സ്വാതിതിരുനാളിന്റെ സുഗുണരാമൻ

മഹിഷാസുരൻ

തണുപ്പുള്ള കൊച്ചുവെളുപ്പാൻകാലത്ത് മൂടിപ്പുതച്ചുറങ്ങുന്നവരെ ശല്യംചെയ്യാൻ കിഴക്കുവശത്തുള്ള മാന്തറമീഞ്ചാൽ പാടശേഖരം കടന്നുവരുന്ന ശബ്ദകോലഹലങ്ങൾ; അതിനപ്പുറം ഒന്നുമായിരുന്നില്ല ചെറുപ്പത്തിൽ ” എം. എസ്. സുബ്ബലക്ഷ്മിയുടെ വെങ്കിടേശ്വര സുപ്രഭാതം”

പിന്നീട് നാഷണൽ പാനാസോണിക്ക് സ്റ്റീരിയോ ഡക്കുമായി കാസറ്റിലേറി ആ ഗീതം വീട്ടിലെത്തിയപ്പോൾ ഒരുവശത്ത് വെങ്കിടേശ്വരസുപ്രഭാതവും, മറുവശത്ത് “ഭാവയാമിരഘുരാമം”, “രംഗപുരവിഹാര” എന്നീ കീർത്തനങ്ങളുമാണെന്ന് മനസ്സിലായി.

അർത്ഥം ഗ്രഹിക്കാനുള്ള താൽപ്പര്യം അന്നുമുണ്ടായില്ല; മിമിക്രിക്കാർ “കമലാകുച്ച ചൂച്ചുക കുങ്കമതോ….” പാരഡിയാക്കിയപ്പോൾ മത്രമാണങ്ങനെ ഒരുതോന്നൽ ഉടലെടുത്തത്.

“കൌസല്യയുടെ നല്ലവനായ പുത്രാ … രാമാ.. കിഴക്ക് പ്രഭാതസന്ധ്യ വന്നണഞ്ഞിരിക്കുന്നു, ദൈവീകമായ കർത്തവ്യങ്ങൾ ചെയ്തുതീർക്കാൻ ഉണർന്നാലും .. എണീറ്റാലും” എന്ന് ശ്രീരാമനോട് ആരോ പറയുന്നതാണ് ആദ്യവരിയെന്ന് മനസ്സിലായി.

അയോദ്ധ്യയിൽ നിന്നും യാഗരക്ഷക്കായി, വഴിനടന്ന് , പുഴകടന്ന് ദണ്ഡകാരണ്യത്തിൽ വച്ച് രാക്ഷസ്സിയായ താടകയെ വധിച്ച്, ഗാഥിയുടെ പുത്രൻ മഹർഷി വിശ്വാമിത്രന്റെ ആശ്രമത്തിലെത്തി, ക്ഷീണിച്ച് ഉറങ്ങിപ്പോയ രാമനെ, യാഗം ആരംഭിക്കുന്നതിന് മുമ്പേ വിളിച്ചുണർത്തി, തയ്യാറാക്കാൻ മഹർഷി പാടിയ ഉണർത്തുപാട്ടായിരുന്നു, ആദ്യവരികൾ…. ത്യാഗരാജസ്വാമികളുടെ കൃതികൾക്കുസമാനമായി ഒരു ‘യു -ടേണി’ ലൂടെ രാമനെ വിഷ്ണുവാക്കി, മുന്നോട്ടുള്ള പോക്കും ക്രമേണ മനസ്സിലായി.

അപ്പോഴും മറുഭാഗത്തുള്ള ഭാവയാമി രഘുരാമം അകന്നുനിന്നു. എങ്കിലും “അനഘമീശ ചാപഭംഗം”, “അനഘപമ്പാ തീരസംഗം”, “അതിഘോരശൂർപ്പണഖ”, “ഖലമാരീചഹരം”, “സുജനവിമത ദശാസ്യ” എന്നിങ്ങനെ ചിലഗംഭീരവാക്കുകൾ വിടാതെ മനസിലുടക്കി നിന്നു.

