ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്.

സമൂഹത്തിന് മാതൃകയാകേണ്ട ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഇങ്ങനെ ചെയ്തത് ഗുരുതരമായ തെറ്റാണെന്നും അദ്ദേഹത്തിന് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും ഇക്കാര്യം കോടതി പരിഗണിച്ചില്ല.

അപകട സമയം ശ്രീറാം മദ്യപിച്ചിരുന്നതായി തെളിവില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചത് ജാമ്യം ലഭിക്കുന്നതില്‍ നിര്‍ണായകമായി. വാഹനാപകടത്തെക്കുറിച്ച് മ്യൂസിയം പൊലീസ് തയ്യാറാക്കിയ കേസ് ഡയറിയും കോടതി വാദത്തിനിടെ പരിശോധിച്ചു. നേരത്തെ അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഭാഗങ്ങളും പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്.

ശ്രീറാമിനെ ഡോപുമിന്‍ ടെസ്റ്റിന് വിധേയനാക്കണമെന്ന് വാദി ഭാഗം വക്കീല്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസില്‍ സിറാജ് മാനേജ്‌മെന്റിന് വേണ്ടി ഹാജരായ അഭിഭാഷകനാണ് ഇക്കാര്യം ഉന്നയിച്ചത്.

അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ ലഹരിമരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയുന്നതിനാണ് പരിശോധന. അപകടമുണ്ടായ സമയം മുതല്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമായിരുന്നു മ്യൂസിയം ക്രൈം എസ്‌ഐയുമായി ചേര്‍ന്ന് ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയതെന്നും വാദിഭാഗം കോടതിയില്‍ പറഞ്ഞു. രക്തപരിശോധന പോലും ഒന്‍പതു മണിക്കൂറിന് ശേഷം മാത്രമാണ് ചെയ്തത്.

ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. അപകടത്തില്‍ പരിക്കേറ്റ് ശ്രീറാം ചികിത്സയില്‍ കഴിയുന്നതിനാല്‍ കസ്റ്റഡിയില്‍ വിടാന്‍ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കിയിരുന്നത്. ശ്രീറാം വെങ്കിട്ടരാമനെ തെളിവെടുപ്പ് ഉള്‍പ്പെടെ നടപടികള്‍ക്കായി കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.

നിലവില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ നിരീക്ഷണത്തിലുള്ള ശ്രീറാം ട്രോമ ഐസിയുവില്‍ തുടരുകയാണ്. തനിക്കെതിരെയുള്ള കേസിന് പിന്നില്‍ രാഷ്ട്രീയ, മാധ്യമ സമ്മര്‍ദ്ദമാണ് എന്നാണ് ശ്രീറാം ഉന്നയിക്കുന്ന പ്രധാന വാദം.