തമിഴകത്തിന് രജനി എന്നാല്‍ വെറുമൊരു സൂപ്പര്‍താരമല്ല,രജനീകാന്ത് ഒരുവികാരമാണ്. തമിഴ്മക്കളുടെ മാത്രമല്ല, അതിര്‍ത്തികള്‍ക്കപ്പുറമുള്ള ആരാധകമനസുകളും രജനി കീഴടക്കി.
ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രമാണ് ദര്‍ബാര്‍, എ.ആര്‍ മുരുഗദോസ്സും സ്റ്റെല്‍ മന്നനും ഒന്നിക്കുന്ന ദര്‍ബാറിന്റെ ലുക്കാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കബാലിയും പേട്ടയും തോറ്റുപോകുന്ന സ്റ്റൈലിലാണ് ഇത്തവണ രജനി എത്തിയിരിക്കുന്നത്.
പൊലീസ് വേഷത്തിലുള്ള ഒരു ചിത്രവും കോട്ടിട്ട് സ്റ്റൈലന്‍ ചിരിയുമായി നില്‍ക്കുന്ന രജനിയുടെ ചിത്രമാണ് മുരുഗദോസ് ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്.
27 വര്‍ഷങ്ങള്‍ക്ക് ശേഷം രജനീകാന്ത് പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ദര്‍ബാറിനുണ്ട്. 1992 ല്‍ പുറത്തിറങ്ങിയ ‘പാണ്ഡ്യന്‍’ എന്ന സിനിമയിലാണ് രജനി അവസാനമായി പൊലീസ് വേഷത്തില്‍ എത്തിയിരുന്നത്.
രജനീകാന്ത് ചിത്രങ്ങള്‍ ആരാധകര്‍ക്ക് ഒരാവേശമാണ്. ഒരു മനുഷ്യനും അദ്ദേഹത്തിന്റെ സിനിമയും എങ്ങിനെയാണ് ഇങ്ങിനെ ആഘോഷമാകുന്നത് ? അങ്ങിനെയാക്കാന്‍ രജനിക്ക് മാത്രമേ പറ്റു.
ഉറക്കമിളച്ച് രജനി ചിത്രങ്ങള്‍ ആഘോഷമാക്കുന്ന ആരാധകര്‍, റിലീസ് ദിവസം അവധി ദിനമാക്കുന്ന നഗരങ്ങള്‍, പാലൊഴുകുന്ന വമ്പന്‍ കട്ടൌട്ടുകള്‍.സ്റ്റൈല്‍ മന്നനെക്കുറിച്ച് പറയുമ്പോള്‍ ഓരോ വാക്കിലും നോക്കിലും ആവേശം അങ്ങിനെ അല തല്ലും.
രജനിയുടെ സിനിമകള്‍ പോലെ അദ്ദേഹത്തിന്റെ ജീവിതവും കാണാപ്പാഠമാണ് ആരാധകര്‍ക്ക്. വെറുമൊരു ബസ് കണ്ടക്ടറായ ശിവാജി റാവു സൂപ്പര്‍താരമായി മാറിയ ത്രസിപ്പിക്കുന്ന ജീവിതം അറിയാത്ത രജനി ഫാന്‍സുകാരുണ്ടാവില്ല.
എണ്‍പതുകളായിരുന്നു രജനിയുടെ അഭിനയ ജീവിതത്തിലെ സംഭവബഹുലമായ കാലഘട്ടം. നായകന്‍ എന്ന നിലയില്‍ തമിഴകം അംഗീകരിച്ച രജനിയുടെ ഹിറ്റ് ചിത്രങ്ങള്‍ ഒന്നിനു പുറകെ ഒന്നായി പുറത്തിറങ്ങി. മുരട്ടുകാളൈ, പോക്കിരി രാജ, താനിക്കാട്ടു രാജ, നാന്‍ മഹാന്‍ അല്ലൈ, മൂണ്രു മുഗം തുടങ്ങിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ പുതിയ ചരിത്രം കുറിച്ചു.
എന്നാല്‍ ഇതിനു ശേഷം ഇറങ്ങിയ ചിത്രങ്ങള്‍ അദ്ദേഹത്തിന് സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി നേടിക്കൊടുക്കുകയായിരുന്നു. ജനിയുടെ താര പരിവേഷം ക്രമേണ വാനോളമുയര്‍ന്നു
തൊണ്ണൂറുകളില്‍ പടയപ്പ, മന്നന്‍, മുത്തു, ബാഷ തുടങ്ങിയ ചിത്രങ്ങള്‍ ആരാധകര്‍ക്ക് ഉത്സവമായി. 1995-ല്‍ പുറത്തിറങ്ങിയ രജനി ചിത്രമായ മുത്തു ജാപ്പനീസ് ഭാഷയില്‍ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന ഖ്യാതിയും നേടി.
ഇങ്ങനെ പഞ്ച് ഡയലോഗുകളും ആക്ഷനുകളും,സൈലും കൊണ്ട് ആരാധകരെ കൈയ്യിലെടുത്ത ഒരു നടന്‍ വേറെയുണ്ടാവില്ല. 68 വയസ്സിലും ആ സ്റ്റെലിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലാ എന്നതാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥനാക്കുന്നത്.
ചരിത്രമെഴുതിയ,കോടി ക്ലബ്ബില്‍ ഇടം പിടിച്ച ഒട്ടനവധി ചിത്രങ്ങള്‍ സൂപ്പര്‍സ്റ്റാറിന്റെ പേരില്‍ പിന്നീടും എഴുതപ്പെട്ടു. കബാലിയിലും പേട്ടയിലും ആരാധകരെ ത്രസിപ്പിച്ച,അംബരപ്പിച്ച പ്രകടനമാണ് നാം കണ്ടത്. ദര്‍ബാര്‍ ഇതിനെയൊക്കെ വെല്ലുന്ന ഒരുഹൈവോള്‍ട്ടേജ് ചിത്രമായിരിക്കും എന്നതില്‍ യാതൊരു സംശയവുമില്ല. ആ ത്രസിപ്പിക്കുന്ന പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.