എം.ടി യുടെ ഭീമനും , ചന്തുവും പറഞ്ഞ “കൃത്യമായി ലക്ഷ്യം ഭേദിക്കാൻ കഴിയില്ലെങ്കിൽ വില്ല് ഒടിച്ചു കളയുക, കണ്ണിൽ മണ്ണുവരിയിട്ട് വെട്ടുന്ന കുറുപ്പന്മാരുടെ പുതിയ അടവ്” എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ, മുഖപുസ്തകത്തിൽ വായിച്ച ചില ലേഖനങ്ങൾ എന്നിവയാൽ പ്രേരിതമായി നടത്തിയ പഠനം സ്വാതിതിരുനാൾ എന്ന നമ്മുടെ മുൻരാജാവ്, ലങ്കാധിപതി രാവണന്റെ ഒരു നല്ല “ഫാൻ” ആയിരുന്നു എന്ന നിഗമനത്തിൽ എത്തിച്ചു. ലങ്കേശനെ “സുജനവിമതൻ” അഥവാ നല്ലത് പറഞ്ഞുകൊടുത്താൽ കേൾക്കാത്തവൻ, ചുരുക്കിപ്പറഞ്ഞാൽ പ്രത്യേകിച്ച് നുമ്മ ഫ്രീക്കൻ സ്റ്റൈലിൽ “കുരുത്തം കേട്ടവൻ” എന്ന് വിശേഷിപ്പിച്ചത് “ക്ഷ” പിടിച്ചു.

ആ പഠനം 2010ൽ ബ്ലോഗ്ഗിൽ കുറിച്ചു….. “സ്വാതിതിരുനാളിന്റെ സുഗുണരാമൻ – (ഭാവയാമി രഘുരാമം)”

ഇതുവരെ വ്യാഖ്യാനിച്ച കീർത്തനങ്ങളിൽ വെച്ചേറ്റവും സങ്കീർണ്ണവും, ദുഷ്ക്കരവുമായത് “ഭാവയാമി രഘുരാമം” ആണെന്ന് നിസ്സംശയം പറയുവാൻ കഴിയും. രാമായണത്തിലെ കേന്ദ്രകഥാപാത്രമായ ശ്രീരാമന്റെ വ്യക്തിപ്രഭാവം 6 കാണ്ഡങ്ങളിൽ നിന്നും കഥാഗതിയിലെ മർമ്മപ്രധാനമായ സന്ദർഭങ്ങൾ ശേഖരിച്ച്, സംഗ്രഹിച്ച്, മിനുക്കിയെടുത്ത 6 ശ്ലോകങ്ങളിലൂടെ പരിപൂർണ്ണമായി അവതരിപ്പിക്കുകയാണ് സ്വാതിതിരുനാൾ.

സമ്പൂർണ്ണ രാമായണത്തെ രണ്ട് യാത്രകളായി “ഭാവയാമി രഘുരാമം” അവതരിപ്പിക്കുന്നു.

മഹർഷി വിശ്വാമിത്രനൊപ്പം യാഗരക്ഷാർത്ഥം പുറപ്പെട്ട് സീതാപരിണയം കഴിഞ്ഞ് തിരിച്ചെത്തുന്ന ഒരു യാത്ര.

പിന്നീട് കൈകേയിയുടെ ആവശ്യപ്രകരമുള്ള വനയാത്രയും, രാവണവധം വരെ നീണ്ട സംഭവപരമ്പരകളുടെ അന്ത്യത്തിൽ, 14 വർഷം കഴിഞ്ഞു തിരിച്ചെത്തുന്ന മറ്റൊരു യാത്ര.

