തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിന് സംസ്ഥാനത്തെ മുഴുവന്‍ പൊലീസിനെയും വിന്യസിച്ചെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. രക്ഷാപ്രവര്‍ത്തന നടപടികള്‍ക്ക് ഐജിമാര്‍ നേരിട്ട് മേല്‍നോട്ടം വഹിക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
കനത്ത മഴയില്‍ അകപ്പെട്ടവര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച് സംസ്ഥാന പൊലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 112 എന്ന നമ്പറിലേയ്ക്ക് വിളിക്കാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.ഈ നമ്പറിലേക്ക് എസ്എംഎസ് സന്ദേശങ്ങള്‍ അയ്ക്കുവാന്‍ സാധിക്കും. സംസ്ഥാനത്തിന്റെ ഏത് ഭാഗത്തുനിന്നും സഹായം അഭ്യര്‍ത്ഥിച്ച് ഈ നമ്പറിലേക്ക് വിളിക്കാവുന്നതാണ്.’112 ഇന്ത്യ’ എന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ചും സ്റ്റേറ്റ് എമര്‍ജന്‍സി റെസ്പോണ്‍സ് സെന്ററിന്റെ സഹായം തേടാവുന്നതാണ്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് എമര്‍ജന്‍സി റെസ്പോണ്‍സ് സെന്ററില്‍ ലഭിക്കുന്ന ഓരോ സന്ദേശവും എവിടെ നിന്നാണെന്ന് വളരെ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. ഈ സംവിധാനം എല്ലാ കണ്‍ട്രോള്‍ റൂം വാഹനങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ വിളിക്കുന്ന ആളുടെ സമീപപ്രദേശത്തുള്ള വാഹനം ഉടന്‍ തന്നെ സ്ഥലത്തെത്തും. ഇതുവഴി എത്രയും പെട്ടെന്ന് രക്ഷാപ്രവര്‍ത്തകരെ സ്ഥലത്തേയ്ക്ക് എത്തിക്കാനും കഴിയും.
വെളളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട് പോയവരെയും സഹായം വേണ്ടവരെയും സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നതിനും അടിയന്തര സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും പൊലീസ് രംഗത്തുണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. റോഡിലേക്ക് ഒടിഞ്ഞു വീഴുന്ന മരങ്ങളും മറ്റ് തടസ്സങ്ങളും നീക്കം ചെയ്ത് വാഹനഗതാഗതവും വാര്‍ത്താവിനിമയ സംവിധാനങ്ങളും പുന:സ്ഥാപിക്കുന്നതിന് പൊലീസ് എല്ലാ സഹായവും നല്‍കും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ഭരണകൂടങ്ങള്‍ എന്നിവയോടൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 
            


























 
				
















