ലങ്കാവിജയം ശ്രീരാമൻ്റെ മാത്രം വിജയമല്ല, ദ്രാവിഡക്കൂട്ടായ്മയുടേതു കൂടിയാണ്

മഹിഷാസുരൻ
ഭാർഗ്ഗവരാമൻ്റെ പിൻഗാമികൾമുതൽ സീതയുടെ അടുക്കളവരെ നമുക്ക് ഭാരതത്തിൽ കണ്ടെത്താമെങ്കിലും രാമായണത്തിലെ വാനരന്മാരെ എങ്ങും കണ്ടെത്താനാവുന്നില്ല; അതിൻ്റെ ഒരേയൊരുകാരണം ദ്രാവിഡരുടെ കഴിവുകൾ സഹിക്കവയ്യാതെ ആര്യന്മാർ അവരെ “വാനരർ” എന്നെഴുതിപ്പിടിപ്പിച്ചതുകൊണ്ടാണെന്ന് മിക്കവാറും എല്ലാപഠനങ്ങളും തെളിയിക്കുന്നു. താനൊരു വലിയ സംഭവമാണെന്ന് കരുതി, സാകേതത്തിൽ കണ്ടതാണു സാങ്കേതികതയുടെ പാരമ്യം എന്നുധരിച്ച ശ്രീരാമൻ കിഷ്ക്കിന്ദയിലെത്തിയപ്പോൾ അത്ഭുതപ്പെട്ടുപോയി! സമുദ്രം കടക്കാൻ വഴിയില്ലാതെ ധനുഷ്ക്കോടിയിൽനിന്നു നട്ടംതിരിഞ്ഞ രാമനോട് സമുദ്രത്തിൻ്റെ മക്കളായ മുക്കുവരുടെ രാജാവ് നളനേയും നീലനേയുംകുറിച്ചു പറഞ്ഞുകൊടുത്തു.

“സമുദ്രത്തിനു കുറുകേ ഒരു സേതു നിർമ്മിക്കണമെങ്കിൽ പൊതുനിർമ്മാണസാങ്കേതികവിദ്യയിൽ (സിവിൽ എഞ്ചിനീയറിംഗ്) വിദഗ്ദ്ധരായ നളനീലന്മാരോടു പറഞ്ഞാൽ പോരേ? അല്ലാതെ ഈ വില്ലും അമ്പും കാട്ടി ഞങ്ങളെ ഭയപ്പെടുത്തണോ? ഞങ്ങളുടെ കൈവശമുള്ള വഞ്ചികളെല്ലാം ഉപയോഗിച്ചാലും ഈ കാണുന്ന വലിയ സേനയെ അക്കരെകടത്താൻ കഴിയില്ലെന്ന് അറിഞ്ഞാലും..”

നളനീലന്മാരുടെ മേൽനോട്ടത്തിൽ രാമേശ്വരത്തിനും തലൈമണ്ണാറിനുമിടയിൽ പൊങ്ങിക്കിടക്കുന്ന ശിലകളാൽ സേതു നിർമ്മിച്ച്, രാമലക്ഷ്മണന്മാർക്കും സുഗ്രീവൻ്റെ സേനയ്ക്കും ലങ്കയിലെത്താൻ വഴിയൊരുക്കി.. അതെങ്ങനാ ശരിയാവുക? എന്നായി രാമചരിതമാനസക്കാരൻ! നമുക്ക് ശ്രീരാമൻ്റെ പേരെഴുതിയ കല്ല് വെള്ളത്തിൽ ഇട്ടപ്പോൾ പൊങ്ങിക്കിടന്നൂന്നാക്കിയാലോ? ആഹാ.. ഇപ്പോൾ എത്ര വെടിപ്പായി!!!

സമുദ്രം ചാടിക്കടക്കുന്ന ഒരുവൻ, അതിനുകുറുകേ ചിറകെട്ടുന്ന മറ്റുരണ്ടുപേർ, നേരേനിന്ന് യുദ്ധം ചെയ്താൽ ആർക്കും ജയിക്കാനാവാത്തതിനാൽ മരത്തിനു മറഞ്ഞുനിന്ന് കൊല്ലേണ്ടിവന്ന ഒരതിബലവാൻ, മരിച്ചവരെ ജീവിപ്പിക്കുന്ന ഒരു വൈദ്യരാജൻ, ഇവരെയെല്ലാം അങ്ങനെ വാനരന്മാരാക്കി വിട്ടാലും ശരിയാവില്ല, അതിനാൽ നമുക്കവരെയും ദേവന്മാരുടെ പുത്രന്മാരാക്കാം.. വെടക്കാക്കിയാൽ മാത്രം പോരല്ലോ.. തനിക്കാക്കുകയും വേണം!!!