ഇതൊരു രാഗമാലിക ആണ് , ഒരു വിഷയമാകുന്ന ചരടിൽ കോർത്ത, ഏഴു രാഗങ്ങളിൽ ഉള്ള പല്ലവി, അനുപല്ലവി, ചരണങ്ങൾ എന്നീ പുഷ്പങ്ങളാൽ ഒരുക്കിയ മാലയാണീ കീർത്തനം. സാവേരി രാഗത്തിലാണ് ആദ്യം ചിട്ടപ്പെടുത്തിയതെങ്കിലും, പിന്നീട് ശെമ്മാങ്കുടി ശ്രീനിവാസൻ 6 രാഗങ്ങളിൽ ചിട്ടപ്പെടുത്തിയതാണ് ഇന്ന് നമ്മൾ പാടിക്കേൾക്കുന്ന രാഗമാലിക.

വാത്മീകിയുടെ രാമൻ പച്ചയായ മനുഷ്യനും, എല്ലാ തെറ്റുകുറ്റങ്ങളും നിറഞ്ഞ ജീവിതത്തിൽ, പാപപുണ്യങ്ങളുടെ മിശ്രിതമായ കർമ്മപഥം പിന്നിട്ട ഒരു സാധാരണക്കാരൻ മാത്രമാണ്. “മര്യാദാപുരുഷോത്തമൻ” അഥവാ ഉത്തമ മനുഷ്യനെന്ന വിശേഷണംപോലും പലപ്പോഴും വാത്മീകിയുടെ രാമനെ നോക്കി അപഹസിക്കുന്ന രംഗങ്ങൾ വാത്മീകി രാമായണത്തിൽ കാണാം.

എന്നാൽ ക്ഷത്രിയരാജാക്കന്മാരുടെ സദസ്സുകൾക്കായി വ്യാസനെഴുതിയ അദ്ധ്യാത്മരാമായണവും, ഭക്തിപ്രസ്ഥാനത്തിന്റെ മറവിലും, ഭക്തിയുടെ നിറവിലും എഴുതപ്പെട്ട തുളസീദാസ്സിന്റെ രാമചരിതമാനസ്സവും, തുഞ്ചത്ത് രാമാനുജനെഴുത്തഛന്റെ അദ്ധ്യാത്മരാമയണവും വിഷ്ണുവിന്റെ അവതാരമായ ദൈവീകപരിവേഷമുള്ള മറ്റൊരു രാമനെയാണ് അവതരിപ്പിക്കുന്നത്. ഒരു സാധാരണക്കാരനെ ദൈവമാക്കുമ്പോൾ ഉണ്ടാകാവുന്ന എല്ലാ വെല്ലുവിളികളും പത്രസൃഷ്ടിയിൽ അവർക്ക് നേരിടേണ്ടി വന്നു. ചില സംഭവങ്ങൾ വേണ്ടെന്ന് വച്ചു, മറ്റു ചിലതിനെ വളച്ചൊടിച്ചു, പിന്നെ ചിലതിനെ വ്യാഖ്യാനിച്ചു, ചിലതിൽ പുകമറ സൃഷ്ടിച്ചു, എന്നിട്ടും പലതിനും മറുപടികൾ ഇല്ലാതെവന്നു, അവ ഏച്ചുവയ്ക്കലുകൾക്കിടയിൽ മുഴച്ച് നിൽക്കുന്നു, അന്നും.. ഇന്നും..

തുളസ്സീദാസ്സിനും, എഴുത്തച്ഛനും ഇതിഹാസത്തിന്റെ വലിപ്പത്തിൽ ഉള്ള കൃതികൾ ആയതിനാൽ ഈ വക പൊളിച്ചെഴുതലുകൾക്ക് ദൈർഘ്യം സൗകര്യമൊരുക്കി; എന്നാൽ 2 ഈരടികളിലും, 8 ശ്ലോകങ്ങളിലുമായി അതേകൃത്യം നിർവ്വഹിക്കുക എന്ന സ്വാതിതിരുനാളിന്റെ സാഹസ്സത്തിന് നമ്മൾ സക്ഷികളാവുകയാണീ കീർത്തനത്തിലൂടെ. അതിനാൽ തന്നെ വാത്മീകി രാമായണമെന്ന അടിത്തറയിൽ നിൽക്കുമ്പോഴും അതിൽ നിന്ന് വ്യത്യസ്ഥമായി ലഘുവെങ്കിലും അതിഗംഭീരമായ ചില പൊടിപ്പും തൊങ്ങലും ഈ കൃതിയിലുടനീളം നമുക്ക് ദർശ്ശിക്കാം.

