“പിൻനിലാവ്”… എന്തൂട്ടാ ഈ സാധനം?

മഹിഷാസുരൻ
കൃഷ്ണപക്ഷത്തിലെ പൂർണ്ണനല്ലാത്ത ചന്ദ്രൻ്റെ പ്രകാശമോ? മയാറായ ചന്ദ്രൻ്റെ പ്രകാശമോ? മേഘത്തിൻ്റെമറവിൽ നിൽക്കുന്ന നിലാവോ? ഒരു ക്രമേണയുള്ളനഷ്ടം അല്ലെങ്കിൽ മാഞ്ഞുപോകൽ പക്ഷേ പലരീതിയിൽ പ്രയോഗിച്ചുകാണുന്നുണ്ടാ ഒരുവാക്ക്, എന്തായാലും സംഗതിക്ക് കവികൾക്കിടയിൽ നല്ല ഡിമാൻ്റാണ് ചിലപ്പോഴൊക്കെ സകാരാത്മകമായിപ്പോലും. ഒ.എൻ.വി എഴുതി, ബോംബേരവിയെന്ന സംഗീതമാന്ത്രികൻ ശുദ്ധധന്യാസി രാഗത്തിൽ ചിട്ടപ്പെടുത്തി യേശുദാസ്സ് അതിമനോഹരമായി ആലപിച്ച മലയാളഗാനങ്ങളിലെ രത്നങ്ങളിലൊന്നാണിന്നത്തെ വിഷയം. പഞ്ചാഗ്നിയെന്ന സിനിമയിലെ “സാഗരങ്ങളെ പാടിയുണർത്തിയ സാമഗീതമേ” എല്ലാരീതിയിലും ക്ളാസ്സിക്കാണെന്ന് പറയാതെ വയ്യ!

ഓരോഹൃദയവും ഓരോസാഗരമാണ്, എത്ര തിരമാലകൾ, എത്ര ഇളംകാറ്റുകൾ, കൊടുങ്കാറ്റുകൾ, ചുഴലിക്കാറ്റുകൾ, എത്ര സുനാമികൾ, ഉൾവലിയലുകൾ, ചാകരകൾ, വറുതി, മുത്തും പവിഴവും, ചെറുമീൻമുതൽ തിമിംഗലംവരെ അടങ്ങുന്ന സമുദ്രങ്ങൾ. ആ സാഗരങ്ങളെ വിക്ഷോഭാവസ്ഥയിൽ പലപ്പോഴും താൽക്കാലികമായെങ്കിലും അടക്കുവാൻ സംഗീതത്തിനു കഴിയാറുണ്ട്, സാമം എന്നത് ശാന്തി നൽകുന്നത് എന്നാണല്ലോ, അതിപ്പോൾ ഉഷ്ണംമുതൽ രോഗംവരെ എന്തുമാകാമല്ലോ; മനസ്സിലെ തിരകളെ ശാന്തിമന്ത്രമോതിയടക്കുന്ന സാമഗീതങ്ങൾ പലപ്പോഴുമുണരാറുണ്ടെന്ന് നമുക്കറിയാം. ആ ശാന്തിമന്ത്രവും ചിലപ്പോഴൊക്കെ തളർന്നുപോകും, എത്രയാണെന്നുവച്ചാണാ ഉഷ്ണക്കാറ്റിനെ പ്രതിരോധിക്കുക, അലകളെ അടക്കുക, ഒരു വിശ്രമമൊക്കെയാകാം, ഏകാന്തമായ ഒറ്റയടിപ്പാതയിലാണെങ്കിലും ഒന്നു വിശ്രമിക്കാം!

ദാ.. വരുന്നു മറ്റവൻ പിൻനിലാവേ… അത് നിങ്ങൾ വിവരമുള്ള ആരോടെങ്കിലും ചോദിച്ച് പഠിച്ചോളൂ, എനിക്കറിയില്ല, പ്രേമത്തിലെ സാറിനെപ്പോലെ “പിൻനിലാവ് സിമ്പിളാണ്, പവർഫുള്ളും” എന്ന് പറഞ്ഞു ഞാനൊഴിയുന്നു! രംഗം ആകാശമാണ്, അതൊരു കിടക്കപോലെ കാണപ്പെടുന്നു; മങ്ങിയചന്ദ്രികയിൽ കുറച്ചുമേഘക്കഷണങ്ങൾ പിച്ചകപ്പൂക്കൾ വിതറിയപോലെ ആ ശയ്യാതലത്തിൽ കാണപ്പെടുന്നു. ചഞ്ചലചിത്തയായ ചന്ദ്രലേഖ ഒരു സിന്ദൂരരേഖയായി മാഞ്ഞുപോകുന്നനേരം വീണ്ടും തഴുകിത്തഴുകി ഉണർത്തുന്ന സ്നേഹംനിറഞ്ഞ ആ കൈകൾ ആരുടേതാണ്?

