിഷണറേറ്റുകൾ തുടങ്ങി കമ്മിഷണർമാർക്ക് ജുഡീഷ്യൽ അധികാരംകൂടി നൽകാൻ ഒരുങ്ങുന്ന മുഖ്യമന്ത്രി അതിനു മുതിരാഞ്ഞതിൽ അത്ഭുതമില്ല. പൊലീസ് കമ്മിഷണറേറ്റുകൾ സംസ്ഥാനത്ത് നിലവിൽ വരുന്നത് സി.പി.ഐയുടെ അടക്കം എതിർപ്പിനെ തുടർന്ന് തൽക്കാലം നീക്കിവച്ചിരിക്കുകയാണെങ്കിലും. ദേശീയപാതയ്ക്കു ചുറ്റും താമസിക്കുന്നവരിൽനിന്ന് പ്രത്യേക നികുതി ചുമത്താനും ഭൂമി ഏറ്റെടുക്കുന്ന ചെലവിന്റെ നാലിലൊന്ന് സംസ്ഥാന ഗവണ്മെന്റ് വഹിക്കാനും സ്വകാര്യ വ്യവസായികൾക്ക് പദ്ധതികൾ തുടങ്ങാൻ പൊതുസ്ഥലം അനുവദിക്കാനും കേന്ദ്രമന്ത്രി ഗഡ്കരി ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയപാതയുടെ കാര്യത്തിലടക്കം മോദി ഗവണ്മെന്റിന്റെ നയങ്ങൾ അംഗീകരിച്ചു നടപ്പാക്കാൻ മുഖ്യമന്ത്രി സമ്മതിച്ചിട്ടുണ്ട്. സ്വാഭാവികമായും ഇതിനെതിരെ ജനങ്ങളിൽനിന്ന് ഉയരാൻപോകുന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ പൊലീസിനു കൂടുതൽ കരുത്തു പകരേണ്ടതുണ്ട്. ഇത് സാധിക്കണമെങ്കിൽ എതിർക്കുന്ന ജനവിഭാഗങ്ങളെ അടിച്ചമർത്തുന്ന പൊലീസ് സേന കൂടിയേതീരൂ.