പല്ലവി
(സാവേരി – 15 മായാമാളവ ഗൗള ജന്യ )
————————————————————

“ഭാവയാമി രഘുരാമം
ഭവ്യ സുഗുണാരാമം”

ഭാവയാമി – ആരാധിക്കുന്നു, പൂജിക്കുന്നു
രഘുരാമ – രഘുവംശത്തിൽ പിറന്ന രാമനെ
അഹം – ഞാൻ
ഭവ്യ – വിജയപ്രദമായ, നന്മയുണ്ടാക്കുന്ന
സുഗുണ – സദ്ഗുണങ്ങൾ
ആരാമം – പൂന്തോട്ടം, വിളനിലം

വിജയമരുളുന്ന സദ്ഗുണങ്ങളുടെ മൂർത്തിമദ്ഭാവമായ രഘുവംശത്തിലെ ശ്രീരാമനെ ഞാൻ ആരാധിക്കുന്നു.

അനുപല്ലവി
(രാഗം : സാവേരി, മായാമാളവഗൗള )
———————————————————-

“ഭാവുക വിതരണപരാ-
പാംഗലീലാ ലസിതം”

ഭാവുക – ഐശ്വര്യം, സന്തോഷം
വിതരണപര – ദാനപ്രിയൻ, വരദായകൻ
അപാംഗലീലാ – കടക്കണ്ണിലൂടെ
ലസിതം – തിളക്കമാർന്ന

ഭക്തജനങ്ങൾക്ക് തിളക്കമാർന്ന കടക്കണ്ണിലൂടെയുള്ള കടാക്ഷത്താൽ തന്നെ ഐശ്വര്യവും, സന്തോഷവും വരമായി ചൊരിയുവാൻ പ്രിയമുള്ള …. രഘുവംശത്തിലെ ശ്രീരാമനെ ഞാൻ ആരാധിക്കുന്നു.

ചരണം 1 (ബാലകാണ്ഡം)
(നാട്ടുക്കുറിഞ്ഞി -28 ഹരികാംബോജി ജന്യ)
——————————————————————-

“ദിനകരാന്വയതിലകം ദിവ്യഗാധിസുതസവനാ-
വനരചിതസുബാഹുമുഖ വധമഹല്യാപാവനം
അനഘമീശചാപഭംഗം ജനകസുതാപ്രാണേശം
ഘനകുപിതഭൃഗുരാമഗർവ്വഹരമിത സാകേതം”

ദിനകര – സൂര്യൻ
അന്വയ – പിന്തുടർച്ചക്കാരൻ, വംശജൻ
തിലകം – പൊട്ട്, പ്രധാനി
ദിവ്യ – മഹാനായ
ഗാധിസുത – ഗാഥിയുടെ പുത്രൻ , രാജർഷി വിശ്വാമിത്രൻ
സവനാ – യാഗം
അവന – സംരക്ഷണം
രചിത – നിർവ്വഹിച്ച
സുബാഹുമുഖ – സുബാഹുവിനാൽ നയിക്കുപ്പെട്ട രാക്ഷസന്മാർ
വധം – വധിച്ച
അഹല്യാ – ഗൗതമ മഹർഷിയുടെ പത്നിയായ അഹല്യയെ
പാവനം – ശുദ്ധീകരിച്ച
അനഘം – കളങ്കമില്ലാത്ത, പാപരഹിതൻ
ഈശചാപഭംഗം – ആരാണോ ഈശ്വരന്റെ (ശിവന്റെ) വില്ല് ഓടിച്ചത്, മൈഥിലീ സ്വയംവരത്തിനായി ശൈവചാപം മുറിച്ച
ജനകസുതാ – ജനകമാഹാരാജാവിന്റെ പുത്രിയുടെ, സീതയുടെ
പ്രാണേശം – പ്രാണനാഥൻ
ഘനകുപിത – അതിക്രുദ്ധനായ, അത്യന്തം കോപിഷ്ഠനായ
ഭൃഗുരാമ – ഭ്രഗുവംശത്തിലെ രാമൻ, പരശുരാമൻ
ഗർവ്വ – മദം, ഗർവ്വ്
ഹര – ഇല്ലാതാക്കുക
ഇത സാകേതം – സാകേത നഗരത്തിൽ (അയോദ്ധ്യ) എത്തിച്ചേർന്നു

