‘കൊന്ന’മരത്തെ കൊല്ലുന്ന ‘ഐതിഹ്യവ്യാസന്മാര്‍!’

മനോജ് മനയിൽ

വിഷുക്കാലത്ത് പൂത്തുലയുന്ന കൊന്നമരത്തെപ്പോലും വെറുതെവിടാന്‍ അഭിനവ ‘ഐതിഹ്യവ്യാസന്മാര്‍’ തയ്യാറാകുന്നില്ല എന്നതാണ് നമ്മുടെ നാട്ടിലെ ഏറ്റവും പുതിയ സവിശേഷത. പൊതുവെ, ഹിന്ദു സങ്കല്‍പ്പനങ്ങള്‍ക്ക് അവസരത്തിലും അനവസരത്തിലും പൊടിപ്പും തൊങ്ങലും മേമ്പൊടിയായി കള്ളവും ചേര്‍ത്ത് ഐതിഹ്യങ്ങള്‍ ചമയ്ക്കലും നട്ടാല്‍ക്കുരുക്കാത്ത നുണകള്‍ പ്രചരിപ്പിക്കലും ആധുനികാനന്തരകാലത്തെ ആചാരമായിരിക്കുന്നു. ആ വിധം ‘ഐതിഹ്യവ്യാസന്മാരു’ടെ കൈയിലകപ്പെട്ട ഒരു മരമാണ് ‘കൊന്നമരം’ എന്നും പറയേണ്ടിയിരിക്കുന്നു.
‘കൊന്ന’മരത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതും നീതിമത്കരിക്കാനാകാത്തതുമായ കഥയുടെ രത്‌നച്ചുരുക്കം ഇതാണ്:
‘ത്രേതായുഗത്തില്‍ ശ്രീരാമസ്വാമി സീതാന്വേഷണം നടത്തുന്നതിനിടയില്‍ കിഷ്‌കിന്ധാരാജ്യത്തെത്തുകയും അവിടെവെച്ച് സുഗ്രീവനുമായി സഖ്യം സ്ഥാപിക്കുകയും ചെയ്യുന്നു. സഖ്യപ്രകാരം സുഗ്രീവന്റെ സഹോദരനായ ബാലിയെ കൊന്ന് സാമ്രാജ്യം തിരികെ ഏല്‍പ്പിക്കണം. അതിനായി സുഗ്രീവന്‍ ബാലിയെ യുദ്ധത്തിനു വിളിക്കുകയും ശ്രീരാമന്‍ മരത്തിനു മറവിലായ് നിന്ന് അമ്പയച്ച് ബാലിവധം നിര്‍വഹിക്കുകയും ചെയ്യുന്നു. (രാമായണത്തില്‍ ഈ കഥ ധര്‍മാധര്‍മങ്ങളുടെ വിശകലചിന്തയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അതു മനസ്സിലാക്കണമെങ്കില്‍ രാമായണം വായിക്കണം. അങ്ങനെ ചെയ്യാതെ, ‘ശ്രീരാമന്‍ ബാലിയെ ഒളിയമ്പെയ്തു കൊന്നില്ലേ?’ എന്ന വിഡ്ഢിച്ചോദ്യവുമായി വരാതിരിക്കുക!).
ഇത്രയുമാണ് യഥാര്‍ത്ഥകഥ. ഇനിയാണ് ഐതിഹ്യവ്യാസന്മാര്‍ ഈ കഥയ്ക്ക് തുടര്‍ക്കഥ രചിച്ചിരിക്കുന്നത് നാം കാണേണ്ടത്. ശ്രീരാമന്‍ മരത്തെ മറഞ്ഞിരുന്ന് ബാലിയെ കൊന്നതിനുശേഷം ഈ മരത്തെ കാണുന്നവരെല്ലാം പറയാന്‍ തുടങ്ങിയത്രെ, ‘ബാലിയെ കൊന്ന മരം, ബാലിയെ കൊന്ന മരം’ എന്ന്. അങ്ങനെ കാലാന്തരത്തില്‍ ഈ മരം ‘കൊന്നമരം’ എന്ന പേരില്‍ പ്രസിദ്ധമാവുകയും ചെയ്തുവെന്നാണ് ഭാഷ്യം. അതാണുപോലും വിഷുക്കാലത്ത് മഞ്ഞപ്പൂക്കളാല്‍ അലംകൃതമാവുന്ന നമ്മുടെ പ്രിയപ്പെട്ട കൊന്നമരം! ഐതിഹ്യവ്യാസന്മാരുടെ ഈ കലാവിരുതിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡോ, ജ്ഞാനപീഠപുരസ്‌കാരമോ നല്‍കിയാലും അധികമാവില്ല എന്നൊരഭിപ്രായം ഈ ലേഖകനുണ്ട്.
