എസ്.ഐയുടെ സസ്പെന്‍ഷനിലൂടെ പ്രശ്നം തീരുന്നില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ചു മരിച്ച കേസില്‍ പൊലീസ് വരുത്തിയ വീഴ്ചയില്‍ ഒരു എസ്.ഐയെ സസ്പെന്‍ഡ് ചെയ്തതു കൊണ്ട് മാത്രം പ്രശ്നം തീരുന്നില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

കേസിന്റെ അട്ടിമറി എസ്.ഐ മാത്രം വിചാരിച്ചാല്‍ സാധ്യമല്ലെന്നും അതിനാല്‍ സംഭവത്തിന് പിന്നിലെ എല്ലാ ഉദ്യോഗസ്ഥരെയും കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും ബഷീറിന്റെ ഭാര്യക്ക് ജോലിയും കുടുംബത്തിന് സംരക്ഷണവും സര്‍ക്കാര്‍ നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം,കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്.

സമൂഹത്തിന് മാതൃകയാകേണ്ട ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഇങ്ങനെ ചെയ്തത് ഗുരുതരമായ തെറ്റാണെന്നും അദ്ദേഹത്തിന് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും ഇക്കാര്യം കോടതി പരിഗണിച്ചില്ല.