കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 7000 കസ്റ്റഡി മരണങ്ങളെന്ന് കേന്ദ്രം

കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ഒരു ചോദ്യത്തിന് മറുപടിയായി സര്‍ക്കാര്‍ നല്‍കിയ കണക്കിനെ ചൊല്ലി വിവാദം പുകയുന്നു. കസ്റ്റഡി മരണങ്ങളുടെ എണ്ണം വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടു കൊണ്ട് നല്‍കിയ ചോദ്യത്തിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടിയിലാണ് സംശയമുയര്‍ന്നിരിക്കുന്നത്. ലോക്‌സഭയിലെ ആറ് എംപിമാരാണ് വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നത്. അവര്‍ക്കു ലഭിച്ച കണക്കുപ്രകാരം കഴിഞ്ഞ നാവ് വര്‍ഷത്തിനിടയില്‍ 7000 പേര്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. 2018-19 കാലത്താണ് ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണങ്ങള്‍ നടന്നതെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നല്‍കിയ കണക്കിനേക്കാള്‍ കൂടുതലാണ് ഇത്.

ചോദ്യങ്ങളുന്നയിച്ച ആറ് എംപിമാര്‍ അഭിപ്രായപ്പെടുന്നതും അതാണ്. പാര്‍ലമെന്റിലെ കണക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ മാത്രം കണക്കാക്കാണ്. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷനിലേക്കും ക്രൈം റെക്കോര്‍ഡ് ബ്യൂറോയിലേക്കും കേസുകള്‍ വ്യത്യസ്ത കേന്ദ്രങ്ങളില്‍ നിന്നാണ് വരുന്നത്. മനുഷ്യാവകാശ കമ്മീഷനുകളില്‍ കേസുകള്‍ നേരിട്ടുവരുമ്പോള്‍ ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയിലേക്ക് വിവിധ ക്രൈം ബ്യൂറോകളില്‍ നിന്ന് വരുന്നവയാണ്. നരേന്ദ്ര മോദി അധികാരത്തിലെത്തി അധികം താമസിയാതെ 2016 മുതല്‍ ദേശീയ ക്രൈം റെക്കോഡ് ബ്യൂറോ തങ്ങളുടെ കൈവശമുളള കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. പുറത്തുവിടുന്നവയില്‍ തന്നെ പ്രധാനവിവരങ്ങള്‍ മറച്ചുവയ്ക്കുന്നു, ഉദാഹരണത്തിന് മരണകാരണവും ഏതെങ്കിലും പോലിസുകാര്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതും. ഈ സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രാലയത്തിന്റേത് തെറ്റായ കണക്കാണെന്ന ആശങ്ക ഉര്‍ന്നിരിക്കുന്നത്.