ഒറ്റ ടീസറില്‍ മോദി ലോകത്ത് ഹീറോയായി

ന്യൂഡല്‍ഹി: ആ ഒരൊറ്റ ടീസറില്‍ തന്നെ ലോകത്തിന് മുന്നില്‍ നായകനായി മോദി.ഡിസ് കവറി ചാനലിലെ മാന്‍ വേഴ്‌സസ് വൈല്‍ഡ് പരിപാടിയുടെ ടീസറാണ് മോദിക്ക് വീര പരിവേഷം നല്‍കിയത്.ഈ ടീസര്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വൈറലായി കഴിഞ്ഞു.എന്നാല്‍ മോദിക്ക് ലഭിച്ച ഈ പരിവേഷം പ്രതിപക്ഷത്തിന് അത്ര സുഖിച്ചിട്ടില്ല. രൂക്ഷമായ ആരോപണവുമായാണ് അവര്‍ രംഗത്ത് വന്നിരിക്കുന്നത്.പുല്‍വാമ ഭീകരാക്രമണ സമയത്ത് രാജ്യത്തിന്റെ പ്രധാനമന്ത്രി എവിടെയായിരുന്നെന്നു തെളിഞ്ഞതായി കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടി പങ്കാളിത്തമുള്ള ‘മാന്‍ വേഴ്സസ് വൈല്‍ഡ്’ പരിപാടിയുടെ പ്രചാരണ വിഡിയോ ഡിസ് കവറി ചാനല്‍ പുറത്തുവിട്ട് മണിക്കൂറുകള്‍ക്കകമാണ് വിമര്‍ശനവുമായി പ്രതിപക്ഷ കക്ഷികള്‍ രംഗത്തുവന്നത്. പരിപാടിയുടെ അവതാരകനായ ബിയര്‍ ഗ്രില്‍സിനൊപ്പം ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലാണു മോദി വനാന്തര സാഹസിക യാത്ര നടത്തുന്നത്. പരിപാടിയുടെ പ്രചാരണ വിഡിയോ ഗ്രില്‍സ് തന്നെയാണ് ട്വിറ്ററില്‍ പുറത്തുവിട്ടത്. ഈ ട്വീറ്റ് മോദിയും പങ്കുവച്ചു. 45 സെക്കന്റാണ് വീഡിയോയുടെ ദൈര്‍ഘ്യം.പരിസ്ഥിതി സംരക്ഷണം മുഖ്യ തീം ആക്കിയുള്ള പരിപാടിക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

44 സിആര്‍പിഎഫ് ജവാന്മാര്‍ പുല്‍വാമയില്‍ വീരമൃത്യു വരിച്ച സമയത്ത് പ്രധാനമന്ത്രി ഈ പരിപാടിയുടെ ഷൂട്ടിങ്ങിനായി സമയം ചെലവഴിക്കുകയായിരുന്നു. പുല്‍വാമ സംഭവം അറിഞ്ഞശേഷവും പ്രധാനമന്ത്രി ഷൂട്ടിങ് ആസ്വദിക്കുകയായിരുന്നു. യാതൊരു വിഷമവും കൂടാതെ അദ്ദേഹം ചിരിക്കുന്നത് ടീസറില്‍ വ്യക്തമാണെന്നു ഷമ ട്വിറ്ററില്‍ കുറിച്ചു.കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയും നരേന്ദ്ര മോദിക്കെതിരെ രംഗത്തു വന്നു. നൂതനമായ പൊതുജനസമ്പര്‍ക്ക പരിപാടികള്‍ അവതരിപ്പിക്കുന്നതില്‍ പ്രധാനമന്ത്രി മുന്‍നിരക്കാരനാണെന്നു മെഹബൂബ ട്വിറ്ററില്‍ കുറിച്ചു.

ഫെബ്രുവരി 14ന് കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണം നടന്ന സമയത്താണ് മോദി വിഡിയോ ചിത്രീകരണത്തില്‍ പങ്കെടുത്തതെന്ന് അന്നുതന്നെ പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു. ഷൂട്ടിങ്ങിന്റെ ചിത്രങ്ങള്‍ സഹിതമാണ് അന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചതും.