അനധികൃത കുടിയേറ്റത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അനധികൃത കുടിയേറ്റക്കാരെ അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് പുറത്താക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭയില്‍ സമാജ് വാദി പാര്‍ട്ടി അംഗം ജാവേദ് അലി ഖാന്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന്റെ ഏതു കൊണിലും ജീവിക്കുന്ന അനധികൃത കുടിയേറ്റക്കാരായ ആളുകളെ സര്‍ക്കാര്‍ കണ്ടെത്തും. അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് അത്തരക്കാരെ നാടുകടത്തും.
അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ ഭാഗമാണെന്നും അമിത് ഷാ പറഞ്ഞു. സുപ്രീം കോടതിയുടെ കര്‍ശന മേല്‍നോട്ടത്തിലാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നത്. രജിസ്റ്ററില്‍ ഉള്‍പ്പെടുന്നവരുടെ അന്തിമ പട്ടിക ജൂലായ് 31ന് പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തീയതി നീട്ടണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയരുന്നിട്ടുണ്ട്. പട്ടികയില്‍നിന്ന് അര്‍ഹതപ്പെട്ട നിരവധി പേരുകള്‍ ഒഴിവാക്കപ്പെട്ടതായും അനര്‍ഹരായ നിരവധി പേരുടെ പേരുകള്‍ ചേര്‍ത്തതായും ആരോപണം ഉയര്‍ന്നിരുന്നു. അന്തിമ പട്ടിക പുറത്തുവരുന്നതിന് കൂടുതല്‍ സമയമെടുത്താലും അര്‍ഹരായ ആരെയും പട്ടികയില്‍നിന്ന് ഒഴിവാക്കില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് വ്യക്തമാക്കിയിരുന്നു.