നഗരസഭകളുടെ തലപ്പത്ത് തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതൃത്വമുണ്ടെങ്കിലും അവർക്കു വഴങ്ങുകയും അവരോട് ഇണങ്ങിപ്പോകുകയും ചെയ്യുന്ന ഉദ്യോഗസ്ഥരുമായി ചേർന്നാണ് അവർ പ്രവർത്തിക്കുന്നത്. ഭരണ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥവൃന്ദവും കൂടിച്ചേർന്ന പുതിയൊരു അധികാരിവർഗമാണ് ജനങ്ങളുടെമേൽ ഇപ്പോൾ അധീശത്വം പുലർത്തുന്നത്. ഇവരുമായി ബന്ധപ്പെടേണ്ടിവരുന്ന വ്യക്തികളും സംരംഭകരും അതിന്റെ കെടുതിയാണ് അനുഭവിക്കുന്നത്. അധികാര വികേന്ദ്രീകരണവും ജനാധിപത്യവൽക്കരണവും എന്നതാണ് ഭരണപരിഷ്‌ക്കാരത്തിന്റെ മർമം. ഇപ്പോൾ കേരളത്തിൽ ഒരു ഭരണപരിഷ്‌ക്കാര കമ്മിഷൻ നിലവിലുണ്ടെങ്കിലും ആ സ്ഥിതി ഉറപ്പുവരുത്താൻ കമ്മിഷനോ ഇടതു ജനാധിപത്യമുന്നണി സർക്കാറിനോ സാധിച്ചിട്ടില്ല. കേന്ദ്രീകൃതമായ സംസ്ഥാനഭരണവും ഭരണയന്ത്രത്തിനുമേൽ ഉദ്യോഗസ്ഥർക്കുള്ള പൂർണ നിയന്ത്രണവും അവസാനിപ്പിക്കുക എന്ന കാഴ്ചപ്പാട് തിരുത്തുകയാണ് പിണറായി ഗവണ്മെന്റ്. ബഹുജന പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന ദൗത്യമല്ല പൊലീസ് സേനയുടേതെന്നും കള്ളന്മാരെയും കൊള്ളക്കാരെയും സാമൂഹ്യവിരുദ്ധരേയും കണ്ടുപിടിച്ച് നിയമത്തിനുമുമ്പിൽ കൊണ്ടുവരേണ്ടതാണ് അവരുടെ ചുമതലയെന്നുമുള്ള നയവും തിരുത്തപ്പെടുന്നു. ഭരണവാഴ്ചയെന്നത് പൊലീസ് വാഴ്ചയാണെന്നും പൊലീസിനെ ഭരിക്കുന്ന മുഖ്യമന്ത്രിയുടെ വാഴ്ചയാണെന്നും വിവക്ഷിക്കപ്പെടുന്നു. സി.പി.എമ്മും എൽ.ഡി.എഫും അത് അംഗീകരിച്ച നിലയിലാണ്. സി.പി.എം പിന്തുടർന്നുപോന്ന ഇടതുമുന്നണി ഭരണമെന്ന രാഷ്ട്രീയ സങ്കൽപ്പത്തിൽനിന്ന് ആന്തരികമായും ബാഹ്യമായും സംസ്ഥാനതലംമുതൽ പ്രാദേശികതലംവരെ ഭരണസംവിധാനത്തിൽ ഇതിന്റെ ഫലമായുള്ള മാറ്റം പുതിയ വൈരുദ്ധ്യങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നു. ആശയപരമായും സംഘടനാപരമായും കണ്ണൂർപോലുള്ള ജില്ലകളിൽ അത് പരസ്യമായും പ്രകടമാകുന്നു. ആന്തൂർ നഗരസഭാ പ്രശ്നത്തിൽ വ്യക്തികളെ കേന്ദ്രീകരിച്ചും ബിംബാരാധനയായും അതിനെ വ്യാഖ്യാനിക്കുന്നു. ഭരണ-വികസന നയങ്ങളിൽ വരുത്തിക്കൊണ്ടിരിക്കുന്ന ഈ മാറ്റങ്ങളെ രാഷ്ട്രീയവും ആശയപരവുമായി പാർട്ടി നയത്തോടു ചേർത്ത് വ്യക്തത നൽകാനും അവതരിപ്പിക്കാനും മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറിക്കും കഴിയുന്നുമില്ല.

ഭരണ നേതൃത്വത്തിനെതിരേ ഉയരുന്ന ആശയപരമായ ഈ വിമർശനങ്ങളെ പാർട്ടി അച്ചടക്ക പ്രശ്നമാക്കി ഒതുക്കാനുള്ള ശ്രമമാണ് അതുകൊണ്ട് ഇപ്പോൾ സി.പി.എമ്മിൽ നടക്കുന്നത്. നളനുവന്ന മാറ്റം ദമയന്തിക്കുപോലും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിവിശേഷം സംഘടനാ പ്രതിസന്ധിയായി മാറുന്നു. അണികളിൽ ഭൂരിപക്ഷവും ജനങ്ങളിൽ ഭൂരിഭാഗവും സർക്കാർ നയങ്ങൾക്കും നടപടികൾക്കും എതിരാകുന്നു. അതിനെ പിന്താങ്ങുന്ന സംസ്ഥാന നേതൃത്വത്തിനും. ഈ വൈരുദ്ധ്യത്തിന്റെ പുതിയ തുടർച്ചകളാണ് പി.ജയരാജനും പി.ജെ ആർമിയും അവർതന്നെ തിരിച്ചും മറിച്ചും ഇപ്പോൾ പരസ്യമായി എടുത്തുകൊണ്ടിരിക്കുന്ന നിലപാടുകളും.

കടപ്പാട്ഃ വള്ളിക്കുന്ന് ഓണ്‍ലൈന്‍