തിരുവനന്തപുരം: തന്നെ തിരിച്ചറിയാതെയല്ല ലാത്തി ചാര്‍ജിനിടെ പൊലീസ് ആക്രമിച്ചതെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ. എറണാകുളത്തെ പോലീസിന് തന്നെ നന്നായി തിരിച്ചറിയാന്‍ സാധിച്ചിരുന്നു. പിറകില്‍നിന്ന് ആഞ്ഞടിക്കുമ്പോള്‍ ആ സബ് ഇന്‍സ്‌പെക്ടര്‍ക്ക് ഉറപ്പായിട്ടുമറിയാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പോലീസിനെതിരായ ഒരു സമരം കമ്യൂണിസ്റ്റ് പാര്‍ട്ടി ഐജിയുടെ ഓഫിസിലേക്ക് നടത്തുമ്പോള്‍, ആ സമരത്തില്‍ ആയിരത്തിലധികം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നുണ്ട്. ആരൊക്കെയാണ് ഈ സമരത്തെ നയിക്കുന്നവര്‍, ആരൊക്കെയാണ് ഈ സമരത്തില്‍ പങ്കെടുക്കുന്നവര്‍, ആരൊക്കെ ഈ സമരത്തിന് നേതൃത്വം നല്‍കുന്നവര്‍, ആരെല്ലാം ഈ സമരത്തില്‍ പ്രസംഗിക്കും, അതില്‍ എം പിയുണ്ടോ, എംഎല്‍എയുണ്ടോ, അല്ലെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്ന് ആരെല്ലാമാണ് എത്തിച്ചേരുക, ആരാണ് ഉദ്ഘാടകന്‍ എന്നിവ സംബന്ധിച്ചെല്ലാം വളരെ കൃത്യമായ ധാരണ പോലീസിനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ സി.പി.ഐ. നടത്തിയ മാര്‍ച്ചിനിടെ എല്‍ദോ എബ്രഹാം എം.എല്‍.എ. അടക്കമുള്ളവര്‍ക്കാണ് പോലീസിന്റെ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. ഇതിനെതിരെ സി.പി.ഐ. നേതാക്കളും എല്‍ദോ എബ്രഹാമും പോലീസിനെതിരെ വിമര്‍ശം ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ എം.എല്‍.എയ്ക്ക് അടക്കം മര്‍ദനമേറ്റിട്ടിട്ടും സി.പി.ഐ. സംസ്ഥാന സെക്രട്ടറി മൗനം അവലംബിച്ചത് വിവാദമായിരുന്നു. എല്‍ദോ എബ്രഹാമിനെ മര്‍ദിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ അന്വേഷണം കഴിയാതെ കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു അദ്ദേഹം നേരത്തെയുള്ള പ്രതികരണം. നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തില്‍ വേറെ എന്താണ് വേണ്ടതെന്നും അദ്ദേഹം ചോദിച്ചിരുന്നു.
            










