വാല്മീകിരാമായണത്തിലെ കിഷ്‌കിന്ധാകാണ്ഡത്തില്‍ പരാമര്‍ശിക്കുന്ന വൃക്ഷങ്ങളേതൊക്കെയെന്നാണ് പരിശോധിക്കേണ്ടത്. ഒന്നാമതായി, കിഷ്‌കിന്ധയിലെ വനം എന്നത് സാലവൃക്ഷങ്ങളുടെ കേദാരമായിരുന്നു എന്നാണ് രാമായണത്തില്‍നിന്നു മനസ്സിലാവുന്നത്. സാലവൃക്ഷങ്ങളുടെ പരാമര്‍ശം കിഷ്‌കിന്ധാകാണ്ഡത്തില്‍ നിരവധിയിടങ്ങളില്‍ കാണാം. ശ്രീരാമനുമായി സഖ്യം സ്ഥാപിച്ച് തന്റെ ദുരിതകഥ സുഗ്രീവന്‍ വിവരിക്കാനൊരുങ്ങുന്നത് ഒരു സാലവൃക്ഷക്കൊമ്പ് ഒടിച്ച്, അതില്‍ ഇരുന്നാണ്. വാല്മീകിരാമായണം എട്ടാംസര്‍ഗത്തിലെ 12,13 ശ്ലോകങ്ങളില്‍ ഇതുകാണാം.
‘സ ദദര്‍ശ തതഃ സാലമവിദൂരേ ഹരീശ്വരഃ
സുപുഷ്പമീഷത്പത്രാഢ്യാം ഭ്രമരൈരുപശോഭിതം
(അര്‍ത്ഥം: വാനരാധിപനായ ആ സുഗ്രീവന്‍, അവിടെ അരികിലായി നന്നായി പൂത്തുനില്‍ക്കുന്നതും അല്പം ഇലകളോടുകൂടിയതും വണ്ടിന്‍നിരകളാല്‍ ശോഭിക്കുന്നതുമായ ഒരു സാലവൃക്ഷം കണ്ടു).
‘തസൈ്യകാം പര്‍ണബഹുലാം ഭങ്ക്ത്വാ ശാഖാം സുപുഷ്പിതാം
സാലസ്യാസ്തീര്യ സുഗ്രീവോ നിഷസാദ സരാഘവഃ’
(അര്‍ത്ഥം: സുഗ്രീവന്‍, ആ സാലമരത്തില്‍ നന്നായി പൂത്ത്, ഇലകള്‍ ധാരാളമുള്ള ഒരു ചില്ല ഒടിച്ച് താഴത്തിട്ട് ശ്രീരാമനോടുകൂടി ഇരുന്നു).
ഇതിനുശേഷം ശ്രീരാമന്‍ തന്റെ വൈഭവം സുഗ്രീവനു കാണിച്ചുകൊടുക്കാന്‍ ഒറ്റ അമ്പുകൊണ്ടു എയ്തു മുറിക്കുന്നതും ഏഴു സാലമരങ്ങളെയാണ്. സുഗ്രീവന്‍ ഈ വിഷയം പറയുന്നത് എഴുത്തച്ഛന്‍ അവതരിപ്പിക്കുന്നതു നോക്കുക:
‘മന്നവ! സപ്തസാലങ്ങളിവയല്ലോ
ബാലിക്കു മല്‍പിടിച്ചീടുവാനായുള്ള
സാലങ്ങളേഴുമിവയെന്നറിഞ്ഞാലും
വൃത്രാരിപുത്രന്‍(ബാലി)പിടിച്ചിളക്കുന്നേരം
പത്രങ്ങളെല്ലാം കൊഴിഞ്ഞുപോമേഴിനും
വട്ടത്തില്‍ നില്‍ക്കുമിവറ്റെയൊരമ്പെയ്തു
പൊട്ടിക്കില്‍ ബാലിയെക്കൊല്ലായ്‌വരും ദൃഢം!’
