മുത്തലാഖ് നിരോധന ബില്‍ രാജ്യസഭ പാസ്സാക്കി

ന്യൂഡല്‍ഹി: ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ മുത്തലാഖ് നിരോധന ബില്‍ രാജ്യസഭ പാസ്സാക്കി.84 നെതിരെ 99വോട്ടുകള്‍ക്കാണ് ബില്‍ രാജ്യസഭ പാസ്സാക്കിയത്.മുമ്പ് 78നെതിരെ 302വോട്ടുകള്‍ക്ക് ലോക്സഭയില്‍ ബില്‍ പാസായിരുന്നു.

ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നതാണ് ബില്‍. മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്നുവര്‍ഷം വരെ ജയില്‍ശിക്ഷയും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നത്. ഇനി ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടും.രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും.

കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്. ജെ.ഡി.യു, എ.ഐ.എ.ഡി.എം.കെ എന്നീ കക്ഷികള്‍ വിട്ടുനിന്നു. മഹാത്മാ ഗാന്ധി, റാം മനോഹര്‍ ലോഹ്യ, ജയപ്രകാശ് നാരായണ്‍ തുടങ്ങിയവരുടെ ആശയങ്ങളാണു തങ്ങള്‍ പിന്തുടരുന്നതെന്നും ബില്ലിനെ എതിര്‍ക്കുന്നതായും ഇറങ്ങിപ്പോകുന്നതിനു മുന്‍പ് ജെ.ഡി.യു അംഗം ബസിഷ്ട നരെയ്ന്‍ സിങ് പറഞ്ഞു. ഈ നിയമം ആയുധമാക്കുന്നതിനാണ് ബില്‍ കൊണ്ടുവരുന്നതെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതിയിലൂടെ നമ്മുടെ പെണ്‍മക്കള്‍ ഉയരങ്ങളിലെത്തുകയാണ്. ലിംഗനീതി, സമത്വം, മാന്യത എന്നിവയെല്ലാം മുത്തലാഖ് ബില്ലിന്റെ ഉള്ളടക്കമാണ്. ഇന്ത്യ മതേതരമാണെങ്കില്‍ എന്തുകൊണ്ടു നമുക്ക് മുത്തലാഖ് നിരോധിക്കാന്‍ സാധിക്കുന്നില്ല. 20ല്‍ അധികം രാജ്യങ്ങള്‍ ഇതു നിയന്ത്രിച്ചിട്ടുണ്ട്. 2017ല്‍ സുപ്രീം കോടതി ഉത്തരവിനുശേഷം നിയമവിരുദ്ധമായ 574 കേസുകളാണു ശ്രദ്ധയില്‍പെട്ടതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

അതേസമയം ബില്ലില്‍ ഒരു വിഭാഗത്തിലെ സ്ത്രീകളെക്കുറിച്ചു മാത്രമാണു പറയുന്നതെന്നു പ്രതിപക്ഷം തിരിച്ചടിച്ചു. രാജ്യത്തെ എല്ലാ സ്ത്രീകളെക്കുറിച്ചും സര്‍ക്കാര്‍ ആശങ്കപ്പെടാത്തതെന്തെന്നും പ്രതിപക്ഷം ചോദിച്ചു. ബില്‍ ഇസ്‌ലാം മതവിഭാഗത്തെ വളരെ മോശമായാണു ലക്ഷ്യമാക്കുന്നത്. സുപ്രീം കോടതി മുത്തലാഖ് ബില്‍ ബില്‍ നിയമവിരുദ്ധമാണെന്നു പ്രഖ്യാപിച്ചിട്ടുണ്ടെന്നും പ്രതിപക്ഷം വ്യക്തമാക്കി. ബില്‍ സെലക്ട് പാനലിനു വിടുകയാണു വേണ്ടതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.