തിരുവനന്തപുരം: സുപ്രീംകോടതി വിധി പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതില്‍ നിന്നും മലയാളത്തെ ഒഴിവാക്കിയ നടപടി തിരുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനും കത്തയച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
സുപ്രീംകോടതി വിധി പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതില്‍ നിന്നും മലയാളത്തെ ഒഴിവാക്കിയ നടപടി തിരുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയിക്കും കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിനും കത്തയച്ചു. നിലവില്‍ ഏഴു പ്രാദേശിക ഭാഷകളിലാണ് സുപ്രീംകോടതി വിധി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഈ പട്ടിക തിരുത്തി ആദ്യഘട്ടത്തില്‍ തന്നെ മലയാളത്തെ ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ചു.
ഏറെ പാരമ്പര്യമുള്ള ഭാഷയാണ് മലയാളം. സാക്ഷരത, വിദ്യാഭ്യാസം, സാമൂഹ്യസേവനം എന്നീ മേഖലകളില്‍ കേരളത്തിന്റെ നേട്ടം പ്രസിദ്ധമാണ്. കേരളാ ഹൈക്കോടതി വിധികള്‍ മാതൃഭാഷയില്‍ പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രാദേശിക ഭാഷകളില്‍ വിധിപ്പകര്‍പ്പുകള്‍ ലഭ്യമാക്കാനുള്ള സുപ്രീംകോടതി തീരുമാനം സ്വാഗതാര്‍ഹമാണ്. വിധി സാധാരണക്കാര്‍ക്ക് കൂടി മനസ്സിലാക്കാനും ഭാഷയുടെ അതിര്‍വരമ്പ് ഇല്ലാതാക്കാനും ഇത് സഹായിക്കും.











