(അധ്യാത്മരാമായണം, കിഷ്‌കിന്ധാകാണ്ഡം)
ഇനിയുമെത്രയോ പരാമര്‍ശങ്ങള്‍ കിഷ്‌കിന്ധയിലെ ഇടതൂര്‍ന്നുനില്‍ക്കുന്ന സാലവൃക്ഷങ്ങളെക്കുറിച്ചുണ്ട്. സാലം എന്ന വൃക്ഷത്തിന് മലയാളത്തില്‍ പറയുന്ന പ്രയോഗമാണ് ഇനി ശ്രദ്ധിക്കേണ്ടത്. ‘മരുതുമരം’ എന്നാണ് മലയാളത്തില്‍ സാലവൃക്ഷത്തിന് സര്‍വപ്രചാരമായ അര്‍ത്ഥം. (സാലമരത്തിന് കരിമ്പന എന്നും അര്‍ത്ഥമുണ്ടെങ്കിലും പൂക്കള്‍ നിറഞ്ഞവൃക്ഷം എന്ന വിശേഷണം കരിമ്പനയെ മാറ്റിനിര്‍ത്തുന്നു).

അതായത്, കൊന്നയും മരുതും രണ്ടു മരങ്ങളാണെന്നു ചുരുക്കം. അതിലേക്കൊരു വിവക്ഷ നമ്മുടെ പഴഞ്ചൊല്‍ശേഖരം നമുക്കു സമ്മാനിക്കുന്നു. ‘കൊന്ന പൂക്കുമ്പോളുറങ്ങിയാല്‍ മരുതു പൂക്കുമ്പോള്‍ പട്ടിണി’ എന്നതാണത്. ഈ ചൊല്ലിലൂടെ രണ്ടും രണ്ടു വൃക്ഷങ്ങളാണെന്നതു നിസ്തര്‍ക്കമാണല്ലോ.
സ്വാഭാവികമായും ആ സാഹചര്യത്തില്‍ ശ്രീരാമന്‍ മറഞ്ഞുനിന്നിട്ടുണ്ടാവുക സാലമരത്തിനു പിന്നിലായിരിക്കും. വാല്മീകി രാമായണത്തില്‍ സാലമരങ്ങളുടെ പരാമര്‍ശത്തിനുശേഷമാണ് ബാലിവധം പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടുതന്നെ പിന്നീട് വരുന്ന ഭാഗത്ത് ശ്രീരാമന്‍ മറഞ്ഞുനില്‍ക്കുന്നത് വൃക്ഷം എന്ന പരാമര്‍ശത്തിലൊതുക്കുകയാണ് കവി ചെയ്യുന്നത്.
‘സര്‍വതേ തേ ത്വരിതം ഗത്വാ കിഷ്‌കിന്ധാം വാലിനഃ പുരീം
വൃക്ഷൈരാത്മാമാവൃത്യ വ്യതിഷ്ഠന്‍ ഗഹനേ വനേ’
(അര്‍ത്ഥം: അവര്‍ എല്ലാവരും വേഗത്തില്‍ ബാലിയുടെ നഗരമായ കിഷ്‌കിന്ധയിലേക്കു ചെന്ന് തഴച്ചിരുണ്ട കാട്ടില്‍, മരങ്ങളാല്‍ തങ്ങളെ മറച്ചുകൊണ്ടു നിന്നു).
എഴുത്തച്ഛനും വാല്മീകിയെ പിന്തുടര്‍ന്ന് വൃക്ഷം എന്നുതന്നെയാണ് പറയുന്നത്:
‘വൈകുണ്ഠന്‍ ദശരഥനന്ദനന്‍ ബാലിതന്‍
വക്ഷപ്രദേശത്തെ ലക്ഷ്യമാക്കിക്കൊണ്ടു
വൃക്ഷഷണ്ഡം മറഞ്ഞാശു മാഹേന്ദ്രമാ-
മസ്ത്രം തൊടുത്തു വലിച്ചു നിറച്ചുടന്‍…’
ഇനി നമുക്ക് ‘കൊന്ന’ എന്ന പേരിന്റെ മലയാളവിചാരം എന്താണെന്നു നോക്കാം.