ദശരഥനു കൗസല്യയിൽ പുത്രിയായ ശാന്ത ജനിച്ചകാലം; തൽക്കാലം മരുമകൻ അങ്ങനെ അടുത്ത രാജാവാകേണ്ടെന്നും, മഹർഷിമാരുടെ പുത്രകാമം അഷ്ടിയിൽ ഉണരുമ്പോൾ പായസ്സമാകുന്ന പ്രസാദത്തിൽ പിറക്കട്ടേ കുമാരന്മാർ, ഭാവിയിലെ രജാക്കന്മാർ എന്നുകരുതി ദശരഥൻ വിശ്രമമാണ്.

ദേവതകൾക്കങ്ങനെ വിശ്രമിക്കുവാൻ പറ്റുമോ? ലങ്കേശൻ പ്രപഞ്ചത്തിലെ കൊള്ളവുന്ന സകലതും ലങ്കയിൽ കൂട്ടിവച്ചിരിക്കുകയല്ലേ? അത് നമുക്ക് വീതിച്ചെടുത്തു ഭോഗിക്കേണ്ടേ?

വിശ്വകർമ്മാവെന്ന ശിൽപ്പി തന്നെ ആദ്യസൃഷ്ടിനടത്തി, ഒരു ദ്രാവിഡകന്യകയിൽ നളനെന്ന പുത്രൻ പിറന്നു; അടുത്തത് അഗ്നിയുടെ ഊഴം മറ്റൊരു ദ്രാവിഡകന്യകയിൽ നീലൻ പിറന്നു. കൂട്ടത്തിൽ കാര്യമായ തട്ടുകേട് രാവണനിൽ നിന്നുണ്ടായ ആൾ കുബേരൻ തന്നെ; ലങ്കയെന്നരാജ്യം പോയി, ചുറ്റിനടന്ന പുഷ്പകവിമാനം പോയി, മകൻ്റെ ഭാര്യ രംഭയേയും വഴിയിൽ തടഞ്ഞുനിർത്തി ബലാത്ക്കാരം ചെയ്തു ലങ്കേശൻ; അതിനാൽ അദ്ദേഹവും ദ്രാവിഡകന്യകയിൽ ഗന്ധമാദനൻ എന്ന പുത്രസൃഷ്ടി നടത്തി. അരുണീദേവിയിൽ സൂര്യദേവൻ സുഗ്രീവനും, ഇന്ദ്രൻ ബാലിക്കും, ശിവൻ അഞ്ജനയിൽ ഹനുമാനും ജന്മം നൽകി. പാർജന്യൻ ജന്മം നൽകിയ ശരഭൻ, ബ്രഹസ്പതിക്ക് താരണൻ, അശ്വനീദേവതകൾക്ക് മൈന്ദനും ദ്വിവിദനും, വരുണനു സുഷേണൻ അങ്ങനെ ദേവലോകത്ത് ദ്രാവിഡബാലന്മാർ നിരയായി നിന്നു.

ഇവരെ വിദ്യാഭ്യാസത്തിനായി അഗസ്ത്യമുനിയെ ചുമതലപ്പെടുത്തി, കൗശികീനദിക്കരയിലെ ആശ്രമത്തിൽ ഇവരെത്തിയതോടെ അവിടെ പൂജയും, വൃതവും, ഹോമവുമായിക്കഴിഞ്ഞ ഋഷിമാർക്ക് ഉറക്കമില്ലാത്ത രാത്രികളായി.

കുട്ടികളിൽ നീലൻ മരങ്ങളായ മരങ്ങളും, കുടിലുകളുടെ മേൽക്കൂരയും അനായാസം കയറിയിറങ്ങി നടന്നു, ആകെ അനുസരിക്കുന്നത് നളനെമാത്രം. (രാവണൻ്റെ പൂജമുടക്കാൻ കോട്ടകൊത്തളങ്ങൾക്ക് മുകളിൽ കയറി അപദ്രവ്യങ്ങൾ വർഷിച്ചത് അവനാണല്ലോ?)

