പൊലീസുകാരന്റെ ആത്മഹത്യ; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഭാര്യ

പാലക്കാട്: പാലക്കാട് പൊലീസ് ഉദ്യോഗസ്ഥന്‍ കുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഭാര്യ സജിനി ആവശ്യപ്പെട്ടു. നിലവിലെ അന്വേഷണത്തില്‍ തങ്ങള്‍ തൃപ്തരല്ലെന്നും ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു.

കുമാറിന്റെ ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശിക്കുന്ന പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിയെ കാണാനെത്തിയപ്പോള്‍ ആണ് സജിനി അന്വേഷണത്തിലെ അതൃപ്തി അറിയിച്ചത്.

പരാതിയില്‍ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പാലാക്കാട് ജില്ലാ പൊലീസ് മേധാവി കുമാറിന്റെ കുടുംബത്തിന് ഉറപ്പു നല്‍കി.

ജോലിസ്ഥലത്തെ അവഹേളനവും അധിക്ഷേപവും കാരണം ജീവിക്കാന്‍ വയ്യെന്നാണു കത്തില്‍ കുമാര്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 25 ന് രാത്രിയാണ് ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷന് സമീപത്ത് കുമാറിനെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കാണപ്പെട്ടത്. കേസില്‍ തൃശൂര്‍ റേഞ്ച് ഡിഐജിയുടെ നിര്‍ദേശപ്രകാരം സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണം തുടരുകയാണ്.