ബാലകാണ്ഡത്തിലെ 77 സർഗ്ഗങ്ങളിലെ ശ്രീരാമചരിതം സ്വാതിതിരുനാൾ ഇങ്ങനെ സംഗ്രഹിക്കുന്നു…..

സൂര്യവംശ കുലമണിയായ ശ്രീരാമചന്ദ്രൻ, മഹരാജാവ് ഗാഥിയുടെ പുത്രനായ രാജർഷി വിശ്വാമിത്ര മഹർഷിയുടെ യാഗരക്ഷക്കായി നിയോഗിക്കപ്പെടുകയും, യാഗരക്ഷാർത്ഥം സുബാഹുവിന്റെ നേതൃത്വത്തിൽ യാഗം മുടക്കുവാൻ വന്ന രാക്ഷസന്മാരെ വധിക്കുകയും ചെയ്യുന്നു.

ഗൗതമമുനിയുടെ ശാപത്തെ തുടർന്ന് യുഗങ്ങളോളം മന്ദാകിനീ നദീതീരത്ത് കാലങ്ങളായി ശിലപോലെകഴിഞ്ഞ അഹല്യയെ ആശ്രമത്തിലെത്തി പവിത്രയാക്കി, സ്വജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരുന്നു..

ഗൗതമമഹർഷിയുടെ നിർദ്ദേശപ്രകാരം മിഥിലാപുരിയിൽ എത്തുകയും അവിടെനടന്ന സ്വയംവരത്തിൽ കുലച്ച് ലക്ഷ്യം ഭേദിക്കുവാൻ വച്ചിരുന്ന ശിവദത്തമായവില്ലെടുത്ത് ഞാണേറ്റാനുള്ള ശ്രമത്തിനിടയിൽ കരുത്താൽ വില്ലൊടിച്ച് ജനകപുത്രി സീതയെ പരിണയിച്ച് അവൾക്ക് പ്രാണനാഥനായി ഭവിക്കുന്നു.

സ്വരാജ്യത്തേയ്ക്ക് മടങ്ങുമ്പോൾ ഗുരുവായ പരമശിവന്റെ ചാപമൊടിച്ച ക്ഷത്രിയനെ വധിക്കാൻ അതിക്രുദ്ധനായെത്തിയ പരശുരാമന്റെ “ഞാനൊഴിഞ്ഞുണ്ടോ രാമൻ ഈ ത്രിഭുവനത്തിങ്കൽ?” എന്ന ഗർവ്വം അടക്കി, ആ വൈഷ്ണവതേജസ്സിനെ ഏറ്റുവാങ്ങി വിജയശ്രീലാളിതനായി ,ഭാര്യാ സമേതനായി കോസല രാജ്യത്തിന്റെ തലസ്ഥാനമായ അയോദ്ധ്യാനഗരിയിൽ തിരിച്ചെത്തി.
*********************

വാത്മീകിരാമായണം ആധാരമാക്കി ഒരപഗ്രഥനം
————————————————————

ഭാവയാമിരഘുരാമം രണ്ട് യാത്രകൾ ആകയാൽ, യാത്രതുടങ്ങുന്നതുവരെയുള്ള പായസവും, ദിവ്യഗർഭവും പോലുള്ളവ സ്വാതിതിരുനാൾ ഒഴിവാക്കിയിരിക്കുന്നു.