വളരെ പൊക്കമുള്ളതും കായ്ഫലം തീരെ കുറഞ്ഞതുമായ മരങ്ങളെ കുറിക്കുന്ന പ്രയോഗമാണ് മലയാളത്തില്‍ ‘കൊന്ന’ എന്നത്. ഭാഷയുടെ വഴക്കങ്ങളെ സ്വന്തം അജ്ഞതയുടെ ഭാഗമായി ദുര്‍വ്യാഖ്യാനം ചെയ്യുന്ന രീതി ഭാഷയോടു ചെയ്യുന്ന കടുത്ത അനീതിയാണ്. പലപ്പോഴും ഒരു വാക്കിന്റെയോ പ്രയോഗത്തിന്റെയോ യഥാര്‍ത്ഥ ആഗമമറിയാതെ അതിനെ നാം വികലമാക്കി പ്രയോഗിക്കാറുണ്ട്. ഒടുവില്‍ ആ വികലപ്രയോഗത്തിന് പ്രചുരപ്രചാരം ലഭിക്കുകയും ചെയ്യുന്നു. കുഞ്ചന്‍നമ്പ്യാരുടെ ‘പ്രദോഷമാഹാത്മ്യം’ ഓട്ടന്‍തുള്ളലില്‍ പറയുന്ന ‘കാട്ടുകോവിലിലെന്തു സംക്രാന്തിയെന്നപോലെ / നാട്ടുപിള്ളേര്‍ക്കു നാണയം ഗ്രഹിക്കാമോ?’ എന്ന ഈ വരിയിലെ ‘കാട്ടുകോവിലിലെന്തു സംക്രാന്തി’ എന്നത് ‘കാട്ടുകോഴിക്കെന്തു സംക്രാന്തി’ എന്നാണ് നാമിപ്പോള്‍ വ്യവഹരിക്കുന്നത്! അതുപോലെ കളര്‍ എന്ന വാക്കിന് ചതുപ്പ്, ഉപ്പുരസമുള്ള ഭൂമി എന്നൊക്കെയര്‍ഥമുണ്ട്.(ഉദാ: കളര്‍കോട്). ഇന്ന് കളര്‍ എന്നത് നമുക്ക് കേവലം വര്‍ണങ്ങളെ സൂചിപ്പിക്കുന്ന ഇംഗ്ലീഷ് വാക്കാണല്ലോ. ഇത്തരം ഉദാഹരങ്ങള്‍ എത്രവേണമെങ്കിലുമുണ്ട്. വിസ്തരഭയത്താല്‍ എഴുതുന്നില്ല. നമ്മുടെയൊക്കെ വീട്ടുപറമ്പില്‍, കായ്ഫലമില്ലാത്തതും ഉയര്‍ന്നുനില്‍ക്കുന്നതുമായ തെങ്ങിനെ സൂചിപ്പിക്കുന്ന പ്രയോഗമാണ് ‘കൊന്നത്തെങ്ങ്’ എന്നത്. ഇനിയിപ്പോള്‍ തെങ്ങിനു മറഞ്ഞു ആരെങ്കിലും കൊന്ന പുരാണകഥയുമായി ഐതിഹ്യവ്യാസന്മാര്‍ വന്നാലും അല്‍ഭുതപ്പെടേണ്ട.
ചുരുക്കത്തില്‍ മലയാള പദങ്ങളുടെ അര്‍ത്ഥവ്യാപ്തിയോ സൂചനകളോ അറിയാതെ പുതിയ പുതിയ ഐതിഹ്യങ്ങള്‍ കപോലകല്പിതമായി സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്നവര്‍ അറിയാതെയെങ്കിലും ചെയ്യുന്നത് കടുത്ത അപരാധമാണ്. ഇതു പറയുമ്പോള്‍ എനിക്കു കൂട്ടുപിടിക്കാന്‍ മഹാകവി കുമാരനാശാന്റെ വരികളേയുള്ളൂ:
‘ഇന്നലെചെയ്‌തൊരബദ്ധം-മൂഢ-
ര്‍ക്കിന്നത്തെയാചാരമാവാം;
നാളത്തെശാസ്ത്രമതാവാം-അതില്‍
മൂളായ്ക സമ്മതം രാജന്‍!’

അവലംബം: വാല്മീകി രാമായണം, അധ്യാത്മരാമായണം (തുഞ്ചത്തെഴുത്തച്ഛന്‍), പ്രദോഷമാഹാത്മ്യം ഓട്ടന്‍തുള്ളല്‍ (കുഞ്ചന്‍ നമ്പ്യാര്‍), ശബ്ദതാരാവലി (ശ്രീകണ്‌ഠേശ്വരം), മലയാള മഹാനിഘണ്ടു (കേരള സര്‍വകലാശാല), പിണറായി മുതല്‍ ജഗതി വരെ (രാജു കവിയൂര്‍), ചണ്ഡാലഭിക്ഷുകി (കുമാരനാശാന്‍).