ഗന്ധമാദനൻ രാത്രികാലങ്ങളിൽ ചുറ്റിനടക്കുന്നതിലാണു താൽപ്പര്യം അവനു രാത്രിയിൽ നല്ല കാഴ്ച്ചശക്തിയാണ്! (നിശാചരരായ രാക്ഷസന്മാരെ പ്രതിരോധിച്ച് യുദ്ധശിബിരങ്ങൾക്ക് രാത്രി കാവൽ നിന്നവനാണല്ലോ?)

താരണൻ അതിബുദ്ധിമാനായിരുന്നു, അഗസ്ത്യമുനിയുടെ പാഠ്യപദ്ധതി വളരെവേഗം പഠിച്ചുതീർത്ത് ജാംബുവാൻ്റെ അടുക്കൽപ്പോയി ഉപരിപഠനത്തിനായി. ( അവനാണല്ലോ കിഷ്ക്കിന്ദയ്ക്ക് മന്ത്രിയായതും, ബാലി, സുഗ്രീവൻ, താര, അംഗദൻ എന്നിവരെ ഒരു മാലയിൽ കോർത്തുവച്ചതും)

ശരഭൻ വേഗതയിൽ അതുല്യൻ, മിന്നൽപോലെവരും കയ്യിൽകിട്ടുന്നത് കൊണ്ടുപോകും, അവനെ കണ്ടുപിടിക്കാനോ, തടയാനോ, പിന്തുടരാനോ ആരാലും സധിക്കുമായിരുന്നില്ല. (ലങ്കയിലെ കോട്ടയിൽ കടന്നു യുദ്ധരഹസ്യങ്ങൾ ചോർത്താനും, അവയെ കുഴപ്പത്തിലാക്കാനും അവനാണല്ലോ മുന്നിൽ നിന്നത്)

മൈന്ദനും ദ്വിവിദനും അതിബലശാലികളായിരുന്നു; എന്തും തച്ചുതകർക്കാൻ അവർക്കുള്ള കഴിവസാധാരണമായിരുന്നു, പർവ്വതങ്ങൾ നിമിഷനേരം കൊണ്ടവർ തവിടുപൊടിയാക്കും. (സമുദ്രത്തിനു കുറുകെ ചിറകെട്ടാൻവേണ്ട പാറക്കഷ്ണങ്ങൾക്കായി ആ മലനിരകളെ അടിച്ചുപൊടിച്ചവർ അവരായിരുന്നല്ലോ!)

സുഷേണനു ആദ്യം മുതൽ താൽപ്പര്യം വൈദ്യത്തിലും സസ്യനിരീക്ഷണത്തിലുമായിരുന്നു, അവനെ അശ്വനീദേവതകളുടെയടുക്കൽ ഉപരിപഠനത്തിനയച്ചു. (സുഷേണൻ്റെ കഴിവുകണ്ട രാവണൻ അവനെ ലങ്കയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. രാവണന്റെയും ഇന്ദ്രജിത്തിന്റേയും വിഷാസ്ത്രങ്ങളിൽ വീണുപോയവരെ ഉചിതമായമരുന്നു നൽകി രക്ഷിക്കാൻ സുഷേണനായത് അവൻ ലങ്കയിൽ നടത്തിയ പഠനങ്ങളുടേയും, മരുന്നുനിർമ്മാണത്തിൻ്റേയും ഫലമായാണല്ലോ!)

ഇനി നമുക്ക് നമ്മുടെ ബ്രിഡ്ജ്, റോഡ്, മറൈൻ എഞ്ചിനീയർ നളൻ്റെ അടുത്തേയ്ക്ക് പോകാം. അവനു ചേറുപ്പം മുതൽ കൗശകീനദിക്കുകുറുകേ ചിറകെട്ടിക്കളിയാണു മുഖ്യം. മൈന്ദനും ദ്വിവിദനും പൊട്ടിക്കുന്ന കല്ലുകൾ നീലൻ കൊണ്ടുക്കൊടുക്കും, നളനത് കയ്യിലെടുത്ത് എന്തൊക്കെയോ മന്ത്രങ്ങൾ ചൊല്ലി നദിയിലിടും. കല്ലുകൾ കിട്ടാതാകുമ്പോൾ അവൻ ശരഭനെ സമീപിക്കും, ശരഭൻ അതിവേഗത്തിൽ ആശ്രമത്തിലെ പൂജാവിഗ്രഹങ്ങൾ എടുത്ത് നളനെ ഏൽപ്പിക്കും, അവനത് നദിയിൽ എറിയും. അവൻ്റെ പിതാവ് വിശ്വകർമ്മാവ് നിർമ്മിച്ചുനൽകുന്ന പുതിയ വിഗ്രഹങ്ങൾ അടുത്തതവണ അവൻ നദിയിലെറിയും, അങ്ങനെ ഋഷിമാരും, വിശ്വകർമ്മാവും പൊറുതിമുട്ടി.