താടകയെപ്പറ്റിയൊന്നും പറയുന്നില്ല, മാരീചന്റെ മാതാവും, വൃദ്ധയും, ദണ്ഡകാരണ്യമെന്ന വനരാജ്യത്തെ രാജ്ഞിയുമായ ആ സ്ത്രീയെ വധിച്ചതിലുള്ള ന്യായാന്യായങ്ങളാവാം കാരണം. യക്ഷരാജാവായ സുകേതു തൻ്റെ പിൻഗാമിയായി ഒരു ശക്തനായ ഭരണാധികാരിയെ, പുത്രനെ ആവശ്യപ്പെട്ട് ബ്രഹ്മാവിനെ തപസ്സുചെയ്തു, സമ്പ്രീതനായ ബ്രഹ്മാവ് അതിസുന്ദരിയും അതിശക്തയുമായ ഒരു മകളെയാണ് നൽകിയത്, ആ യക്ഷരാജകുമാരിയാണ് താടക. അവൾ അസുരരാജാവായ സുന്ദനെ വിവാഹം കഴിച്ചു അവർക്ക് സുബാഹു, മാരീചൻ എന്നീ പുത്രന്മാർ പിറന്നു. സുന്ദനെ അഗസ്ത്യമുനി വധിച്ചതോടെ താടകയും മക്കളും പാതാളത്തിലെത്തി, സുന്ദൻ്റെ സുഹൃത്ത് രാക്ഷസരാജാവ് സുമാലിയോട് അഭയം തേടി. സുമാലി ചെറുമകനായ രാവണനോട് അവർക്കഭയം നൽകുവാൻ ആവശ്യപ്പെട്ടു. അങ്ങനെ അവർ ലങ്കയിൽ താമസമാക്കി, കുട്ടികൾ രാക്ഷസസംസ്ക്കാരത്തിൽ വളർന്നുവന്നു. രാവണൻ ഗംഗയുടെ കരയിലെ മലജം, കരുഷം എന്ന രണ്ട് നാട്ടുരാജ്യങ്ങൾ അവർക്കായി ഒഴിപ്പിച്ച്, അവിടെ വനംവളർത്തി, വനരാജ്യം സൃഷ്ടിച്ചു. താടക അവിടെ രാജ്ഞിയായി, സുബാഹുവും മാരീചനും രാവണന്റെ വളർത്തുപുത്രന്മാരായ രാജകുമാരന്മാരും.

സാധാരണ അസ്ത്രം അസാധാരണമായ കരുത്തോടെയും വേഗത്തിലും എയ്ത താടകാവധത്തിനു ശേഷം, രാജർഷി വിശ്വാമിത്രനിൽ നിന്നാണ് ശത്രുവിനെ കൂട്ടത്തോടെ വധിക്കുവാനും, വലിയതോതിൽ ശത്രുവിന് വിനാശങ്ങൾ ഉണ്ടാക്കുവാനും, ഏകനായി സംഘങ്ങളെ നശിപ്പിക്കാനുമുള്ള വിദ്യകളും, ആയുധങ്ങളും രാമനാദ്യമായി ലഭിക്കുന്നത്. വനത്തിൽ അസുരക്ഷിതരായി കഴിഞ്ഞിരുന്ന ഋഷിസമൂഹത്തിന്റെ പക്കൽ ധാരാളം വിനാശകരമായ ആയുധങ്ങൾ ഉണ്ടായിരുന്നു, അവ കൃത്യമായും, ആവശ്യാനുസരണവും പ്രയോഗിക്കാൻ മനസ്സിക, ശാരീരിക ബലമുള്ള യോദ്ധാവിനെ ആയിരുന്നു അവർക്കാവശ്യം, അതായിരുന്നു രാമൻ, താടകവധം അതിനൊരു പരീക്ഷണവും.