സിനിമകാണുന്ന നമുക്കറിയാം അതിവിപ്ളവപ്രസ്ഥാനത്തോടുള്ള ആഭിമുഖ്യത്താൽ ഒരു നക്സൽ ആയി കൊലപാതകി ആയി ജീവപര്യന്തം ശിക്ഷിക്കപ്പെട്ട അവളുടെ കാമുകനെ സ്വന്തം അനുജത്തിക്ക് സമ്മാനിച്ച നായികയെ… പരോളിലിറങ്ങിയ അവർ ആ പ്രണയത്തെ, വർഷങ്ങളായി ജയിലിലനുഭവിച്ച ഏകാന്തതയിലെ വികാരങ്ങൾക്ക് ശമനമാകാൻ വന്ന കൂട്ടുകാരിയുടെ ഭർത്താവിനെ, അങ്ങനെ പലരേയുംനേരിട്ടെത്തിയ അവളുടെ മനസ്സിലേയ്ക്ക് ഒരു പുതിയപ്രണയം കടന്നുവരികയാണ് അവളുടെ ഇഷ്ടാനിഷ്ടങ്ങൾക്കതീതമായി. നിലാവും രാത്രിയും അവളുടെ സ്വാതന്ത്ര്യത്തിന്റെ ദിനങ്ങളും എല്ലാം കുറഞ്ഞു കുറഞ്ഞു പിൻവാങ്ങുന്നുവെങ്കിലും, ചുറ്റുമുള്ളവ ഉറക്കത്തിലേയ്ക്ക് വീഴുമ്പോഴും, ആ പ്രണയത്തിൻ്റെ തലോടലിൽ അവളുറങ്ങുകയല്ല, ഉണരുകയാണു ചെയ്യുന്നത്!

അവൻ്റെ വിരൽസ്പർശ്ശത്തിൽ അവൾ തരളിതയായി, അവനിലേയ്ക്ക് ലയിക്കുന്ന കാഴ്ച്ചയാണ് പിന്നീടുവരുന്നത്. ഒരു കൊലപാതകി, നക്സലൈറ്റ്, ജീവപര്യന്തം ജയിശിക്ഷ അനുഭവിക്കുന്നവൾ, പരോളിൽ വന്നവൾ, മനസ്സിലെ വിപ്ളവം കനലായി.. ഒരു ചെറുകാറ്റിൽപോലും ആളിക്കത്താൻ കഴിവുള്ളവൾ … എങ്ങനെയാണവളുടെ ശരീരത്തിൽ കൈവയ്ക്കാൻ അവനു ധൈര്യം വന്നത്? അവിടെയാണ് കന്നിമണ്ണിൻ്റെ ഗന്ധം കവി ചൂണ്ടിക്കാട്ടുന്നത്!

പുതുമഴ എപ്പോഴും മണ്ണിൽ നിന്നുമൊരു ഗന്ധമുയർത്തും, മാദകമായ ഗന്ധം; വനത്തിൽ മൃഗങ്ങൾ ഇണയുടെ സാന്നിദ്ധ്യം തിരിച്ചറിയുന്നത് അവയുടെ വികാരമുണർത്തുന്ന ഗന്ധത്താലാണ്, മനുഷ്യനും സ്വാഭാവികമായി എത്തരം ഗന്ധമുണ്ട്, എന്നാലത് നമുക്കിഷ്ടപ്പെടാതെ ബോഡീസ്പ്രേകളിൽ അഭയം തേടുന്നു. മനുഷ്യനൊരു ഒരു മൃഗത്തിൻ്റേയും ശവം കത്തിച്ചാൽ ഇത്രരൂക്ഷമായ ഗന്ധം ഉണ്ടാകാറില്ല, കാരണം നമ്മുടെ പ്രകൃതിയിൽ നിന്നകന്ന ഭക്ഷണരീതിയിലൂടെ ജനിതഘടനമാറിപ്പോയിരിക്കുന്നു, ഇണയെ ആകർഷിക്കേണ്ട ആ മാദകഗന്ധങ്ങൾക്ക് വ്യതിയാനം വന്നിരിക്കുന്നു, എങ്കിലും കുറച്ചൊക്കെ ആ സ്വാഭാവികഗന്ധത്തിനു ആകർഷണീയതയും ലൈംഗിക ഉത്തേജനവും ഉളവാക്കാറുണ്ട്.

അവളിലുണർന്ന ആ ഗന്ധമാവാം അവനെ അവളിലേക്ക് അടുക്കാൻ പ്രേരിപ്പിച്ചത്. ആ കന്നിമണ്ണിൻ്റെ ഗന്ധത്തിൽ കാറ്റിനും ഉന്മാദമുണരുന്നു, അവനും മദത്തോടെ പാട്ടുപാടിക്കറങ്ങി നടക്കുന്നു. നദിയുടെ മാറിൽ ആ കാറ്റിൻ്റെ വിരലുകൾ വികാരങ്ങളുണർത്തുന്നു, അത് ഓളങ്ങളായി ആ ജലോപരിതലത്തിൽ ദൃശ്യമാകുന്നു. ഇനി കറ്റുതഴുകിയുണർത്തുന്ന മേഘങ്ങൾ മഴയയെന്ന രാഗമായി പെയ്തിറങ്ങട്ടേ ഈ ഏകാന്തതയിൽ, ഒറ്റപ്പെടലിൽ…