ഒടുവിൽ വിശ്വകർമ്മാവ് തന്നെ അതിനുള്ള മരുന്നുകണ്ടുപിടിച്ചു, ശിലയെ പൊള്ളയാക്കിയും, അതിൽ എണ്ണപോലെ വെള്ളത്തേക്കാൾ സാന്ദ്രതകുറഞ്ഞ ദ്രാവകങ്ങൾ നിറച്ചും വിഗ്രഹങ്ങൾ നിർമ്മിച്ചു അഗസ്ത്യമുനിക്കുനൽകി. നളനൊരു അനുഗ്രഹവും നൽകി

“നീ ജലത്തിലിടുന്ന സാളഗ്രാമങ്ങൾ ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുമെന്ന്”.

അങ്ങനെ വിശ്വസിക്കാനവൻ തയ്യാറായില്ല, എങ്കിലും താനിടുന്ന കല്ലുകൾ ജലത്തിൽ താഴുന്നതും, വിഗ്രഹങ്ങൾ ജലോപരിതലത്തിൽ പൊങ്ങിയൊഴുകി നടക്കുന്നതും, ഋഷികൾ അതെടുത്ത് തിരിച്ചുകൊണ്ടുപോകുന്നതും കണ്ട അവനു പിന്നീടാക്കളിയിൽ താൽപ്പര്യമില്ലാതായി. പക്ഷേ ആ രണ്ടു ശിലകളിലെ വ്യത്യാസം അവൻ പഠിച്ചു. മൈന്ദനും ദ്വിവിദനും പൊട്ടിച്ചെടുത്ത ശിലകൾ ജലോപരിതലത്തിൽ പൊങ്ങിക്കിടക്കാനുള്ള സാങ്കേതികവിദ്യ അവൻ കണ്ടെത്തി. താഴെനിന്നും ദ്രവ്യം നീക്കി കമഴ്ത്തിയ കലം പോലേയും, ഉള്ളിലെ ദ്രവ്യംനീക്കി എണ്ണകളും, വായുവും ഉള്ളടക്കം ചെയ്തും അവൻ പിതാവിനെ മറികടന്ന വിദഗ്ദ്ധനായി.

അകത്തെ ദ്രവ്യം നീക്കി അതിൽ വായുനിറയ്ക്കുമ്പോഴും മുകളിൽ മാത്രം സുഷിരമുള്ള കല്ലുകൾ വഞ്ചിപോലെ പൊങ്ങിക്കിടക്കുമെന്നും, താഴെമാത്രം സുഷിരമുള്ള കല്ലുകൾ കമത്തിയകലംപോലെ പൊങ്ങിക്കിടക്കുമെന്നും, വായുനിറച്ച് മുകളിലും താഴേയും സുഷിരങ്ങളടച്ച് കൂടുതൽ പ്ള്വക്ഷമമായവ സൃഷ്ടിക്കാനും. ആത്യന്തികമായി വായു നിറക്കുന്നതിനുപകരം ചെറിയ കൽക്കഷണങ്ങൾ ദ്രവ്യമെടുത്തപൊത്തിൽ അകത്തിട്ടശേഷം വായു വായാൽ വലിച്ചെടുത്ത് ശൂന്യത (വാക്ക്വം) ഉള്ളിൽ സൃഷ്ടിച്ചാൽ, അത് ആ ചെറിയകഷണങ്ങൾ പുറത്തെക്ക് തള്ളി സുഷിരങ്ങൾ അടഞ്ഞ് ശിലതന്നെ ഒരു പ്രതിഭാസമാകുമെന്നവൻ കണ്ടെത്തി!