രാക്ഷസരുമായി, പ്രത്യേകിച്ച് രാവണനുമായി രാമന്റെ ആദ്യത്തെ ഇടപെടൽ ഇതായിരുന്നു; യാഗഭംഗാർത്ഥമോ, മാതാവിന്റെ മരണത്തിനു പ്രതികാരത്തിനെത്തിയതോ ആയ, രാവണൻ്റെ വളർത്തു പുത്രന്മാരിൽ, മാരീചനെ അസ്ത്രമയച്ച് ദൂരേയ്ക്ക് വീഴ്ത്തുകയും, സുബാഹുവിനെ വധിക്കുകയും ചെയ്തപ്പോൾ അവർക്കുമേലുള്ള ലങ്കേശന്റെ സംരക്ഷണകവചമാണ് തകർത്തത്. ഇനിയങ്ങോട്ട് പ്രത്യക്ഷത്തിലല്ലെങ്കിലും രാവണനും രാക്ഷസവംശവും രാമൻ്റെ യാത്രകളിൽ ഒപ്പമുണ്ട്.

അഹല്യയെ ശുദ്ധീകരിച്ചു എന്നല്ലാതെ കല്ലിനെ ചവുട്ടിപെണ്ണാക്കിയെന്നൊന്നും സ്വാതിതിരുനാൾ പറയുന്നില്ല. വാത്മീകിരാമയണപ്രകാരം ഗൗതമമുനി നൽകിയ ഇരുട്ടറയിലെ വായുമാത്രം ഭക്ഷിച്ചുള്ള അഹല്യയുടെ തപസ്സ് രാമൻ അവസനിപ്പിച്ചു, രാമൻ ചവിട്ടിയിട്ടുണ്ടെങ്കിൽ അത് നദിക്കരയിൽ പണിത അഹല്യയെ ബന്ധിച്ചിരുന്ന കാരാഗ്രഹത്തിൻ്റെ വാതലിൽ ആയിരിക്കണം.

രഘുരാമൻ ഭൃഗുരാമനെ പരാജയപ്പെടുത്തിയ ആ സന്ദർഭം അത്രനിസ്സാരമല്ല. ഒരു വൃദ്ധസന്യാസിയുടെ വിജയഗാഥ ചെറുപ്പത്തിന്റെ കരുത്തിൽ രാമൻ തകർത്തെറിയുകയല്ല ചെയ്തത്. ക്ഷത്രിയനായി പിറന്ന ഓരോ രാജാവിന്റെയും നെഞ്ചിൽ വിങ്ങിയിരുന്ന ഭയമായ ആ “പരശു” ആണവിടെ ഇല്ലാതായത്. ഇരുട്ടിൽ മുന്നറിയിപ്പില്ലാതെ കടന്ന് വന്ന് ഗോറില്ലാ മുറയിൽ എല്ലാം കൊള്ളയിട്ട്, സംഹാരതാണ്ഡവമാടി ഇരുട്ടിലേയ്ക്ക് മടങ്ങിപ്പോകുന്ന ഭാർഗ്ഗവക്കൂട്ടത്തെ ഓരോ ക്ഷത്രിയനും ഭയന്നിരുന്നു. അവരെ തകർത്തുകളഞ്ഞു എന്നത് തന്നെയാണ് കോസലമെന്ന കേവലം ചെറുരാജ്യത്തെ രാജകുമാരന് പതിന്മടങ്ങ് വലിപ്പമുള്ള രാജ്യങ്ങളിൽപോലും പേരും പെരുമയും ഉണ്ടാക്കിക്കൊടുത്തത്. ദൈവീക പദവിയിലേയ്ക്കുള്ള രാമന്റെ ആദ്യത്തെ കാൽവെയ്പ്പായിരുന്നു അത്. സ്വാതിതിരുനാൾ അത് വിട്ടുകളയുന്നുമില്ല.