മാര്ട്ടിന് വിലങ്ങോലില്‍
ഹൂസ്റ്റണ്‍ : ചിക്കാഗോ സെന്റ് തോമസ് ഈറോ മലബാര്‍ രൂപതയിലെ വിശാസികള്‍ സംഗമിക്കുന്ന ഏഴാമത് സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനൊരുക്കമായി പ്രസ് കോണ്‍ഫറന്‍സ് ഹൂസ്റ്റണില്‍ നടന്നു.ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫൊറോനായുടെ ആഭിമുഖ്യത്തില്‍ ഹൂസ്റ്റണില്‍ ആഗസ്റ് ഒന്ന് മുതല്‍ നാലുവരെ നടക്കുന്ന സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്റെ പുരോഗതികള്‍ കണ്വന്ഷന് എക്സികുട്ടീവ് ടീമംഗങ്ങള്‍ അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവച്ചു.
രൂപതാ സഹായമെത്രാനും കണ്വന്ഷന് കണ്‍വീനറുമായ മാര്‍ ജോയ് ആലപ്പാട്ടിന്റെ അധ്യക്ഷത വഹിച്ചു.
പാരമ്പര്യത്തിലും സംസ്കാത്തിലും അധിഷ്ഠിതമായി കൂട്ടായ്മയുടെ ഒത്തുചേരല്‍, ദൈവ വചനത്തിന്റെ നിര്‍വൃതിയില്‍ ആഘോഷിക്കപ്പെടുന്ന ആരാധനയും , ക്രിസ്തീയ സ്നേഹം പങ്കുവെയ്ക്കലും
അനുഭവിക്കലുമാണ് ഈ കണ്‍വന്‍ഷന്റെ മുഖ്യ ലക്ഷ്യങ്ങളെന്നു മാര്‍ ജോയി ആലപ്പാട്ട് പറഞ്ഞു.
വൈദീകരുടേയും പിതാക്കന്മാരുടേയും നിര്‍ദേശങ്ങളും സാന്നിധ്യവുമുണ്ടെങ്കിലും അത്മായരുടെ നേതൃത്വത്തിലാണ് ഈ കണ്വന്ഷന് അരങ്ങേറുന്നതെന്ന് കണ്‍വീനര്‍ ഫാ. കുര്യന് നെടുവേലിച്ചാലുങ്കല്‍ പറഞ്ഞു. ‘ഉണര്‍ന്നു പ്രശോഭിക്കുക, നിന്റെ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്റെ മഹത്വം നിന്റെമേല്‍ ഉദിച്ചിരിക്കുന്നു’ എന്ന വചനത്തിന്റെ പശ്ചാത്തലത്തില്‍ സഭാംഗങ്ങള്‍ വീണ്ടും ഒന്നിച്ചു കൂടുകയാണ്. കണ്വന്ഷന് രജിസ്ട്രേഷന് അത്യപൂര്‍വ്വമായ ആവേശത്തില്‍ നാലായിരം
കവിഞ്ഞതായി അറിയിച്ചു.കണ്വന്ഷന് ചെയര്മാന് അലക്സാണ്ടര്‍ കടുക്കച്ചിറയുടെ നേതൃത്വത്തില്‍ നാല്പതോളം കമ്മിറ്റികള്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. എല്ലാ ഇടവകകളില്‍ നിന്നും വികാരിമാരോടൊപ്പം നാല് പ്രതിനിധികള്‍
കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുന്നതായി അലക്സാണ്ടര്‍ അറിയിച്ചു. ഹില്‍ട്ടണ്‍ ഹോട്ടലിലെ തൊണ്ണൂറുശതമാനം മുറികളും ഇതിനോടകം തീര്‍ന്നുവെന്നും അടുത്ത് സ്ഥിതിചെയ്യുന്ന മാരിയറ്റ് ഹോട്ടലില്‍ താമസ സൗകര്യം ഒരുക്കുമെന്നും ഒരുക്കങ്ങള്‍ വിലയിരുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
2001ല്‍ സ്ഥാപിതമായ ചിക്കാഗോ സീറോ മലബാര്‍ രൂപത ഇന്ന് കെട്ടുറപ്പിലും, വിശ്വാസ സമൂഹമെന്ന നിലയിലും അമേരിക്കയില്‍ അതിവേഗം വളരുന്ന സഭയായി മാറിയിരിക്കുകയാണ്. 46 ഇടവകകളും, 40ലധികം മിഷനുകളിലുമായി ഏകദേശം എഴുപതോളം വൈദീകരുടെ ശുശ്രൂഷയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തും, സഹായ മെത്രാന് മാര്‍ ജോയി ആലപ്പാട്ടിന്റേയും നേതൃത്വത്തിലുള്ള സഭയുടെ വളര്‍ച്ച അത്ഭുതാവഹമാണ്.ഫൊറോനാ വികാരിയും കണ്വന്ഷന് കണ്‍വീനറുമായ ഫാ. കുര്യന് നെടുവേലിചാലുങ്കല്‍,കണ്വന്ഷന് ചെയര്മാന് അലക്സ് കുടക്കച്ചിറ, വൈസ് ചെയര്മാന് ബാബു മാത്യു പുല്ലാട്ട്, ജോസ് മണക്കളം, മീഡിയ ചെയര്‍ സണ്ണി ടോം , ഫൈനാന്‍സ് ചെയര്‍ ബോസ് കുര്യന്, കണ്വന്ഷന് സെക്രട്ടറി പോള്‍ ജോസഫ് , ഇവന്റ് കോ ഓര്‍ഡിനേറ്റര്‍ അനീഷ് സൈമണ്‍ എന്നിവര്‍ കണ്വന്ഷന് അവലോകനവും മാധ്യമ പ്രകര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു ഉത്തരവും നല്കി.