അവളുടെ ആ മാദഗഗന്ധം കാറ്റിലൂടെ പരന്ന് അവൻ്റെ ഉള്ളിലേയ്ക്ക് നിറയുമ്പോൾ, അവൻ്റെ കൈകൾ അവളുടെ ചുമലിൽ മാത്രമല്ല, മാറിലും പതിഞ്ഞ്, അവളിൽ വികാരത്തിൻ്റെ വേലിയേറ്റം ഉയർത്തുന്നു. അത് പരസ്പരമുള്ള ആലിംഗനത്തിലൂടെ, ലാളനകളിലൂടെ, ഒരിണചേരലിൽ, ഒരു പെയ്തൊഴിയലിൽ അവസാനിക്കുന്നു; താൽക്കാലികമായെങ്കിലും രണ്ടാളുടേയും ഒറ്റപ്പെടലായ ഏകാതാര അവസാനിപ്പിച്ചുകൊണ്ട്!!!

എത്രമനോഹരമായാണ് ഹരിഹരൻ ആ രംഗം ചിത്രീകരിച്ചിരിക്കുന്നത്, ഗാനത്തിൻ്റെ എല്ലാ അർത്ഥവും ഉൾക്കൊണ്ട് , എം.ടി ഒരുക്കിയ ആ രംഗത്തെ അവിസ്മരണീയമാക്കി, ഗാനം ആസ്വദിക്കൂ…

“സാഗരങ്ങളെ പാടിയുണര്‍ത്തിയ
സാമഗീതമേ സാമ സംഗീതമേ – (ഹൃദയ)
പോരൂ നീയെന്‍ ലോലമാമീ ഏകാതാരയില്‍
ഒന്നിളവേല്ക്കൂ ഒന്നിളവേല്ക്കൂ

പിന്‍ നിലാവിന്റെ പിച്ചകപ്പൂക്കള്‍
ചിന്നിയ ശയ്യാതലത്തില്‍
കാതരയാം ചന്ദ്രലേഖയും
ഒരു ശോണ രേഖയായ് മാറുമ്പോള്‍
വീണ്ടും തഴുകി തഴുകി ഉണര്‍ത്തും
സ്നേഹസാന്ദ്രമാം ഏതു കരങ്ങള്‍

കന്നി മണ്ണിന്റെ ഗന്ധമുയര്‍ന്നു
തെന്നല്‍ മദിച്ചു പാടുന്നു
ഈ നദി തന്‍ മാറിലാരുടെ
കൈവിരല്‍ പാടുകള്‍ ഉണരുന്നൂ
പോരൂ തഴുകി തഴുകി ഉണര്‍ത്തൂ
മേഘരാഗമെന്‍ ഏകാതാരയില്‍”

ഓ. എൻ. വി യുടെ “പിൻനിലാവ്” പ്രയോഗം ചര്‍ച്ച ചെയ്യപ്പെടണം എന്ന ഉദ്ദേശത്തോടെയാണ് ഇതെഴുതിയത്. സന്ധ്യക്ക് അരുണരശ്മികൾക്കൊപ്പം തുടരുന്ന ശുക്ലപക്ഷചന്ദ്രിക ഒരുതുടർച്ചയായേ അനുഭവപ്പെടൂ.. എന്നാൽ സന്ധ്യയുടെ പ്രകാശം മങ്ങി ഇരുൾ പടർന്നശേഷം വരുന്ന ചന്ദ്രികയ്ക്ക് കൂടുതൽ ശോഭതോന്നും.. എങ്കിലും അത് താമസിയാതെ മാഞ്ഞ് പ്രഭാതത്തിലെ അരുണരശ്മിക്ക് വഴിമാറുകയും ചെയ്യും. നോക്കൂ കവി ആ ഒറ്റ പ്രയോഗത്തിലൂടെ സിനിമയുടെ മുഴുവൻ കഥയും പറഞ്ഞത്. ഒരു രക്തരൂഷിത സംഭവം പിന്നീട് കാരാഗ്രഹമാകുന്ന ഇരുൾ.. വീണ്ടും ഒരു ചെറിയ തുറന്ന ജീവിതം… വീണ്ടും ആ കാരാഗ്രഹത്തിലേയ്ക്കോ പുതിയ ജീവിതത്തിലേക്കോ എന്നറിയാത്ത ആകാംക്ഷയുടെ കവലയിൽ അതാ മറ്റൊരു രക്തമണിഞ്ഞുചുവന്ന സംഭവം. ആ വാക്ക് തലക്കെട്ട് ആക്കിയതും അതിനാലാണ്. വായിക്കുന്നവർ വായിച്ചു പോകാതെ അവരെക്കൊണ്ട് ബലമായി ചിന്തിപ്പിക്കുക ഹഹഹഹ.. ആതുമൊരു രസമാണ്. കവിക്കുള്ള ട്രൈബൂട്ടും