കർക്കടകവാവും ചന്ദ്രയാൻ രണ്ടും

മഹിഷാസുരൻ

ഈ തലക്കെട്ട് വായിക്കുന്ന നാസ്തികർ മനസ്സിൽ കുറേ പുലഭ്യം പറഞ്ഞു തുടങ്ങുമ്പോൾ, ആസ്തികർ ഇയാൾക്കെന്തിൻ്റെ കേടാണെന്നാവും ചിന്തിക്കുക!

ഭാരതീയ വിശ്വാസങ്ങൾ പ്രകാരം പ്രപഞ്ചത്തിലെ പാതാളം മുതൽ സത്യലോകം വരെ പതിനാലു ലോകങ്ങളിൽ മദ്ധ്യഭാഗത്ത് ഭൂമിയും,ഭൂമിക്ക് നേർമുകളിൽ പിതൃക്കളുടെ ലോകമാകുന്ന ഭുവർലോകവുമാണ്; അത് ചന്ദ്രനാണെന്നും മരിച്ചവർ ചന്ദ്രന്റെ അന്ധകാരമാനമായ ഭാഗത്തുള്ള പിതൃ ലോകത്തേക്ക് ഉയർത്തപ്പെടുന്നു. അവിടെനിന്ന് അവർ പുനർജ്ജനിക്കുകയോ, മറ്റു ലോകങ്ങളിലേക്ക് പോകുകയോ, മോക്ഷപ്രാപ്തി ലഭിച്ച് ദൈവത്തിനൊപ്പം സ്ഥാനം ലഭിക്കുകയോ ചെയ്യുന്നു. ഋഗ്വേദത്തിൽ നമ്മൾ കാണുന്ന 33 ദേവതകളും ഇവിടുണ്ട്, വസുക്കൾ, രുദ്രൻമാർ, ആദിത്യന്മാർ എന്നീ‍ മൂന്നുതരം ദേവതകൾ തർപ്പണങ്ങൾ സ്വീകരിച്ച് അതത് പിതൃക്കൾക്കെത്തിക്കുകയും അത് സ്വർഗ്ഗത്തിലേക്കുള്ള യാത്രക്കിടയിൽ അവർക്ക് പാഥേയം ആയി ഭവിക്കുകയും ചെയ്യുന്നു.

ചന്ദ്രൻ്റെ ഈ ഇരുളടഞ്ഞ ദക്ഷിണധ്രുവത്തിലേയ്ക്കാണു നമ്മൾ ചന്ദ്രയാൻ 2 വിക്ഷേപിച്ചിരിക്കുന്നതും, സോഫ്റ്റ് ലാൻഡിംഗ് നടത്താൻ പോകുന്നതും! അതയത് അടുത്ത കർക്കിടകവാവിനു അരി, പൂവ്, ജലം, എള്ള് തുടങ്ങിയവകൂടാതെ പിതൃക്കൾക്ക് ഫസ്റ്റ് ഐഡ്ഡുകൂടി ഉൾപ്പെടുത്തേണ്ടിവരുമെന്നു തോന്നുന്നു!

ബുദ്ധമതതത്വങ്ങൾ അവരുടെ വിഹാരങ്ങൾക്കൊപ്പം പിടിച്ചെടുത്ത് ഭാരതീയ പുരാണങ്ങളിൽ കൂട്ടിച്ചേർക്കുമ്പോൾ, ഏച്ചുവച്ചാലുണ്ടാകുന്ന മുഴച്ചുനിൽക്കലുകളാണിവ! പ്രപഞ്ചികലോകവുമായി, തരംഗങ്ങളുമായി താദാത്മ്യം പ്രാപിക്കാൻ കഴിവുണ്ടായിരുന്ന ഋഷിമാരുടെ ലിഖിതങ്ങളിൽ, ഹോരശാസ്ത്രത്തിനപ്പുറം സാമാന്യബുദ്ധിപോലുമില്ലാത്ത ക്രൂരന്മാരായ കൊള്ളക്കാർ തിരുത്തലുകൾ വരുത്തുമ്പോൾ ഉണ്ടാകുന്ന പൊരുത്തക്കേടുകൾ പലപ്പോഴും പുരാതനമായ അറിവുകളെപ്പോലും വിഷലിപ്തമാക്കുന്നതും, അവയുടെ വിശ്വസനീയത തകർപ്പെടുകയും ചെയ്യുന്നുണ്ട്.

ഒരു കാര്യമുള്ളത് ആഷാഢത്തിലെ അമാവാസി പിതൃക്കളുടെ ദിനമായി ആചരിക്കുന്നത് ഭാരതീയർ മാത്രമല്ല, ചൈനക്കാരും, ജപ്പാങ്കാരും, ടിബറ്റുകാരുമൊക്കെ ഇതാചരിക്കുമ്പോൾ, ക്രിസ്തുമസ്സും, ഈദുമൊന്നുമല്ല, ഭൂമിയിലെ പകുതിമനുഷ്യരും ഇതാചരിക്കുന്നു, ലോകത്ത് ഏറ്റവുമധികം ആളുകൾ ആചരിക്കുന്ന ആചാരം ഇതാണെന്നതാണു വാസ്തവം!