ആ അഗസ്ത്യശിഷ്യന്മാരാണാദ്യത്തെ സേതു നിർമ്മിച്ചത്, മൈന്ദനും ദ്വിവിദനും പൊടിച്ച പർവ്വതത്തെ, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കല്ലുകളാക്കിത്തീർത്തു നളൻ, നീലൻ്റെ സഹായത്താൽ അവൻ അത് സമുദ്രത്തിൽനിക്ഷേപിച്ചു. അഗസ്ത്യാശ്രമത്തിലെ ആ കളിക്കൂട്ടുകാരെല്ലാം ഒത്തുചേർന്നപ്പോൾ, അതുവരെ പ്രധാനിയായിനിന്ന ഹനുമാനൽപ്പം ക്ഷീണം സംഭവിച്ചു. അദ്ദേഹം സംഘടിപ്പിച്ചുകൊണ്ടുവന്ന കല്ലുകൾ നളൻ ഇടതുകയ്യാലാണു വാങ്ങിയത്, അവ കൊള്ളില്ല എന്നായിരുന്നു വിവക്ഷ. നീലൻ കൊണ്ടുവരുന്ന പൊങ്ങിക്കിടക്കുന്ന ശിലകൾ വലതുകയ്യിൽ വാങ്ങി സമുദ്രത്തിലിട്ടു. അതൊരു വഴക്കായി, ജോലിതടസ്സപ്പെട്ടു. (കൺസൾട്ടൻ്റ്സ്സും, കരാർതൊഴിലാളികളുമായുള്ള തർക്കത്തെതുടർന്ന് പണിനിർത്തിവച്ച ആദ്യസംഭവം, ക്ളൈൻ്റ് നേരിട്ടിടപെട്ട ചർച്ചകളും)

ശ്രീരാമൻ നേരിട്ടിടപെട്ടു, ആദ്യം ഹനുമാനെ അൽപ്പം മാനേജ്മെൻ്റ് പഠിപ്പിച്ചു..

“എല്ലാ ജോലിഭാരവും ഉയർത്താൻ ഒരാളെക്കൊണ്ട് സാധിക്കില്ല, ഓരോന്നും അതിൻ്റെ വിദഗ്ദ്ധരെ ഏൽപ്പിക്കുകയാണുചിതം (ഡെലിഗേഷൻ ഓഫ് പവേഴ്സ്സ്), അവരത് വൃത്തിയായി ചെയ്യും! ഞാൻ നളനെയാണീ ജോലി ഏൽപ്പിച്ചിരിക്കുന്നത്, അതവൻ ചെയ്യട്ടേ.. എങ്കിലും നിൻ്റെ മൗഢ്യം മാറ്റാൻ ഞാൻ അവനെക്കൊണ്ടതിൻ്റെ കാരണം പറയിക്കാം”

കാരണം തിരക്കിയ ശ്രീരാമനോട് നളൻ പറഞ്ഞു

ഒരു വൻ കരയേയും ദ്വീപിനേയും വേർതിരിക്കുന്ന ഈ കടലിനും ചില ധർമ്മങ്ങളുണ്ട്, അത് നിഷേധിച്ചാൽ ഇരുകരകളും നശിക്കും, രാജ്യങ്ങളും. അതിനാൽ ഈ കരകളെ ബന്ധിപ്പിക്കുന്ന ചിറ ഇപ്പോൾ യുദ്ധത്തിനു പോകുവാനും മടങ്ങിവരാനുമുള്ളതാണ്. ഇരുകരയോടും ചേർന്നകുറച്ചുദൂരം നമുക്ക് ഭാരമുള്ളകല്ലുകളാൽ നിർമ്മിക്കാം എന്നാൽ ആഴക്കടലിലേയ്ക്ക് ചെല്ലുമ്പോൾ ശേഷംഭാഗം ഈ കല്ലുകളിരുന്നു ചിറ സമുദ്രത്തിലേക്ക് അൽപ്പം താഴ്ന്ന് തിരകൾക്കും പ്രവാഹങ്ങൾക്കും വഴിയൊരുക്കിയേ മതിയാകൂ… അതിനാൽ ഹനുമാൻ കൊണ്ടുവരുന്ന കല്ലുകൾ കരയോടടുത്തും, കടലിൻ്റെ അടിത്തട്ടിലെ ആഴമുള്ള ഇടങ്ങളിലും മാത്രമേ നിക്ഷേപിക്കാനാവൂ, മുകൾപ്പരപ്പിലും, ആഴം കുറഞ്ഞ ഇടങ്ങളിലും ഈ പൊങ്ങിക്കിടക്കുന്ന കല്ലുകളാണ് വേണ്ടത്.”

