ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെന്‍ഡ് ചെയ്തു കൊണ്ട് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. സര്‍വ്വേഡയറക്ടര്‍ സ്ഥാനത്തു നിന്നുമാണ് ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെന്‍ഡ് ചെയ്തത്.

അതേസമയം, ശ്രീറാം വെങ്കിട്ടരാമന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. രക്തപരിശോധനാ ഫലം ഡോക്ടര്‍ പൊലീസിന് കൈമാറി.

മധ്യത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ വകുപ്പുകള്‍ ദുര്‍ബലപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. സാംപിള്‍ ശേഖരിക്കാന്‍ വൈകിയതാണ് മദ്യത്തിന്റെ അംശം ഇല്ലാതിരിക്കാന്‍ കാരണമായിരിക്കുന്നത്. അപകടം ഉണ്ടായി 9 മണിക്കൂറിന് ശേഷം മാത്രമായിരുന്നു സാംപിള്‍ എടുത്തത്.

അപകടസ്ഥലത്തെത്തിയ പൊലീസ് ശ്രീറാമിനെ വൈദ്യപരിശോധനക്ക് വിധേയനാക്കിയില്ല. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മദ്യത്തിന്റെ മണമുണ്ടെന്ന് പറഞ്ഞിട്ടും രക്തസാംപിള്‍ എടുക്കാന്‍ ആവശ്യപ്പെട്ടിരുന്നില്ല. കേസ് ഷീറ്റില്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മദ്യത്തിന്റെ മണമുണ്ടായിരുന്നെന്നാണ് കുറിച്ചത്.

ഒടുവില്‍ ശ്രീറാം സ്വന്തം ഇഷ്ടപ്രകാരം പോയ കിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു സാംപിള്‍ എടുത്തത്. ഇതിനിടെ മദ്യത്തിന്റെ അംശം കുറക്കാന്‍ സഹായിക്കുന്ന എന്തെങ്കിലും മരുന്നുകള്‍ ശ്രീറാം ഉപയോഗിച്ചോ എന്ന സംശയവും ഉണ്ട്.

ശ്രീറാം വെങ്കിട്ടരാമനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ട്രോമ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് ശ്രീറാം വെങ്കിട്ടരാമനെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ വിശദീകരണം. അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നാണ് ശ്രീറാമിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയത്. ശ്രീറാമിന് മാനസികാരോഗ്യ വിദഗ്ധന്റെ സേവനം ലഭ്യമാക്കാനും മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു.

എന്നാല്‍ ശ്രീറാമിന് കാര്യമായ ബാഹ്യ പരിക്കുകള്‍ ഇല്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.ആന്തരിക പരിക്കുകള്‍ ഉണ്ടോ എന്ന് അറിയാന്‍ സ്‌കാനിംഗ് അടക്കമുള്ള പരിശോധനകളുടെ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നാണ് മെഡിക്കല്‍ ബോര്‍ഡ് പറയുന്നത്. അടുത്ത മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും വരെ ഐസിയുവില്‍ തുടരുമെന്നാണ് വിവരം. 72 മണിക്കൂര്‍ ശ്രീറാം വെങ്കിട്ടരാമനെ നിരീക്ഷണത്തില്‍ വയ്ക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിലപാടെന്നും വിവരമുണ്ട്.

അതേസമയം ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച കോടതി വാദം കേള്‍ക്കും. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത്.

കേസില്‍ രാഷ്ട്രീയ, മാധ്യമ സമ്മര്‍ദ്ദമുണ്ടെന്ന് ശ്രീറാമിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ശ്രീറാമിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് പ്രോസിക്യൂഷന്‍ നീക്കം. ചൊവ്വാഴ്ച ജാമ്യഹര്‍ജിയില്‍ വാദം തുടങ്ങുമ്പോള്‍ പ്രോസിക്യൂഷന്‍ ഇക്കാര്യം ആവശ്യപ്പെടും.