ഉല്ലംബനം ശ്രീബുദ്ധന്റെ ശിഷ്യനായ മൌദ്ഗല്യായനുവേണ്ടി തുടങ്ങിയ ആചാരമാണ്. അതീന്ദ്രിയ ജ്ഞാനമുണ്ടായിരുന്ന മെദ്ഗല്യായൻ തന്റെ മരിച്ചുപോയ മാതാവ് ദുർഗ്ഗതിയായി പ്രേതലോകത്ത് വീണു കരയുന്നതായി അറിയുന്നു. ബുദ്ധനോട് അമ്മയെ രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച മൌദ്ഗല്യായനോട് സംഘം ചേർന്ന് ബലി അർപ്പിക്കണമെന്നും അതിനു ഏറ്റവുംപറ്റിയ സമയമാണ് ആഷാഢത്തിലെ അമാവാസിനാൾ എന്നും അദ്ദേഹം ഉപദേശിക്കുന്നു. ആവർഷം ഭിക്ഷുക്കൾ എല്ലാംചേർന്ന് നദീതീരത്ത് കൂട്ടഉല്ലംബനം (വീണ ജീവനെ നേരെ നീർത്തുക എന്ന് സംസ്ക്കൃതത്തിൽ അർത്ഥമുള്ള) ചെയ്തു.

എല്ലാ രാജ്യങ്ങളിലും ഇത് ഏഴാം ചന്ദ്രമാസത്തിലെ അമാവാസിയിൽ ആചരിക്കുന്നത്, “യു ലാൻ പെൻ” എന്ന Hungry Ghost Festival ആണ്. ജപ്പാനു ഉറബാനും, വിയറ്റ്നാമിനും ടിബറ്റിനുമൊക്കെ ഉല്ലംബനവുമാണ്. മലേഷ്യയിലെ പെന്നാങ്ങിൽ ഇതിനെ ചൈനീസ്സ് “ത്സിയോങ്ങ് യുവാൻ ജീ” അല്ലെങ്കിൽ “യൂലാൻ” എന്ന ഉത്സവം തന്നെയാണ്. നഗരങ്ങളിൽ ചൈനക്കാരുടെ പിതൃലോകാധിപൻ “ഡാ ഷി യേ” യുടെ വലിയ രൂപം കടലാസ്സിൽ സൃഷ്ടിച്ചുവച്ചാണു പൂജനടത്തുന്നത്; നദീതീരങ്ങളിൽ ജലതർപ്പണവും നടത്താറുണ്ട്. ചിത്രങ്ങൾ പരിശോധിച്ചാൽ പരലോകനാഥനായി അവർ സങ്കൽപ്പിക്കുന്നത് നമ്മളെപ്പോലെതന്നെ സാക്ഷാൽ പരമശിവനെത്തന്നെയാണെന്ന് ചൈനയിൽ നിന്നുള്ള ചിത്രത്തിൽക്കാണാം.

ഹിന്ദുമതത്തിൽ ബലിതർപ്പണമില്ല എന്നു പറയുന്നതു ശരിയല്ല, ശ്രീരാമൻ പിതാവിനു ബലിയിടുന്നുണ്ട്, ശ്രീകൃഷ്ണനും പൂർണ്ണസൂര്യഗ്രഹണസമയത്ത് കച്ച് ഉൾക്കടലിൻറ്റെ കരയിൽ ബലിയിടുന്നുണ്ട്; ബുദ്ധനേക്കാൾ മുമ്പാണ് ഇവർ രണ്ടാളും ജീവിച്ചിരുന്നത്.

ഞാനായി ഇനി ഒഴിഞ്ഞു നിൽക്കുന്നില്ല…

“മാതൃ വംശേ മൃതായേശ്ച പിതൃ വംശേ തഥൈവ ച
ഗുരു ശ്വശുര ബന്ധൂനാം യേ ചാന്യേ ബാന്തവാ മൃതാ
യേ മേ കുലെ ലുപ്ത പിണ്ഡാ: പുത്രധാര വിവർജിത
ക്രിയാ ലോപ ഹതാശ്ചൈവ ജാത്യന്താപങ്കവസ്തഥാ
വിരൂപാ ആമഗർഭാശ്ച ജ്ഞാതാ അജ്ഞാതാ കുലേ മമ
ഭൂമൗ ദത്തേന ബലിനാ തൃപ്തായാന്തു പരാം ഗതിം
അതീത കുല കോടീനാം സപ്ത ദ്വീപ നിവാസിനാം
പ്രാണീനാം ഉദകം ദത്തം അക്ഷൈയ്യമുപതിഷ്ഠതു”

പൂർവ്വികരുടെ സംഭാവനകളാണ് നമ്മളിന്നനുഭവിക്കുന്നതെന്നതിനാൽ, അവർക്കായി ഒരാചാരവും, ഒരു നന്ദിപ്രകടനവും അത്ര മോശമായ കാര്യമല്ല; സംസ്ക്കാരം തകർക്കാൻ ഇതിനെ എതിർക്കുന്നവരോടും, മാറ്റിയെഴുതുന്നവരോടും ഒന്നേ പറയാനുള്ളൂ, അഹങ്കാരമൊക്കെ ജീവിച്ചിരിക്കുന്നവരോടു പോരേ?