പിന്നീട് ഹനുമാനോട് ക്ഷമാപണം പോലെ പറഞ്ഞു

“ഞാൻ പറഞ്ഞത് താങ്കൾ തെറ്റിദ്ധരിച്ചെന്നു തോന്നുന്നു, അങ്ങയുടെ കല്ലുകൾ ഉചിതമല്ലെന്നല്ല പറഞ്ഞത്, ആ സ്ഥലത്തിനനുയോജ്യമല്ല എന്നാണ്, ക്ഷമിച്ചാലും..നീലൻ കൊണ്ടുവരുന്നകല്ലുകൾ അങ്ങ് ശ്രദ്ധിച്ചില്ല, അവ ഉള്ളുപൊള്ളയും സുഷിരങ്ങളുള്ളവയും, അകത്തുനിന്നാ സുഷിരങ്ങൾ അടയ്ക്കുവാനുള്ള കല്ലുകൾ ഉള്ളിൽ നിക്ഷേപിച്ചവയുമാണ്. ചുണ്ടുചേർത്ത് ഞാനവയുടെ ഉള്ളിൽ ശൂന്യത സൃഷ്ടിച്ച് അകത്തുനിന്നും സുഷിരങ്ങൾ അടച്ചാണു ജലത്തിലിടുന്നത്, അല്ലാതെ മന്ത്രം ചൊല്ലുന്നതൊന്നുമല്ല!”

അതോടെ ഹനുമാനാശ്വാസമായി, വർദ്ധിതവീര്യനായി കല്ലുകൾ തേടി, ദ്രാവിഡസാങ്കേതികവിദഗ്ദ്ധർ വളരെവേഗം ആ രാമസേതു നിർമ്മിച്ചു, പിൽക്കാലത്ത് അത് ഉറച്ച് മുകളിലൂടെ ജലപ്രവാഹത്തിനു വഴിയൊരുക്കി! ലങ്കയിലെ പ്രത്യേകകഴിവുകളുള്ള രാക്ഷസന്മാരെ ഈ അഗസ്ത്യാശ്രമവിദ്യാർത്ഥിക്കൂട്ടായ്മ കൊന്നൊടുക്കി. തപനൻ, താരകൻ എന്നിവരെ നളനും, നികുംഭൻ, പ്രഹസ്തൻ, മഹോദരൻ എന്നിവരെ നീലനും, ഗന്ധകനെ ഗന്ധമാദനും, തുണ്ടകനെയും അന്തകനെയും മൈന്ദദ്വിവിദന്മാരും, ശിലാക്ഷനെ ശരഭനുമാണ് വധിച്ചത്.

ചുരുക്കിപ്പറഞ്ഞാൽ ലങ്കാവിജയം ശ്രീരാമൻ്റെ മാത്രം വിജയമല്ല, ദ്രാവിഡക്കൂട്ടായ്മയുടേതു കൂടിയാണ്!!!

(ദുഃഖകരമായ കാര്യം നമ്മുടെ കൈവശമുണ്ടായിരുന്ന അസാധാരണസാങ്കേതികവിദ്യയല്ല നമ്മൾ ലോകത്തിനുമുന്നിൽ അവതരിപ്പിച്ചത്, ഭക്തിവ്യവസായികൾ രാമൻ്റെ പേരെഴുതി കല്ല് വെള്ളത്തിലിടുന്ന വിദ്യയാണു വച്ചുനീട്ടിയത്; മറ്റുരാജ്യക്കാർ പേരെഴുതി കല്ലെടുത്തിട്ടു “ബ്ളും” കല്ലുംതാന്നുംപോയി, നമ്മുടെ ഇതിഹാസകഥകൾ കള്ളക്കഥകളുമായി. അവർ രാമസേതുവിൻ്റെ ചിത്രത്തിനുമുകളിൽ ആഡംബ്രിഡ്ജെന്ന് അങ്ങെഴുതിപ്പിടിപ്പിച്ചു; മാദ്ധ്യതരണ്യാഴിയുടെ കരയിൽ ജീവിച്ചുമരിച്ച ആദമിനിവിടെ എന്തുകാര്യമെന്നൊന്നും ചോദിക്കരുത്; രാമനാമനുണ കല്ലിലെഴുതിയവർക്ക് അത് ചോദിക്കാൻ അർഹ്ഹതയുമില്ല! ഇങ്ങനെയുള്ള തരികിടകൾ കാരണം നമ്മുടെ പൂർവ്വികർ ഉപയോഗിച്ചിരുന്ന മിക്ക സാങ്കേതികവിദ്യകൾക്കും പേറ്റൻ്റ് ജൂതർക്കും, ജർമ്മനികാർക്കും, അമേരിക്കക്കാരനുമായി; നമ്മൾ ജൂളിനേയും, കൂളമ്പിനേയും, ന്യൂട്ടനേയുമൊക്കെ പഠിച്ചങ്ങനെ മാനസികതലത്തിലെ അടിമജീവിതത്തിലുമായി!!!)